ലോക്ക്ഡൗണിൽ ഒറ്റപ്പെട്ട ഞങ്ങൾ നേടിയെടുത്തത് മെഡൽ -ശ്രീജേഷ്
text_fieldsന്യൂഡൽഹി: പങ്കെടുത്ത ഓരോ തവണയും മെഡൽ പ്രതീക്ഷിച്ചിരുന്നതായും ടോക്യോ ഒളിമ്പിക്സിലാണ് അതിന് ഭാഗ്യമുണ്ടായതെന്നും ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ്. നാല് ഒളിമ്പിക്സുകളിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യുകയെന്നത് ആവേശകരമാണെന്നും മലയാളിയായ ശ്രീജേഷ് ‘സ്പോർട്സ് സ്റ്റാറി’ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. നാല് ഒളിമ്പിക്സുകളിൽ ഇന്ത്യക്കായി കളിക്കുന്ന ആദ്യ ഗോൾകീപ്പറാവാൻ ഒരുങ്ങുകയാണ് അദ്ദേഹം. ഏറെ വർഷങ്ങളുടെ ഇടവേളക്ക് ശേഷം ടോക്യോ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം ലഭിച്ചിരുന്നു.
“നാലാമത്തെ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത് ശരിക്കും ആവേശകരമാണ്. കാരണം, വളരെ കുറച്ചുപേർ മാത്രമേ ഇന്ത്യക്കു വേണ്ടി അത് നേടിയിട്ടുള്ളൂ. കൂടുതൽ ഉത്തരവാദിത്തം തോന്നുന്നു. മുമ്പത്തെ പതിപ്പ് മറ്റെല്ലാ പതിപ്പുകളേക്കാളും മികച്ചതായിരുന്നു. അതിനാൽ, ഇത്തവണ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. എന്നെ സംബന്ധിച്ചിടത്തോളം മികച്ച പ്രകടനം കാഴ്ചവെക്കുകയും ടീമിനെ പിന്തുണക്കുകയും ചെയ്യുക എന്നതാണ്. ഞങ്ങൾ പങ്കെടുത്ത ഓരോ തവണയും മെഡൽ പ്രതീക്ഷിച്ചിരുന്നു. ഒടുവിൽ ഞങ്ങൾക്ക് അത് കഴിഞ്ഞ തവണ ലഭിച്ചു. ഇത്തവണ, ഒരിക്കൽകൂടി അത് നേടിയെടുക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. ഈ ടീമിലെ 11 കളിക്കാരും കഴിഞ്ഞ തവണ വിജയിക്കാൻ എത്ര ബുദ്ധിമുട്ടായിരുന്നുവെന്ന് മനസ്സിലാക്കുന്നുവരാണ്’’ -ശ്രീജേഷ് പറയുന്നു. “ടോക്യോ ടീം തികച്ചും വ്യത്യസ്തമായിരുന്നു. കാരണം, കോവിഡ് ലോക്ക്ഡൗൺ ഞങ്ങൾക്ക് പരസ്പരം ബന്ധപ്പെടാനും മനസ്സിലാക്കാനും ഇടവും സമയവും നൽകി. ആ ടീം വ്യത്യസ്തമായി നിർമിക്കപ്പെട്ടു. ഞങ്ങൾ ഒറ്റപ്പെട്ടു. ഞാൻ എന്റെ മുറിയിലിരുന്ന് എല്ലാവരെയും കൈവീശി കാണിച്ചു. അങ്ങനെയാണ് ആശയവിനിമയം നടത്തിയിരുന്നത്. ഞങ്ങൾ സൂമിൽ പരിശീലന സെഷനുകൾ പോലും നടത്തി. നിലവിലെ ടീമിൽ നിന്ന് വ്യത്യസ്തമായ ഒരു ബന്ധം നേടാൻ അന്ന് ഞങ്ങളെ സഹായിച്ചു. എന്നാൽ, അസമയമോ സൗകര്യങ്ങളോ തന്ത്രങ്ങളോ ആകട്ടെ - എല്ലാം മാറുന്നു. ഇപ്പോൾ, ഞങ്ങളുടെ ടീമിൽ അഞ്ചോ ആറോ പുതിയ കളിക്കാരും ഒരു പുതിയ കോച്ചിങ് സ്റ്റാഫും ഉണ്ട്. എല്ലാം ടോക്യോയിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. എന്നാൽ, നിലവിൽ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ഏറ്റവും മികച്ച ടീമാണ് ഇതെന്ന് ഞാൻ വിശ്വസിക്കുന്നു” -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.