പൊരുതി വീണു; ഇന്ത്യക്ക് ഇനി വെങ്കല കാത്തിരിപ്പ്; ജർമനി ഫൈനലിൽ
text_fieldsപാരിസ്: ലോകചാമ്പ്യന്മാർക്ക് മുന്നിൽ വീണ് ഹോക്കിയിൽ ഇന്ത്യയുടെ സുവർണ പ്രതീക്ഷകൾ. ആവേശം അവസാന സെക്കൻഡുവരെ നീണ്ട സെമി പോരാട്ടത്തിൽ ഇന്ത്യയെ 3-2ന് വീഴ്ത്തി ജർമനി ഫൈനലിലെത്തി. ഇന്ത്യക്കിനി സ്പെയിനിനെതിരെ വെങ്കല മെഡൽ പോരാട്ടം. ഗൊൺസാലോ പീലറ്റും ക്രിസ്റ്റഫർ റൂഹറും മാർകോ മിൽറ്റ്കാവോ ജർമനിക്കായി വല കുലുക്കിയപ്പോൾ ഇന്ത്യൻ നിരയിൽ ഹർമൻപ്രീതും സുഖ്ജീത് സിങ്ങും ലക്ഷ്യം കണ്ടു.
ഹോക്കിയിൽ എട്ടു തവണ ഒളിമ്പിക് സ്വർണം നേടിയവരായിട്ടും 1980നു ശേഷം രാജ്യത്തെത്താത്ത കനകപ്പതക്കം തേടിയായിരുന്നു അവസാന നാലിലെ പോരിൽ ടീം ഇന്ത്യ ഇറങ്ങിയത്. ഇന്ത്യ ഉജ്വലമായി തുടങ്ങുകയും ലീഡ് പിടിക്കുകയും ചെയ്തായിരുന്നു കളിയാരംഭം. നിയന്ത്രണം പൂർണമായി വരുതിയിൽ നിർത്തി ടീം ആക്രമണം കനപ്പിച്ചതോടെ രണ്ടാം മിനിറ്റിൽ ആദ്യ പെനാൽറ്റി കോർണറെത്തി. തൊട്ടടുത്ത മിനിറ്റിൽ ഇന്ത്യക്ക് വീണ്ടും പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഗോൾ അകന്നുനിന്നു.
മിനിറ്റുകൾക്കിടെ മൂന്നാമതുമെത്തിയ പെനാൽറ്റി കോർണറിൽ ഹർമൻപ്രീത് എന്ന മാന്ത്രികൻ വല കുലുക്കി. താരം എടുത്ത ഡ്രാഗ് ഫ്ലിക്ക് ജർമൻ താരം സ്വിക്കറുടെ സ്റ്റിക്കിൽ തട്ടി ഉയർന്നുപൊങ്ങി ഗോളിയെ കാഴ്ചക്കാരനാക്കി വലക്കകത്തുകയറി. ആദ്യ പാദം തീരും വരെ ഇന്ത്യ തന്നെയായിരുന്നു ചിത്രത്തിൽ. തുടർന്നു പക്ഷേ, കളി മാറി. ജർമനിയുടെ മുന്നേറ്റങ്ങളേറെ കണ്ടു. 18ാം മിനിറ്റിൽ ജർമനി ഒപ്പമെത്തി. പെനാൽറ്റി കോർണർ അനായാസം വലയിലെത്തിച്ച് പീലറ്റ് ആയിരുന്നു സ്കോറർ. തൊട്ടുപിറകെ അതേ മിനിറ്റിൽ ജർമനി ലീഡും പിടിച്ചു. റൂഹർ എടുത്ത പെനാൽറ്റി സ്ട്രോക്ക് ഗോൾകീപർ പി.ആർ ശ്രീജേഷിനെയും കടന്ന് വലയിലെത്തുകയായിരുന്നു.
ആദ്യ പകുതിക്കു ശേഷം വർധിത വീര്യത്തോടെ പോര് കനപ്പിച്ച ഇന്ത്യക്കായിരുന്നു കളിയിൽ മേൽക്കൈ. മിനിറ്റുകൾക്കകം അതിന് ഫലവുമുണ്ടായി. പെനാൽറ്റി കോർണറിൽ ഹർമൻപ്രീതിന്റെ ഫ്ലിക്ക് സുഖ്ജീതിന്റെ സ്റ്റിക്കിൽ തട്ടി പോസ്റ്റിൽ കയറി. കളി അവസാന പാദത്തിലേക്കെത്തിയപ്പോൾ ജർമനി കൂടുതൽ കരുത്ത് കാട്ടിയത് ഏത് നിമിഷവും ഗോൾ വീഴുമെന്ന ആധി പരത്തി. ശ്രീജേഷ് എന്ന കാവലാൾ പലവട്ടം ടീമിന്റെ രക്ഷകനായതിനൊടുവിൽ 54ാം മിനിറ്റിൽ ജർമനി വിജയ ഗോൾ കുറിച്ചു. ഇടതുവിങ്ങിൽനിന്ന് ഹെന്റിക്സിന്റെ അസിസ്റ്റിൽ മാർകോ മിൽറ്റ്കാവോ ആയിരുന്നു ലക്ഷ്യം കണ്ടത്. അതിനിടെ, ശ്രീജേഷ് ഒഴിഞ്ഞ പോസ്റ്റിൽ പെനാൽറ്റി കോർണർ ലഭിച്ചത് ജർമനിക്ക് പിഴച്ചതും അവസാന സെക്കൻഡിൽ ഇന്ത്യക്കായി ഷംഷീർ ബാറിനു മുകളിലൂടെ പറത്തിയതും കണ്ട് കളി അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.