മെഡൽ പ്രതീക്ഷയോടെ മീരാഭായ് ചാനു
text_fieldsപാരിസ്: ടോക്യോ ഒളിമ്പിക്സിലെ വെള്ളി മെഡൽതിളക്കത്തിൽ ഇന്ത്യയുടെ വെയ്റ്റ്ലിഫ്റ്റിങ് താരം മീരാഭായ് ചാനു ബുധനാഴ്ച പാരിസിൽ കളത്തിലിറങ്ങുന്നു. ഇന്ത്യൻ സമയം രാത്രി 11ന് തുടങ്ങുന്ന വെയ്റ്റ്ലിഫ്റ്റിങ് 49 കിലോ വിഭാഗത്തിലാണ് ചാനു മത്സരിക്കുക. മുപ്പതാം പിറന്നാളാണ് നാളെ. രണ്ടാം ഒളിമ്പിക് മെഡൽ നേട്ടത്തോടെ ആഘോഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ മണിപ്പൂർ താരം. ഒപ്പം അത് സാധ്യമാകാൻ രാജ്യത്തിന്റെ അകമഴിഞ്ഞ പിന്തുണയുമുണ്ട്.
രണ്ട് ഒളിമ്പിക് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വെയ്റ്റ്ലിഫ്റ്റിങ് താരമാകാനുള്ള അവസരമാണ് ഇന്നത്തെ മത്സരത്തിലൂടെ ചാനുവിനെ കാത്തിരിക്കുന്നത്. ടോക്യോയിൽ 202 കിലോഗ്രാം (87+115) ഭാരം ഉയർത്തിയായിരുന്നു വെള്ളിമെഡൽ നേട്ടം. പാരിസിൽ ഫിറ്റ്നസ് പ്രശ്നങ്ങളും എതിരാളികളിൽനിന്നുള്ള കടുത്ത മത്സരവും വെല്ലുവിളിയാണ്. ഇടുപ്പിന് പരിക്കേറ്റതിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന ചാനു, ഒളിമ്പിക്സിന് ഒരുമാസം മുമ്പേ പാരിസിലെത്തി പരിശീലനം തുടങ്ങിയിരുന്നു. ചാനു പൂർണമായും സുഖം പ്രാപിച്ചതായി മുഖ്യ പരിശീലകൻ വിജയ് ശർമ വാർത്ത ഏജൻസിയോട് പറഞ്ഞു.
നിലവിലെ ഒളിമ്പിക് ചാമ്പ്യൻ ചൈനയുടെ ഹൗ സിഹുയി, അമേരിക്കൻ ചാമ്പ്യനും ലോക വെങ്കല മെഡൽ ജേതാവുമായ ജോർദാൻ ഡെലാക്രൂസ് എന്നിവരാണ് ചാനുവിന്റെ പ്രധാന എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.