നീരജിന് വെള്ളി; പാക് താരം അർഷാദ് നദീമിന് ഒളിമ്പിക് റെക്കോഡോടെ സ്വർണം
text_fieldsപാരിസ്: 144 കോടി ജനങ്ങളുടെ പ്രതീക്ഷകളെ വാനോളം ഉയർത്തിയ ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര പാരിസിൽ വെള്ളി എറിഞ്ഞിട്ടു. നിലവിലെ ഒളിമ്പിക് ചാമ്പ്യനായ നീരജിന്റെ സ്വർണ പ്രതീക്ഷകൾക്ക് മേൽ പറന്നത് പാകിസ്താൻ താരം അർഷാദ് നദീമിന്റെ ജാവലിനായിരുന്നു.
89.45 മീറ്റർ എന്ന സീസണിലെ ഏറ്റവും മികച്ച ദൂരത്തിലേക്കാണ് നീരജ് എറിഞ്ഞതെങ്കിലും അമ്പരപ്പിക്കുന്ന പ്രകടനത്തോടെ പാക് താരം സ്വർണം എറിഞ്ഞിടുകയായിരുന്നു. 92.97 എന്ന ഒളിമ്പിക് റെക്കോഡോടെയാണ് പാക് താരം ഒന്നാമതായി. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു പാക് താരം വ്യക്തിഗത ഇനത്തിൽ ഒളിമ്പിക് മെഡൽ നേടുന്നത്. വ്യക്തിഗത ഇനത്തിലെ പാകിസ്താന്റെ ആദ്യ സ്വർണവുമാണ്.
88.54 മീറ്റർ ദൂരം കണ്ടെത്തി ഗ്രാനഡയുടെ പീറ്റേഴ്സ് ആൻഡേഴ്സൺ വെങ്കലം കണ്ടെത്തി.
പാക് താരത്തിന്റെ ആദ്യ ശ്രമം ഫൗളായിരുന്നെങ്കിലും രണ്ടാമത്തെ ശ്രമത്തിലാണ് റെക്കോഡ് ദൂരത്തിലേക്ക് എറിഞ്ഞത്. ആദ്യ ശ്രമം ഫൗളിൽ തുടങ്ങിയ നീരജും രണ്ടാം ശ്രമത്തിലാണ് മികച്ച ദൂരം കണ്ടെത്തിയത്. തുടർന്ന് നീരജിന്റെ മൂന്നും നാലും അഞ്ചും ആറും ശ്രമങ്ങൾ ഫൗളാകുകയായിരുന്നു.
അതേസമയം , ഇന്ത്യയുടെ ഉറച്ച സ്വർണ പ്രതീക്ഷയായ നീരജ് ചോപ്ര വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതോടെ പാരിസിലെ ഇന്ത്യയുടെ സ്വർണ മോഹങ്ങൾക്ക് ഏറെ കുറേ അവസാനമായി. പാരീസിൽ ഇന്ത്യയുടെ ആദ്യ വെള്ളിമെഡലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.