പൊന്നോളം മൂവർണ്ണം
text_fieldsപാരിസ്: സ്വർണമടക്കം ഏഴ് മെഡലുകൾ, 2020 ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ നടത്തിയത് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം. പാരിസിൽ അതും കടന്ന് മെഡൽ എണ്ണം രണ്ടക്കത്തിലെത്തിക്കാനാണ് ശ്രമം. ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിൽ ഏറ്റവും മുന്നിലുള്ളവരിതാ.
നീരജ് ചോപ്ര (പുരുഷ ജാവലിൻ ത്രോ)
അത്ലറ്റിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണം സമ്മാനിച്ച് ചരിത്രപുരുഷനായി മാറിയ നീരജ് ചോപ്ര ജാവലിൻ ത്രോ സ്വർണം നിലനിർത്താനാണ് പാരിസിൽ ഇറങ്ങുന്നത്. ടോക്യോയിൽ 87.58 മീറ്റർ എറിഞ്ഞ് സ്വർണം നേടിയ താരം പിന്നീട് ലോക ചാമ്പ്യൻഷിപ്പിലും ഡയമണ്ട് ലീഗിലും ഏഷ്യൻ ഗെയിംസിലും ചാമ്പ്യനായി. നീരജിന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം 89.94 മീറ്ററാണ്. ഈ വർഷം 88.36 മീറ്ററാണ് നീരജിന്റെ ബെസ്റ്റ് ത്രോ.
നിഖാത് സരീൻ (വനിത ബോക്സിങ്)
വനിത ബോക്സിങ് 50 കിലോയിൽ നിലവിലെ ലോക ചാമ്പ്യനും കോമൺവെൽത്ത് ഗെയിംസ് സ്വർണ ജേതാവുമാണ് നിഖാത് സരീൻ. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ പക്ഷേ, വെങ്കലത്തിലൊതുങ്ങിയെങ്കിലും പാരിസ് ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷയുണ്ട്.
ലവ്ലിന ബൊർഗോഹെയ്ൻ (വനിത ബോക്സിങ്)
ടോക്യോ ഒളിമ്പിക്സിൽ അരങ്ങേറി വനിത ബോക്സിങ് 64 -69 കിലോയിൽ വെങ്കലവുമായാണ് ലവ്ലിന ബൊർഗോഹെയ്ൻ മടങ്ങിയത്. പിന്നീട് മിഡിൽവെയ്റ്റ് കാറ്റഗറിയിലേക്ക് മാറി ലോക ചാമ്പ്യനുമായി. ഹാങ്ഷൂ ഏഷ്യൻ ഗെയിംസിൽ വെള്ളിയായിരുന്നു നേട്ടം.
സാത്വിക് -ചിരാഗ് ഷെട്ടി (പുരുഷ ബാഡ്മിന്റൺ ഡബ്ൾസ്)
ലോക ഒന്നാം നമ്പർ പുരുഷ ബാഡ്മിന്റൺ ഡബ്ൾസ് ജോടിയായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി -ചിരാഗ് ഷെട്ടി സഖ്യത്തിൽനിന്ന് ഇന്ത്യ സ്വർണംതന്നെ പ്രതീക്ഷിക്കുന്നുണ്ട്. തോമസ് കപ്പ് നേട്ടത്തിൽ നിർണായക പങ്കുവഹിച്ച കൂട്ടുകെട്ട് ലോക ചാമ്പ്യൻഷിപ് വെങ്കലം, ഏഷ്യൻ ചാമ്പ്യൻഷിപ് കിരീടം, ഏഷ്യൻ ഗെയിംസ് സ്വർണം എന്നിവയും നിരവധി കിരീടങ്ങളും നേടി. ബാഡ്മിന്റണിൽ ഇന്ത്യയുടെ ആദ്യ സ്വർണമെന്ന ചരിത്രമാണ് ലക്ഷ്യം.
