ഉദ്ഘാടനമൊഴുകും സെൻ നദിയിലൂടെ
text_fieldsപാരിസ്: ആധുനിക ഒളിമ്പിക്സ് ഇന്നോളം കണ്ടിട്ടില്ലാത്ത വ്യത്യസ്തവും വൈവിധ്യമാർന്നതുമായ ഉദ്ഘാടനച്ചടങ്ങുകളാണ് പാരിസിൽ ഒരുക്കുന്നതെന്ന് സംഘാടകർ അവകാശപ്പെട്ടു. സ്റ്റേഡിയത്തിലാവില്ല ഇക്കുറി ഉദ്ഘാടനം. പാരിസിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന സെൻ നദിയാണ് ചടങ്ങുകൾക്ക് വേദിയാവുക. ആറ് കിലോമീറ്റർ ദൂരം അത് ലറ്റുകളെയും കലാകാരന്മാരെയും വഹിച്ച് ബോട്ടുകൾ സഞ്ചരിക്കും. നദിക്കരയിൽനിന്ന് കാണികൾക്ക് പരിപാടികൾ വീക്ഷിക്കാം. ഉദ്ഘാടനത്തിന് മുന്നോടിയായി സെൻട്രൽ പാരിസിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.
ഓസ്റ്റർലിറ്റ്സ് പാലത്തിൽനിന്ന് പുറപ്പെടുന്ന പരേഡ് നോട്രെ-ഡാം ഡി പാരിസ് കത്തീഡ്രലിലൂടെ സഞ്ചരിച്ച് ഈഫൽ ടവറിന് സമീപം എത്തിച്ചേരും. പോണ്ട് ഡെസ് ആർട്സ്, പോണ്ട് ന്യൂഫ് എന്നിവയുൾപ്പെടെ ഫ്രഞ്ച് തലസ്ഥാനത്തിന്റെ നിരവധി ലാൻഡ്മാർക്കുകൾക്ക് സമീപത്തുകൂടെ പാലങ്ങളും ഗേറ്റ്വേകളും കടന്നാണ് മുന്നോട്ടുപോവുക. ചരിത്രസ്മാരകങ്ങൾ, നദീതീരങ്ങൾ, ആകാശം, വെള്ളം എന്നിവ പ്രയോജനപ്പെടുത്തുമെന്ന് സംഘാടകർ പറഞ്ഞു. സംഗീതമോ നൃത്തമോ പ്രകടനമോ കൊണ്ട് നിറയാത്ത ഒരു നദീതീരമോ പാലമോ ഉണ്ടാകില്ല. ഷോയിൽ പന്ത്രണ്ട് ഭാഗങ്ങൾ ഉണ്ടാകും. ഫ്രാൻസിനെക്കുറിച്ചുള്ള സ്ഥിരം പല്ലവികളും പ്ലേ ചെയ്യും.
പ്രോട്ടോകോൾ (പ്രസംഗങ്ങൾ, രാഷ്ട്രത്തലവന്റെ ഉദ്ഘാടനം, ദേശീയ ഗാനങ്ങൾ മുതലായവ) ഉൾപ്പെടെ എല്ലാം ഒരുമിച്ച് നെയ്തെടുക്കും. പ്രാദേശിക സമയം വൈകുന്നേരം 7.30ന് ആരംഭിക്കുന്ന ചടങ്ങുകൾ ഏകദേശം നാല് മണിക്കൂർ നീണ്ടുനിൽക്കും. സൂര്യാസ്തമയ സമയമായ 9.35ഓടെ അത് പാരമ്യത്തിലെത്തുമെന്ന് സംഘാടകർ പറഞ്ഞു. ഷോയിൽ 100ലധികം രാഷ്ട്രത്തലവന്മാർ പങ്കെടുക്കും. വഴിയിൽ ഏകദേശം 80 കൂറ്റൻ സ്ക്രീനുകൾ ഉണ്ടായിരിക്കും. ഏകദേശം 10,500 അത്ലറ്റുകൾ ഉണ്ടാകും. മൂന്ന് ലക്ഷത്തിലധികം കാണികൾ നദീതീരത്ത് നിന്ന് കാണും. 2,22,000 പേർക്ക് സൗജന്യക്ഷണം ലഭിക്കുമെന്നും ബാക്കിയുള്ളവരെ ടിക്കറ്റ് വഴി പ്രവേശിപ്പിക്കുമെന്നും പാരിസ് 2024 കമ്മിറ്റി അറിയിച്ചു. അത്ലറ്റുകളെ വഹിക്കുന്ന ബോട്ടുകളിൽ ടി.വിയിലോ ഫോണിലോ കാണുന്നവർക്ക് ക്ലോസപ് വ്യൂ ലഭിക്കുന്നതിന് കാമറകൾ സജ്ജീകരിക്കുമെന്ന് സമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.