നീരജ് വിളിച്ചു; കോഴിക്കോട്ടുകാരൻ ഫായിസ് സൈക്കിൾ ചവിട്ടി പാരിസിൽ
text_fieldsപാരിസ്: കഴിഞ്ഞ വർഷം ആഗസ്റ്റിൽ ബുഡാപെസ്റ്റിൽ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ് നടക്കുന്ന സമയം. സൈക്കിളിൽ ലോകം ചുറ്റാനിറങ്ങിയ കോഴിക്കോട്ടുകാരൻ ഫായിസ് അഷ്റഫ് അലി അപ്പോൾ ഹംഗറിയുടെ തലസ്ഥാന നഗരത്തിലുണ്ടായിരുന്നു. ഒളിമ്പിക് ജാവലിൻ ത്രോ ചാമ്പ്യൻ നീരജ് ചോപ്ര ബുഡാപെസ്റ്റിൽ മത്സരിക്കുന്നുവെന്ന വിവരം അറിഞ്ഞതോടെ അദ്ദേഹത്തെ നേരിൽക്കാണാൻ ഫായിസിന് അതിയായ മോഹം. അത് സഫലമായപ്പോൾ ‘ലണ്ടനിലേക്ക് പോവുന്ന താങ്കൾക്ക് എന്തുകൊണ്ട് അടുത്ത വർഷം പാരിസ് ഒളിമ്പിക്സിന് വന്നുകൂടാ?’ എന്ന് ആരാഞ്ഞു നീരജ്. ആ ക്ഷണമാണ് എൻജിനീയറായ ഫായിസിനെ ഇപ്പോൾ പാരിസിലെത്തിച്ചിരിക്കുന്നത്. ഒളിമ്പിക് സ്വർണം നിലനിർത്താൻ അടുത്തയാഴ്ച നീരജ് ഇറങ്ങുമ്പോൾ പ്രോത്സാഹിപ്പിക്കാനും കൈയടിക്കാനും ഇദ്ദേഹം ഗാലറിയിലുണ്ടാവും.
ഒളിമ്പിക്സ് കാണുക ലക്ഷ്യമായതോടെ യാത്ര പദ്ധതികളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയതായി ഫായിസ് പറയുന്നു. ലണ്ടനിൽ പോയി വിസ നടപടികൾ ചെയ്തു. ‘നീരജിനെ ഒരിക്കൽകൂടി കാണാനാവുന്നതിന്റെ ആകാക്ഷയിലാണ് ഞാൻ. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയോട് ഇക്കാര്യം അഭ്യർഥിച്ചിട്ടുണ്ട്. നീരജ് വീണ്ടും ചരിത്രം കുറിക്കുന്നത് കാണാനാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. ആഗസ്റ്റ് എട്ടിന് അദ്ദേഹത്തിന് വേണ്ടി ഞങ്ങൾ ആർപ്പുവിളിക്കും’-ഫായിസ് വാർത്താ ഏജൻസിയോട് പറഞ്ഞു. 2022 ആഗസ്റ്റ് 15ന് സൈക്കിളിൽ ലോകം ചുറ്റാനിറങ്ങിയ യുവാവ് ഇതിനകം 30 രാജ്യങ്ങളും 22000 കിലോമീറ്ററിലധികം ദൂരവും പിന്നിട്ടു.
കോഴിക്കോട് തലക്കുളത്തൂർ കച്ചേരിവളപ്പ് പരേതനായ അഷ്റഫിന്റെയും ഫൗസിയയുടെയും മകനാണ് ഫായിസ്. ഇന്ത്യയിൽനിന്ന് ആരംഭിച്ച യാത്ര ഒമാൻ, സൗദി, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഇറാഖ്, ഇറാൻ, അർമീനിയ, ജോർജിയ, തുർക്കിയ, ഗ്രീസ്, മാസിഡോണിയ, സെർബിയ, ക്രൊയേഷ്യ, സ്ലൊവീനിയ, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, ചെക്ക്, ജർമനി, ഡെന്മാർക്, നോർവേ, പോളണ്ട്, സ്വീഡൻ, നെതർലൻഡ്സ്, ബെൽജിയം, യു.കെ തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് മുന്നേറിയത്. ആരോഗ്യ സംരക്ഷണം, ലോകസമാധാനം, സീറോ-കാർബൺ ഉറപ്പാക്കൽ, ലഹരിവിരുദ്ധ സന്ദേശങ്ങളുമായി ‘ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക്’ എന്നതാണ് യാത്രയുടെ മുദ്രാവാക്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.