പി.വി. സിന്ധു (വനിത ബാഡ്മിന്റൺ)
മൂന്ന് ഒളിമ്പിക് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമാവാനാണ് പി.വി. സിന്ധുവിന്റെ പുറപ്പാട്. ബാഡ്മിന്റണിൽ ഇന്ത്യക്ക് ലഭിച്ച മൂന്നിൽ രണ്ട് മെഡലുകളും ഹൈദരാബാദുകാരിയുടെ വകയായിരുന്നു. 2016 റിയോ ഡെ ജനീറോയിൽ വെള്ളിയും 2020ൽ ടോക്യോയിൽ വെങ്കലവും. ഇടക്കാലത്ത് പരിക്കുമൂലം പിറകിൽപോയെങ്കിലും സിന്ധുവിൽ പോരാട്ടവീര്യം ബാക്കിയുണ്ട്.
രോഹൻ ബൊപ്പണ്ണ -ശ്രീരാം ബാലാജി (പുരുഷ ടെന്നിസ് ഡബ്ൾസ്)
1996ൽ ലിയാൻഡർ പേസാണ് ഇന്ത്യക്ക് ടെന്നിസിൽ ഏക മെഡൽ സമ്മാനിച്ചത്. അറ്റ്ലാന്റ ഒളിമ്പിക്സിൽ വെങ്കലമായിരുന്നു പേസിന്റെ നേട്ടം. വെറ്ററൻ താരം രോഹൻ ബൊപ്പണ്ണയും എൻ. ശ്രീരാം ബാലാജിയും പുരുഷ ഡബ്ൾസിൽ ഇറങ്ങുന്നത് ഇന്ത്യയുടെ രണ്ടാം മെഡലിന് വേണ്ടിയാണ്. ആസ്ട്രേലിയൻ ഓപണിൽ മാത്യു എബ്ഡനൊപ്പം ഡബ്ൾസിൽ ഇറങ്ങി ഗ്രാൻഡ് സ്ലാം കിരീടം നേടിയ 44കാരൻ ബൊപ്പണ്ണ ലോക റാങ്കിങ്ങിൽ ഒന്നാമനുമായി. റോളങ് ഗാരോസിൽ ബൊപ്പണ്ണയും ബാലാജിയും ഇന്ത്യയെ നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കാം.
മീരാബായ് ചാനു (വനിത ഭാരോദ്വഹനം)
ടോക്യയിൽ വെള്ളി നേടിയ മീരാബായ് ചാനുവിന്റെ ലക്ഷ്യം സ്വർണമാണ്. ഹാങ്ഷൂ ഏഷ്യൻ ഗെയിംസിനിടെ പരിക്കേറ്റ് കണ്ണീരോടെ മടങ്ങിയ മീര, പാരിസിൽ 49 കിലോയിൽ ഇന്ത്യൻ മെഡൽ സ്വപ്നങ്ങളിലേക്ക് ഭാരമുയർത്തും.
ആന്റിം പൻഘൽ (വനിത ഗുസ്തി)
വിവാദങ്ങൾ പിടിച്ചുകുലുക്കിയ ഗോദയിൽനിന്ന് ഒളിമ്പിക് മെഡൽ ഇന്ത്യക്ക് ഇക്കുറി അഭിമാനപ്രശ്നംകൂടിയാണ്. ലോക ചാമ്പ്യൻഷിപ് വെങ്കല മെഡലുകാരി 53 കിലോയിൽ നാലാം സീഡാണ് പാരിസിൽ. രണ്ട് തവണ അണ്ടർ 20 ലോക ചാമ്പ്യനായിരുന്നു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിയും ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടി.
പുരുഷ ഹോക്കി ടീം
നാല് പതിറ്റാണ്ട് പിന്നിട്ട ഒളിമ്പിക്സ് മെഡൽ വരൾച്ചക്ക് അന്ത്യമിട്ട് ടോക്യോയിൽ പുരുഷ ഹോക്കി ടീം വെങ്കലം നേടിയിരുന്നു. കഴിഞ്ഞ വർഷം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യൻ ഗെയിംസ് സ്വർണവും നേടി. നാലാം ഒളിമ്പിക്സിനിറങ്ങുന്ന മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് മെഡലോടെ വിരമിക്കാൻ കാത്തിരിക്കുകയാണ്.
