ഉന്നം മറക്കരുത്; ഷൂട്ടിങ്ങിൽ റെക്കോഡ് താരപ്പടയുമായി ഇന്ത്യ
text_fieldsപാരിസ്: പഴയ പടനായകന്മാരില്ലെങ്കിലും മെഡൽ പ്രതീക്ഷകൾ കുന്നോളം കൂടെ കൂട്ടിയാണ് ഇത്തവണ ഷൂട്ടിങ് സംഘം ഫ്രഞ്ച് നഗരമായ ചാറ്ററോക്സിൽ മെഡലിലേക്ക് അവസാനവട്ട ഒരുക്കങ്ങൾ നടത്തുന്നത്. ഇന്ത്യയുടെ 21 അംഗ ഷൂട്ടിങ് സംഘം അംഗബലത്തിൽ റെക്കോഡാണ്. വലിയ വിലാസങ്ങളുണ്ടായിട്ടും മെഡൽ കൈയകലെ നിൽക്കുന്ന സീനിയർ അംഗങ്ങളെ മാറ്റിനിർത്തി നിലവിലെ പ്രകടനം മാത്രം പരിഗണിച്ചാണ് ഷൂട്ടർമാരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരിലൂടെ ഇന്ത്യക്ക് മെഡലുകളേറെ സ്വന്തമാക്കാനാകുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു. ഒളിമ്പിക്സിൽ 12 വർഷം മുമ്പാണ് ഈയിനത്തിൽ മെഡലെത്തിയത്. കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിലും ടീം നിരാശപ്പെടുത്തി. അതോടെയാണ് പ്രകടനമികവ് നിലനിർത്തുന്നവർക്ക് മാത്രം നറുക്ക് നൽകാമെന്ന തീരുമാനത്തിൽ ദേശീയ ഫെഡറേഷൻ എത്തിയത്. 10 മീറ്റർ എയർ റൈഫിളിൽ 2022 ലെ ലോക ചാമ്പ്യൻ രുദ്രാക്ഷ് പാട്ടീൽപോലും ട്രയൽസിൽ പാളിയപ്പോൾ ടീമിന് പുറത്തായി. സന്ദീപ് സിങ് ആയിരുന്നു പകരം ടിക്കറ്റുറപ്പിച്ചത്. തന്നെക്കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രുദ്രാക്ഷ് ദേശീയ റൈഫിൾ അസോസിയേഷന് കത്തെഴുതിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. മനു ഭാകർ, ഐശ്വര്യ പ്രതാപ് സിങ് തോമർ, അൻജും മൂദ്ഗിൽ, ഇളവേണിൽ വളരിവൻ എന്നിവരൊകെ എല്ലാവരും മുൻനിര വേദികളിൽ കന്നിക്കാരാണ്. ഷൂട്ടിങ്ങിൽ 15 ഇനങ്ങളിൽ ടീം മാറ്റുരക്കുന്നുണ്ട്. 21 താരങ്ങളുമായി എത്തുന്ന ചൈനയാകും ഇന്ത്യക്ക് ഏറ്റവും കടുത്ത വെല്ലുവിളി ഉയർത്തുക.
താരങ്ങളുടെ പ്രകടന മികവിനൊപ്പം ഭാഗ്യംകൂടി കനിയണമെന്നതാണ് ടോക്യോ ഒളിമ്പിക്സ് നൽകുന്ന പാഠം. നിരവധി ലോക വേദികളിൽ മെഡൽ നേട്ടവുമായി രാജ്യത്തിന്റെ അഭിമാനമാകാനെത്തിയ മനു ഭാകർ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മത്സരിക്കുന്നതിനിടെ ടോക്യോയിൽ പിസ്റ്റൾ കേടുവന്ന് പുറത്താകുകയായിരുന്നു. അതിന്റെ ആഘാതം മറ്റു മത്സരങ്ങളിലും താരത്തെ വിടാതെ പിടികൂടി.
10 മീറ്റർ എയർ പിസ്റ്റൾ, 25 മീറ്റർ പിസ്റ്റൾ, 10 മീറ്റർ പിസ്റ്റൾ മിക്സഡ് ടീം ഇനങ്ങളിൽ ഭാകർ മത്സരിക്കുന്നുണ്ട്. ഏഷ്യൻ ഗെയിംസിൽ 50 മീറ്റർ റൈഫിൾ ത്രി പൊസിഷൻസിൽ സ്വർണമെഡൽ ജേതാവ് സിഫ്റ്റ് കൗർ സമ്രയും അൻജും മൂദ്ഗിലും ഈയിനത്തിൽ മെഡൽ തേടിയിറങ്ങുന്നുണ്ട്. 22കാരിയായ റിഥം സംഗ്വാൻ 10 മീറ്റർ എയർ പിസ്റ്റളിൽ ഭാകറിനൊപ്പം ഇറങ്ങുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.