ചൊവ്വാഴ്ച രാവിലെ 49.9 കിലോ; പിന്നീട് ഭാരം കൂടിയത് ഇങ്ങനെ...
text_fieldsഭാരക്കൂടുതൽ മാറ്റാൻ കടുത്ത പഥ്യം സ്വീകരിച്ച ഫോഗട്ട് രണ്ടു ദിവസമായി ഭക്ഷണവും വെള്ളവും തീരെ കുറച്ചിരുന്നു. രാത്രി മുഴുക്കെ ബാഷ്പ സ്നാനവുമായി സോനയിൽ കഴിച്ചുകൂട്ടുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ പരിശോധനാസമയത്ത് 49.9 കിലോയിൽ നിന്ന താരം ചെറുതോതിൽ ഭക്ഷണം കഴിച്ചതിനുപിന്നാലെ ഭാരം 52.7കിലോ ആയി ഉയർന്നു. അത് കുറക്കാൻ ഒരു മിനിറ്റുപോലും ഉറങ്ങുകയോ ഒരു തുള്ളി വെള്ളം കുടിക്കുകയോ ചെയ്യാതെ നിന്നെങ്കിലും ബുധനാഴ്ച രാവിലെ പരിശോധനയിൽ ആശങ്കകൾ സ്ഥിരീകരിച്ച് 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തി. ശരാശരി 57 കിലോ ഭാരമുള്ള താരം നേരത്തെ 53 കിലോ വിഭാഗത്തിലാണ് മത്സരിച്ചുകൊണ്ടിരുന്നത്. ഇത്തവണ പിന്നെയും കുറച്ച് 50 കിലോ വിഭാഗത്തിലേക്ക് മാറുകയായിരുന്നു.
സാധാരണ ടൂർണമെന്റുകളിൽ രണ്ടുകിലോ വരെ ഇളവ് അന്താരാഷ്ട്ര ഗുസ്തി സമിതി അനുവദിക്കുന്നുണ്ട്. ഒളിമ്പിക്സ്, ലോക ചാമ്പ്യൻഷിപ്പുകൾ, ഏഷ്യൻ ചാമ്പ്യൻഷിപ് എന്നിവയിൽ ഇത് അനുവദിക്കുന്നില്ല. ഇത്തരം മത്സരങ്ങൾ രണ്ടു ദിവസങ്ങളിലായി പൂർത്തിയാകുന്നതിനാൽ ഈ രണ്ടു ദിവസവും ഭാരം പരിശോധിക്കണമെന്നാണ് ചട്ടം. ചൊവ്വാഴ്ച തൂക്കം കൃത്യമായിരുന്ന അവർ ടോപ് സീഡ് യുവി സുസാകി, ഒക്സാന ലിവാക്ക്, യുസ്നെയ്ലിസ് ഗുസ്മാൻ ലോപസ് എന്നിവരെ വീഴ്ത്തിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. കടുത്ത മത്സരങ്ങൾ തളർത്തിയതിനാൽ നിർജലീകരണം ഒഴിവാക്കാൻ നൽകിയ ഭക്ഷണമാണ് വില്ലനായത്. ഇത് രാജ്യത്തെ മൊത്തം കടുത്ത നിരാശയിലാഴ്ത്തി അയോഗ്യതയിലേക്ക് നയിക്കുകയും ചെയ്തു. അയോഗ്യതക്ക് പിറകെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അവർക്ക് ആവശ്യമായ ചികിത്സ നൽകി. ഫോഗട്ട് പുറത്തായതോടെ, സെമിയിൽ എതിരാളിയായിരുന്ന യുസ്നെയ്ലിസ്- ഗുസ്മാൻ ലോപസ് എന്നിവരാകും ഫൈനൽ പോരാട്ടത്തിൽ മാറ്റുരക്കുക. വെങ്കല മെഡൽ പോരാട്ടത്തിൽ ഫോഗട്ട് നേരത്തെ തോൽപിച്ച യുവി സുസാക, യുക്രെയ്ന്റെ ഒക്സാന ലിവാക് എന്നിവർ മുഖാമുഖം നിൽക്കും.
സ്വപ്നനേട്ടത്തിനരികെ അപ്രതീക്ഷിതമായി അയോഗ്യത കൽപിക്കപ്പെട്ടതിൽ ഞെട്ടലുമായി രാജ്യം മുഴുക്കെ രംഗത്തെത്തി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും മാത്രമല്ല, താരനിര മൊത്തത്തിലും അവർക്ക് പിന്തുണ അറിയിച്ചു.
അപ്പീലും തോൽക്കും
പാരിസ്: ഒളിമ്പിക്സിൽ ഭാരം കൂടിയതിന് അയോഗ്യത കൽപിക്കപ്പെട്ടതിനെതിരെ ഇന്ത്യ അപ്പീൽ നൽകിയാൽ ഫലമുണ്ടാകില്ലെന്ന് ഗുസ്തി രാജ്യാന്തര സമിതിയായ യുനൈറ്റഡ് വേൾഡ് റസ്ലിങ് അധ്യക്ഷൻ നെനാഡ് ലാലോവിച്ച്. ഓരോ മത്സരദിവസവും ഓരോ താരവും നിർബന്ധമായി വിധേയമാകേണ്ട ഭാര പരിശോധനയിൽ പരാജയപ്പെട്ടാൽ മറ്റു വഴികളില്ലെന്ന് ലാലോവിച്ച് പറഞ്ഞു. വിനേഷ് ഫോഗട്ടിനായി ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അപ്പീൽ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.