കമോൺ ഷൂട്ടേഴ്സ്
text_fieldsപാരിസ്: ഷൂട്ടിങ്ങിൽ ഇന്ത്യക്കുവേണ്ടി ഒളിമ്പിക് മെഡൽ നേടിയ ആദ്യ വനിതയായ മനു ഭാകർ മറ്റൊരു വെങ്കലത്തിനരികെ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ സരബ്ജോത് സിങ്ങിനൊപ്പം വെങ്കലപോരാട്ടത്തിന് യോഗ്യത നേടിയിരിക്കുകയാണ് താരം. 580 പോയന്റായിരുന്നു മൂന്നാം സ്ഥാനക്കാരായ മനു-സരബ്ജോത് കൂട്ടുകെട്ടിന്റെ സമ്പാദ്യമെങ്കിൽ ചൊവ്വാഴ്ച ഇവർ വെങ്കല മത്സരത്തിൽ നേരിടാനിരിക്കുന്ന ദക്ഷിണ കൊറിയയുടെ ഓഹ് യേ ജിൻ-ലീ വോൻഹോ സഖ്യത്തിന് 579 പോയന്റാണ് ലഭിച്ചത്. യോഗ്യത റൗണ്ടിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ ടീമായ റിഥം സാങ് വാൻ-അർജുൻ സിങ് ചീമ ജോടി 576 പോയന്റുമായി പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആദ്യ രണ്ടിലെത്തിയ തുർക്കിയ (582), സെർബിയ (581) താരങ്ങൾ തമ്മിലാണ് സ്വർണത്തിനുവേണ്ടി ഏറ്റുമുട്ടുക.
വെങ്കലത്തിനരികിൽ പിഴച്ച് ബബുത
പുരുഷ 10 മീറ്റർ എയർ റൈഫിളിൽ മെഡൽ മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ അർജുൻ ബബുത നാലാം സ്ഥാനത്തായതോടെ വെങ്കലവുമില്ല. ഈ വ്യക്തിഗത ഇനത്തിൽ 208.4 പോയന്റാണ് താരം സ്വന്തമാക്കിയത്. ചൈനയുടെ ഷെങ് ലിഹാവോ (252.2) സ്വർണവും സ്വീഡന്റെ വിക്ടർ ലിൻഡ്ഗ്രെൻ (251.4) വെള്ളിയും ക്രൊയേഷ്യയുടെ മിറാൻ മരിസിച് (230) വെങ്കലവും നേടി.
രമിതക്കും നിരാശ
വനിത 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ ഏഴാം സ്ഥാനമാണ് ഇന്ത്യയുടെ രമിത ജിൻഡാലിന് ലഭിച്ചത്. ആദ്യ എട്ടിലെത്തി മെഡൽപ്പോരാട്ടത്തിന് യോഗ്യത നേടിയ രമിതയുടെ സമ്പാദ്യം 145.3 പോയന്റായിരുന്നു. ദക്ഷിണ കൊറിയയുടെ ബാൻ ഹ്യോ ജിൻ (251.8) സ്വർണവും ചൈനയുടെ ഹുവാങ് യൂട്ടിങ് (251.8) വെള്ളിയും സ്വിറ്റ്സർലൻഡിന്റെ ഓഡ്രെ ഗോഗ്നിയാത് (230.3) വെങ്കലവും കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.