ബാഡ്മിന്റൺ പുരുഷ സിംഗ്ൾസ് സെമിയിൽ ലക്ഷ്യ സെൻ ഇന്നിറങ്ങുന്നു
text_fieldsപാരിസ്: സെൻ നദിയുടെ കരയിൽ ചരിത്രമെഴുതാനൊരുങ്ങി ലക്ഷ്യ സെൻ. കരുത്തനായ മറ്റൊരു സെൻ ആണ് എതിരാളി. ലക്ഷ്യം വലുതാണ്. ജയിച്ചു കയറിയാൽ വെള്ളിപ്പതക്കമുറപ്പ്. മെഡലിലേക്ക് ലക്ഷ്യമിട്ട് ബാഡ്മിന്റൺ പുരുഷ സിംഗ്ൾസ് സെമിയിൽ ലക്ഷ്യ സെൻ ഇന്നിറങ്ങുന്നു. നിലവിലെ ജേതാവായ ഡന്മാർക്കിന്റെ വിക്ടർ അക്സൽസെന്നിനെയാണ് നേരിടുന്നത്. ചരിത്രമെഴുതിയാണ് ലക്ഷ്യ സെമിയിലെത്തിയതും. ആദ്യമായാണ് പുരുഷ സിംഗ്ൾസിൽ ഇന്ത്യയുടെ പുരുഷ താരം അവസാന നാലിലെത്തുന്നത്. ചൈനീസ് തായ്പേയിയുടെ ചൗ ടിയൻ ചെന്നിനെ 19-21, 21-15, 21-12 എന്ന സ്കോറിലാണ് ക്വാർട്ടറിൽ ലക്ഷ്യ ജയിച്ചത്. ആദ്യ സെറ്റ് തോറ്റ ശേഷമായിരുന്നു ഗംഭീര തിരിച്ചുവരവ്.
ടോക്യോ ഒളിമ്പിക്സിൽ സ്വർണവും റിയോയിൽ വെങ്കലവും നേടിയ അക്സൽ സെൻ 2017ലും 22ലും ലോകചാമ്പ്യനായിരുന്നു. 2016ൽ തോമസ് കപ്പും നേടി. നിരവധി സൂപ്പർ സീരീസ് വേൾഡ് ടൂർ കിരീടങ്ങളും ഈ ഡാനിഷ് താരത്തിന് സ്വന്തം. 2021 ഡിസംബർ മുതൽ കഴിഞ്ഞ ജൂൺ വരെ ലോക ഒന്നാം നമ്പറായിരുന്നു. 2021ൽ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ലക്ഷ്യ സെൻ എതിരാളിയോട് ഏഴുവട്ടം തോറ്റു. 2022ൽ ജർമൻ ഓപണിൽ അക്സൽ സെന്നിനെ തോൽപിച്ച ചരിത്രവും ലക്ഷ്യക്കുണ്ട്. എന്നാൽ, ലോകറാങ്കിങ്ങിൽ നാലാമതായ ജെനാതൻ ക്രിസ്റ്റിയെയും 11ാമതുള്ള ചൗ ടിയൻ ചെന്നിനെയും പാരിസിൽ ലക്ഷ്യ തോൽപിച്ചുകഴിഞ്ഞു.
ഈ സീസണിൽ അക്സൽ സെന്നിന് മലേഷ്യ മാസ്റ്റേഴ്സ് കിരീടം മാത്രമാണ് ലഭിച്ചത്. പരിക്ക് കാരണം കഴിഞ്ഞ ജൂണിൽ സിംഗപ്പൂർ ഓപൺ പൂർത്തിയാക്കാനായില്ല. ഇന്തോനേഷ്യ ഓപണും നഷ്ടമായി. പ്രതിരോധത്തിൽ കരുത്തനായ ലക്ഷ്യ ആക്രമണത്തിലും മോശമല്ല. വിന്നറുകൾ ഉതിർക്കുന്നതിലും മിടുക്കനാണ് ഈ യുവതാരം. 1.94 സെന്റീമീറ്റർ ഉയരമുള്ള അക്സൽ സെൻ ദയാദാക്ഷിണ്യമില്ലാതെ സ്മാഷ് പായിക്കുന്ന താരമാണ്. തന്റെ ഉയരത്തെ അതിഗംഭീരമായി മുതലെടുക്കും. ജയിച്ചാൽ ലക്ഷ്യക്ക് ഫൈനലിനൊപ്പം വെള്ളിമെഡൽ ഉറപ്പിക്കാം. തോറ്റാൽ വെങ്കല മെഡലിനായി പ്ലേഓഫ് മത്സരം ബാക്കിയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.