പാരിസ് വിളിക്കുന്നു
text_fieldsപാരിസ്: ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിൽ ലോക കായിക മാമാങ്കമായ ഒളിമ്പിക്സിന് കൊടിയേറാൻ ഇനി 10 നാൾ. ഒളിമ്പിക്സിന്റെ 33ാം പതിപ്പിന് ജൂലൈ 26ന് ദീപം തെളിയും. ആഗസ്റ്റ് 11വരെ നടക്കുന്ന മേളയിൽ ഇരുനൂറിലേറെ രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് 10,500 കായികതാരങ്ങളാണ് അണിനിരക്കുക.
പാരിസിൽ ഒളിമ്പിക്സിനുള്ള അവസാനവട്ട ഒരുക്കം പുരോഗമിക്കുകയാണ്. ഇത്തവണ ഉദ്ഘാടനച്ചടങ്ങുകൾക്ക് പൊതുവേദിയിലാകും അരങ്ങുണരുക. സീന്‍ നദിയിലൂടെ ബോട്ടിൽ താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടത്താൻ തയാറെടുപ്പ് പൂർത്തിയായി വരുന്നു. മുൻ ഒളിമ്പിക്സുകളിൽനിന്ന് വ്യത്യസ്തമാകും ഉദ്ഘാടനവും തുടർന്നുള്ള പരിപാടികളുമെന്നാണ് സംഘാടകർ പറയുന്നത്. പാരിസ് നഗരം ഇതുവരെ കണ്ടിട്ടില്ലാത്ത ജനബാഹുല്യമായിരിക്കും ചടങ്ങിനുണ്ടാവുകയെന്നുമാണ് പ്രതീക്ഷ.
നൂറുവർഷത്തിനുശേഷമാണ് ഒളിമ്പിക്സിന് പാരിസ് ആതിഥേയരാകുന്നത്. 1924ലാണ് ഇതിനുമുമ്പ് വേദിയായത്. 1900ലും പാരിസായിരുന്നു ആതിഥേയർ. ലണ്ടനുശേഷം (1908, 1948, 2012) മൂന്നുതവണ ഒളിമ്പിക്സിന് വേദിയാകുന്ന ആദ്യ നഗരം.
ഫ്രഞ്ച് വിപ്ലവകാലത്ത് സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി ധരിച്ചിരുന്ന തൊപ്പിയായ ‘ഫീജ്’ ആണ് ഇക്കുറി ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം. മത്സരവേദികളിലെ സ്ത്രീ-പുരുഷ അനുപാതം 50:50 അനുപാതത്തിലാകുമെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. 202ൽ സ്ത്രീകളുടെ അനുപാതം 47.8 ശതമാനമായിരുന്നു. പ്രകൃതിസൗഹൃദ ഒളിമ്പിക്സാകും പാരിസിലേതെന്ന് സംഘാടകര്‍ പറയുന്നു. ടോക്യോ, റിയോ മേളകളിലെ കാര്‍ബണ്‍ ബഹിര്‍ഗമനം 35 ലക്ഷം ടണ്‍ ആയിരുന്നെങ്കില്‍ ഇക്കുറി അത് 17.5 ലക്ഷമായി കുറക്കാനാണ് ശ്രമം.
പ്രതീക്ഷയുടെ ചിറകേറി ഇന്ത്യ
പാരിസ്: ടോക്യോ ഒളിമ്പിക്സിലെ വലിയ തിളക്കത്തിന് മികച്ച തുടർച്ച തേടി ഇന്ത്യ ഇറങ്ങുമ്പോൾ ഇത്തവണ പ്രതീക്ഷകൾക്ക് കനമേറെ. ജാവലിൻ ത്രോയിൽ നിലവിലെ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര തന്നെ സുവർണ സ്വപ്നങ്ങളിൽ ഒന്നാമൻ. സ്ഥിരമായി 87-89 മീറ്ററിൽ ജാവലിൻ എറിയുകയും മുൻനിര ടൂർണമെന്റുകളിൽ വലിയ വിജയങ്ങൾ തുടരുകയും ചെയ്യുന്നതാണ് കാത്തിരിപ്പിന് നിറം നൽകുന്നത്. ഭാരോദ്വഹനത്തിൽ വെള്ളിമെഡൽ ജേതാവ് മീരാബായി ചാനു, ബാഡ്മിന്റണിൽ രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ പി.വി. സിന്ധു, ടോക്യോയിൽ വെങ്കലം നേടിയ പുരുഷ ഹോക്കി ടീം എന്നിവരും മോശക്കാരല്ല. ബോക്സിങ്ങിൽ ലവ്ലിന ബോർഗോഹെയ്ൻ, ഗുസ്തിയിൽ വിനേഷ് ഫോഗട്ട്, നിഖാത് സരിൻ, ഷൂട്ടിങ്ങിൽ സിഫ്റ്റ് കൗർ സംറ, ബാഡ്മിന്റണിൽ സാത്വിക്-ചിരാഗ് സഖ്യം, ഗോൾഫിൽ അദിതി അശോക് തുടങ്ങിയവരും മെഡൽ സ്വപ്നം കാണുന്നവർ. മലയാളി താരങ്ങളായ അബ്ദുല്ല അബൂബക്കർ, അമോജ് ജേക്കബ്, മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, മിജോ ജേക്കബ് കുര്യൻ എന്നിവരും മികച്ച പ്രകടനം നടത്തുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.