പാരിസിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷ; 10 മീറ്റർ എയർ പിസ്റ്റലിൽ മനു ഭാകർ ഫൈനലിൽ
text_fieldsപാരിസ്: ഒളിമ്പിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷ നൽകി മനു ഭാകർ. വനിതാ വിഭാഗം 10 മീറ്റർ എയർ പിസ്റ്റലിൽ മനു ഫൈനലിൽ കടന്നു. യോഗ്യത റൗണ്ടിൽ 580 പോയന്റുമായി മൂന്നാം സ്ഥാനത്താണ് 22കാരി ഫിനിഷ് ചെയ്തത്.
ഞായറാഴ്ച ഉച്ചക്കുശേഷം 3.30നാണ് ഫൈനൽ. ഇതേയിനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം റിഥം സങ്‍വാൻ 573 പോയന്‍റ് നേടിയെങ്കിലും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയില്ല. 15ാമതാണ് ഫിനിഷ് ചെയ്തത്. ഹംഗേറിയൻ താരം മെജർ വെറോണിക്കയും ദക്ഷിണകൊറിയൻ താരം ഒ യെ ജിന്നുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയത്. എട്ടു പേരാണ് ഫൈനൽ റൗണ്ടിനു യോഗ്യത നേടിയത്.
യോഗ്യതാ റൗണ്ടിൽ ഒരു സീരിസ് ബാക്കിയുള്ളപ്പോൾ ഇന്ത്യൻ താരം അഞ്ചാം സ്ഥാനത്തായിരുന്നു. അവസാന സീരിസിലാണ് മൂന്നാം സ്ഥാനത്തേക്കു കയറിയത്. 2022 ഏഷ്യൻ ഗെയിംസിൽ മനു ഭാകർ 25 മീറ്റർ പിസ്റ്റൽ ടീമിനത്തിൽ സ്വർണം നേടിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ലോക ചാമ്പ്യൻഷിപ്പിലും 25 മീറ്റർ പിസ്റ്റൽ ഇനത്തിൽ സ്വർണം സ്വന്തമാക്കി.
അതേസമയം, പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റലിൽ ഇന്ത്യയുടെ സരബ്ജോത് സിങ്ങിനും അർജുൻ സിങ് ചീമക്കും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാനായില്ല. ഇരുവരും യഥാക്രമം ഒമ്പത്, 18 സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.