‘ട്രംപും മസ്കും ജെ.കെ. റൗളിങ്ങുമടക്കം അധിക്ഷേപിച്ചു’; ലിംഗസ്വത്വ വിവാദത്തിൽ പരാതി ഫയൽ ചെയ്ത് ഇമാൻ ഖലീഫ്
text_fieldsപാരിസ്: ലിംഗസ്വത്വ വിവാദമുയർമുയർന്നതിനു പിന്നാലെ തനിക്കെതിരെയുണ്ടായ സൈബർ അധിക്ഷേപങ്ങളിൽ നിയമ നടപടിയുമായി ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ അൾജീരിയൻ ബോക്സിങ് താരം ഇമാൻ ഖലീഫ്. ആഗസ്റ്റ് ഒന്നിന് നടന്ന മത്സരത്തിനു പിന്നാലെ തന്നെ അധിക്ഷേപിച്ചവരുടെ കൂട്ടത്തിൽ യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്ക്, പ്രമുഖ സാഹിത്യകാരി ജെ.കെ. റൗളിങ് എന്നിവരുടെയടക്കം പേരുകൾ ഉൾപ്പെടുത്തിയാണ് ഇമാൻ ലോ സ്യൂട്ട് ഫയൽ ചെയ്തത്.
ഓൺലൈൻ അധിക്ഷേപം ചൂണ്ടിക്കാണിച്ച് പാരിസ് പ്രോസിക്യൂട്ടറുടെ ഓഫിസിൽ വെള്ളിയാഴ്ചയാണ് പരാതി ഫയൽ ചെയ്തത്. ഇമാനെതിരെ സ്ത്രീവിരുദ്ധവും വംശീയവും ലൈംഗിക വിവേചനപരവുമായ പ്രചാരണമാണ് നടത്തിയതെന്ന് അഭിഭാഷകൻ നബീൽ ബൗഡി എക്സിൽ കുറിച്ചു.
66 കിലോഗ്രാം ബോക്‌സിങ് വിഭാഗത്തിൽ ആഗസ്റ്റ് ഒന്നിന് നടന്ന മത്സരത്തിൽ 46 സെക്കൻഡിനുള്ളിൽ എതിരാളിയെ പുറത്തായതിന് പിന്നാലെയാണ് ഇമാൻ സമൂഹമാധ്യമങ്ങളിൽ വിമർശനം നേരിട്ടത്. ഇമാൻ ഒരു ട്രാൻസ് പേഴ്‌സണാണെന്ന് മസ്‌കും റൗളിംഗും ഉൾപ്പെടെയുള്ളവർ എക്സിൽ കുറിച്ചു. ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ സ്ത്രീകളുടെ കായിക ഇനങ്ങളിൽ പുരുഷന്മാർ മത്സരിക്കുന്നത് തടയാൻ പോരാടുമെന്ന് പോസ്റ്റ് ചെയ്തു.
2023ലെ ലോക ചാമ്പ്യൻഷിപ്പിൽ ലിംഗ യോഗ്യതാ പരിശോധനക്കു പിന്നാലെ അയോഗ്യയാക്കപ്പെട്ടതാണ് ഖലീഫിനെ ചുറ്റിപ്പറ്റിയുള്ള ലിംഗവിവാദത്തിന്‍റെ പ്രധാന കാരണം. എന്നാൽ ഇമാനും അൾജീരിയൻ ഒളിമ്പിക് കമ്മിറ്റിയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഇത് നിഷേധിച്ചു.
മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള എക്‌സിൽ (ട്വിറ്റർ) നടത്തിയ അവരുടെ വിവാദ പരാമർശങ്ങൾ ഇമാന്‍റെ വിമർശകർക്കിടയിൽ വൈറലായി. എക്‌സിനെതിരെയാണ് കേസ് ഫയൽ ചെയ്തതെന്ന് ബൗഡി പറഞ്ഞു. ഫ്രഞ്ച് നിയമങ്ങൾ അനുസരിച്ച്, വിദ്വേഷകരമായ സന്ദേശങ്ങൾ എഴുതിയവർ ഉൾപ്പെടെ എല്ലാ ആളുകൾക്കെതിരെയും അന്വേഷണം നടത്താൻ പ്രോസിക്യൂഷന് അധികാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.