'ഇയാൾ ലോകറെക്കോഡിൽ റെക്കോഡ് സൃഷ്ടിക്കും!' പോൾവാൾട്ടിൽ വീണ്ടും ചരിത്രമെഴുതി ഡുപ്ലാൻഡിസ്
text_fieldsപാരിസ്: പുരുഷ പോൾവാൾട്ടിൽ അത്ഭുതങ്ങൾ തീർത്ത് മുന്നേറുകയാണ് സ്വീഡന്‍റെ മോണ്ടോ ഡുപ്ലൻഡിസ്. 6.25 മീറ്റർ ഉയരം താണ്ടിയാണ് സ്വർണത്തിനൊപ്പം ഈ താരം പുതിയ റെക്കോഡും സ്വന്തമാക്കിയത്. ഒമ്പതാം തവണയാണ് ഡുപ്ലാൻഡിസ് സ്വന്തം പേരിലുള്ള ലോക റെക്കോഡ് മാറ്റിക്കുറിച്ചത്. 2020ൽ തുടങ്ങിയതാണ് ലോക റെക്കോഡുകൾ ഭേദിക്കൽ. പാരിസിലെ നേട്ടം തുടർച്ചയായ രണ്ടാം ഒളിമ്പിക് സ്വർണമാണ്. 6.10 മീറ്റർ താണ്ടിയപ്പോഴേ മോണ്ടോ സ്വർണം ഉറപ്പിച്ചിരുന്നു. പിന്നീട്, റെക്കോഡുകൾ തിരുത്താനുള്ള ഒറ്റയാൾ പോരാട്ടമായിരുന്നു. ഈ വർഷം ഏപ്രിലിൽ നടന്ന സിയമൻ ഡയമണ്ട് ലീഗിൽ ചാടിയ 6.24 മീറ്ററായിരുന്നു നിലവിലെ റെക്കോഡ്.
1952ലും 56ലും സ്വർണം നേടിയ അമേരിക്കയുടെ ബോബ് റിച്ചാർഡ്സിന് ശേഷം ഈയിനത്തിൽ ഒളിമ്പിക്സിലെ തുടർനേട്ടം ഇതാദ്യമാണ്. 2020 പോളണ്ടിൽ 6.16 മീറ്റർ ഉയർന്നാണ് മോണ്ടോ ഡുപ്ലൻഡിസ് ആദ്യമായി ലോക റെക്കോഡ് ഭേദിക്കുന്നത്. ഫ്രഞ്ച് പോൾവാൾട്ടറാണ് റെനൗഡ് ലാവില്ലെനിയുടെ റെക്കോഡായിരുന്നു മറികടന്നത്. ഒരാഴ്ചക്ക് ശേഷം ഗ്ലാസ്ഗോയിൽ പുതുക്കി. പിന്നീട് ആറുതവണ പുതിയ ഉയരം തേടി. ഒടുവിൽ ഒളിമ്പിക്സിലും.
ഇതിഹാസ താരമായിരുന്ന സെർജി ബുബ്ക്ക 1984 മുതൽ 94 വരെ 17 തവണയാണ് ലോക റെക്കോഡ് മെച്ചപ്പെടുത്തിയത്. ബുബ്ക്കക്കെതിരെ മത്സരിച്ചിരുന്ന അമേരിക്കൻ താരമായിരുന്ന ഗ്രെഗിന്റെയും സ്വീഡിഷ് ഹെപ്റ്റാത്ത്‍ലറ്റ് ആയിരുന്ന ഹെലനയുടെയും മകനാണ് മോണ്ടോ. ഏഴ് വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിലാണ് ആദ്യമായി റെക്കോഡ് നേടിയത്. അണ്ടർ 12, 17 പ്രായവിഭാഗങ്ങളിലെ റെക്കോഡും കുറിച്ചു. പിതാവ് ഗ്രെഗ് ആയ കാലത്ത് നേടിയ 5.80 മീറ്റർ എന്ന മികച്ച ഉയരം 17ാം വയസ്സിൽ ഈ അഭിമാന മകൻ താണ്ടി. 20ാം വയസ്സിൽ സീനിയർ തലത്തിൽ ലോക റെക്കോഡ് നേടിയ മോണ്ടോക്ക് ഇപ്പോൾ 24 വയസ്സ് മാത്രമാണ് പ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.