സിഫ്റ്റ് കൗർ സംറ (വനിത ഷൂട്ടിങ്)
സിഫ്റ്റ് കൗർ സംറ ഏഷ്യൻ ഗെയിംസ് വനിത ഷൂട്ടിങ് 50 മീ. റൈഫിൾ 3 പൊസിഷനിൽ സ്വർണം നേടിയത് ലോക റെക്കോഡ് കൂടി സ്ഥാപിച്ചാണ് (469.6). കഴിഞ്ഞ വർഷം ലോക ചാമ്പ്യനായ ചൈനയുടെ ഴാങ് ക്വിയോങ്ഗ്യൂവിനെ തോൽപിച്ചായിരുന്നു പ്രകടനം. ഒളിമ്പിക്സ് സെലക്ഷൻ ട്രൽസിലും ഒന്നാമതായിരുന്നു സിഫ്റ്റ് കൗർ.
ഓൾ ദ ബെസ്റ്റ് ഇന്ത്യ
സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാകണം. കഴിഞ്ഞ തവണ നീരജ് ചോപ്രയിലുടെ നമ്മൾ അത്ലറ്റിക്സിൽ സ്വർണം സ്വന്തമാക്കി. ഇത്തവണയും നീരജ് നേട്ടം ആവർത്തിക്കട്ടെ. മറ്റ് അത്ലറ്റുകളും മെഡൽ പട്ടികയിലെത്താൻ ആശംസിക്കുന്നു. ഹോക്കിയടക്കമുള്ള ഇനങ്ങളിലും ഇന്ത്യ മുന്നേറണമെന്നാണ് ആഗ്രഹം. ലോങ്ജംപിൽ പ്രതീക്ഷയായിരുന്ന മലയാളത്തിന്റെ സ്വന്തം എം. ശ്രീശങ്കറിന് പരിക്ക് കാരണം പാരിസിലെത്താൻ കഴിയാത്തത് സങ്കടമായി അവേശഷിക്കുന്നു. സുഹൃത്തുക്കളായ ബിജിയുടെയും മുരളിയുടെയും മകനാണവൻ. ഒരിക്കൽ കൂടി ഇന്ത്യൻ സംഘത്തിന് ആശംസകൾ.-ഷൈനി വിൽസൺ (1984, 88,1992, 96 ഒളിമ്പിക്സുകളിൽ പങ്കെടുത്ത താരം. 92ലെ ഇന്ത്യൻ ക്യാപ്റ്റൻ)
2012ലെ ലണ്ടൻ ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യാൻ കഴിഞ്ഞത് എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്നായാണ് കാണുന്നത്. 20 കി.മീ. നടത്തത്തിൽ പങ്കെടുത്ത് ദേശീയ റെക്കോഡ് സ്ഥാപിച്ചപ്പോൾ സന്തോഷം ഇരട്ടിയായി. ഏറ്റവും മികച്ച സംഘവുമായാണ് ഇന്ത്യ ഇക്കുറി പാരിസിലെത്തിയിരിക്കുന്നത്. തീർച്ചയായും അതിന്റെ ഫലം മെഡൽപട്ടികയിൽ കാണും.-കെ.ടി. ഇർഫാൻ (20 കി.മീ. നടത്തം, 2012 ലണ്ടൻ)
ചരിത്രത്തിലാദ്യമായി ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ ഇന്ത്യ സ്വർണം നേടുന്നത് അടുത്തുനിന്ന് കാണാൻ ഭാഗ്യമുണ്ടായി എനിക്ക്. ടോക്യോയിൽ നീരജ് ഭായ് ജാവലിൻ ത്രോയിൽ രാജ്യം എക്കാലവും കൊതിച്ച നേട്ടം സ്വന്തമാക്കി. അത്ലറ്റിക്സിൽ ഇന്ത്യക്ക് മെഡലുണ്ടാവുമെന്ന് അന്ന് ടോക്യോയിലേക്ക് പോവുന്നതിനു മുമ്പുതന്നെ തോന്നിയിരുന്നു. 400 മീ. ഹർഡ്ൽസിൽ രാജ്യത്തെ ഒളിമ്പിക്സിൽ പ്രതിനിധാനം ചെയ്യുന്ന ആദ്യ പുരുഷ താരമാവാൻ കഴിഞ്ഞതിലും ചാരിതാർഥ്യമുണ്ട്. എക്കാലത്തെയും മികച്ച പ്രകടനം ഇക്കുറി ടീം ഇന്ത്യക്ക് നടത്താനാവട്ടെ എന്ന് ആശംസിക്കുന്നു.-എം.പി. ജാബിർ (400 മീ. ഹർഡ്ൽസ്, 2020 ടോക്യോ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.