നീ രചിക്കണം
text_fieldsപാരിസ്: ടോക്യോയിൽ സ്വന്തമാക്കിയ സുവർണനേട്ടം ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ നീരജ് ചോപ്രക്ക് ഇന്ന് ഒളിമ്പിക്സിൽ ജാവലിൻത്രോയിൽ യോഗ്യത മത്സരം. പരിക്കലട്ടിയ സീസണുശേഷം മാറ്റുരക്കുമ്പോൾ യോഗ്യത മത്സരത്തിൽ മികച്ച ദൂരം കണ്ടെത്തി വ്യാഴാഴ്ചത്തെ ഫൈനലിലേക്ക് കുതിക്കുകയാണ് ആദ്യലക്ഷ്യം. അത്ലറ്റിക്സിൽ ഇന്ത്യ സ്വർണം നേടുന്നതു തന്നെ ആദ്യമായിട്ടായിരുന്നു. ഈ സ്വർണം നിലനിർത്തിയാൽ പുതുചരിത്രമാകും. വ്യക്തിഗത ഇനത്തിൽ തുടർച്ചയായ രണ്ട് സ്വർണം ഇന്ത്യക്കാരൻ നേടിയിട്ടില്ല. അഭിനവ് ബിന്ദ്രക്ക് ഷൂട്ടിങ്ങിൽ ആ നേട്ടം ആവർത്തിക്കാനായിരുന്നില്ല. ഒളിമ്പിക്സ് ചരിത്രത്തിൽ ജാവലിൻത്രോയിൽ സ്വർണം നിലനിർത്തിയ നാല് പേരുണ്ട്.
എറിക് ലെമ്മിങ് (സ്വീഡൻ-1908, 1912), ജോണി മൈറ (ഫിൻലൻഡ്- 1920, 1924), ചോപ്രയുടെ ആരാധനാപാത്രമായ യാൻ സെലെസ്നി (ചെക്ക് റിപ്പബ്ലിക്- 1992, 1996, 2000), ആൻഡ്രിയാസ് തോർക്കിൽഡ്സെൻ (നോർവേ-2004,2008) എന്നിവരാണ് പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സുവർണ മെഡലുകൾ നിലനിർത്തിയവർ. പരിക്ക് കാരണം ഈ വർഷം മൂന്നിനങ്ങളിൽ മാത്രമാണ് നീരജ് മത്സരിച്ചത്, ലോക ചാമ്പ്യൻ കൂടിയായ നീരജ് മികച്ച ദൂരം കണ്ടെത്തിയാണ് ഈ സീസണിൽ തിരിച്ചുവന്നത്. കഴിഞ്ഞ മേയിൽ ദോഹ ഡയമണ്ട് ലീഗിൽ സീസണിലെ ഏറ്റവും മികച്ച ദൂരമായ 88.36 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനം നേടിയിരുന്നു. തുടയിലെ പേശികളിലെ ബുദ്ധിമുട്ടുകൾ കാരണം മേയ് 28ന് ഓസ്ട്രാവ ഗോൾഡൻ സ്പൈക്ക് മത്സരത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു. ജൂണിൽ ഫിൻലൻഡിൽ നടന്ന പാവോ നൂർമി ഗെയിംസിൽ 85.97 മീറ്റർ എറിഞ്ഞ് സ്വർണം നേടി. 89.94 മീറ്ററാണ് നീരജിന്റെ മികച്ച വ്യക്തിഗത ദൂരം. ജൂലൈ ഏഴിന് പാരിസ് ഡയമണ്ട് ലീഗിൽ നിന്ന് നീരജ് പിന്മാറി. ചോപ്രയുടെ ഫിറ്റ്നസിനെക്കുറിച്ച് ആശങ്ക വേണ്ടെന്ന് പരിശീലകൻ അറിയിച്ചിരുന്നു. ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയതിനുശേഷം 15 മത്സരങ്ങളിൽ രണ്ടുതവണ മാത്രമാണ് 85 മീറ്ററിൽ താഴെ ഈ താരം ജാവലിൻ പായിച്ചത്. ദോഹ ഡയമണ്ട് ലീഗിൽ നീരജിനെ തോൽപിച്ച ടോക്യോ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവായ ചെക്ക് റിപ്പബ്ലിക് താരം യാക്കൂബ് വാഡ്ലെഷ്, ജർമനിയുടെ ജൂലിയൻ വെബർ, മുൻ ലോക ചാമ്പ്യൻ ആൻഡേഴ്സൺ പീറ്റേഴ്സ് എന്നിവരാണ് ഇന്ത്യൻ സൂപ്പർ താരത്തിന്റെ മുഖ്യ എതിരാളികൾ. കഴിഞ്ഞ വർഷം ഏഷ്യൻ ഗെയിംസിൽ 87.54 മീറ്റർ എറിഞ്ഞ് പാരിസിലേക്ക് ടിക്കറ്റ് നേടിയ കിഷോർ ജെനയാണ് പുരുഷന്മാരുടെ ജാവലിൻ മത്സരിക്കുന്ന മറ്റൊരു ഇന്ത്യൻ താരം, ഏഷ്യൻ ഗെയിംസിനു ശേഷം 80 മീറ്റർ കടക്കാൻ കിഷോർ ജനക്കായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.