ജാനേ അമൻ
text_fieldsപാരിസ്: ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഒളിമ്പിക് മെഡൽ ജേതാവിലേക്കുള്ള പ്രയാണത്തിൽ അമൻ സെഹ്റാവത്ത് തരണംചെയ്ത വഴികളിൽ ദുർഘടങ്ങൾ ഏറെയായിരുന്നു. പത്താം വയസ്സിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട അമനെ മുത്തച്ഛനാണ് വളർത്തിയത്. ഗുസ്തിയാണ് തന്റെ മാർഗമെന്ന് തിരിച്ചറിഞ്ഞതു മുതൽ അതിൽ വിജയത്തിലെത്താൻ കഠിനമായ പരിശ്രമം നടത്തി.
സുശീൽ കുമാർ, രവി ദഹിയ, ബജ്റങ് പൂനിയ പോലുള്ള പ്രമുഖ താരങ്ങൾ തുടങ്ങിയ ഗോദയിൽതന്നെയാണ് അമനും തുടങ്ങിയത്. 2022ൽ, 19ാം വയസ്സിൽ അണ്ടർ 23 ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി വരവറിയിച്ചു. ചാമ്പ്യൻഷിപ്പിൽ ഏറ്റവും പ്രായംകുറഞ്ഞ താരങ്ങളിൽ ഒരാളായിരുന്നു അമൻ. 2023ൽ, 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഏഷ്യൻ ചാമ്പ്യനായി. തൊട്ടുപിന്നാലെ നടന്ന ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ ജേതാവാണ്. ഒളിമ്പിക്സിൽ അരങ്ങേറ്റത്തിൽ തന്നെ മെഡൽ സ്വന്തമാക്കാൻ കഴിഞ്ഞു. തുടർച്ചയായ അഞ്ചാം ഒളിമ്പിക്സിലും അമനിലൂടെ ഗുസ്തിയിൽ ഇന്ത്യക്ക് മെഡൽ നേടാനായി എന്ന പ്രത്യേകതയുമുണ്ട്. മെഡൽ നേട്ടത്തിനു ശേഷം, 2028ല്‍ ലോസ്ആഞ്ജലസില്‍ സ്വര്‍ണത്തിനായി ശ്രമിക്കുമെന്നായിരുന്നു, ഈ 21കാരന്റെ വാക്കുകൾ.
ഹരിയാന സ്വദേശിയായ അമൻ പ്രീക്വാർട്ടറിലും ക്വാർട്ടറിലും മിന്നും വിജയമാണ് നേടിയത്. ഉത്തര മാസിഡോണിയയുടെ വ്ലാദിമിർ എഗോറോവിനെ 10-0ത്തിനും അൽബേനിയയുടെ സലിംഖാൻ അബകറോവിനെ 12-0ത്തിനും തോൽപിച്ചു. എന്നാൽ, സെമിയിൽ ലോക ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ ജപ്പാന്റെ റെയ് ഹിഗൂച്ചിയോട് തോൽവി വഴങ്ങി. പോർട്ടോറിക്കയുടെ ഡാരിയൻ ക്രൂസിനെ (13-5) വീഴ്ത്തിയാണ് വെങ്കലം കരസ്ഥമാക്കിയത്.
ഭാരം കൃത്യമാക്കാൻ ഉറക്കമില്ലാത്ത രാത്രി
57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മത്സരിക്കുന്ന അമൻ സെഹ്റാവത്തിന്റെ ഭാരം നിശ്ചിത പരിധിക്കുള്ളിലാണെന്ന് ഉറപ്പാക്കാൻ ഉറക്കമില്ലാതെ നിലകൊണ്ടതായി പരിശീലകൻ ജഗ്മേന്ദർ സിങ്ങും വീരേന്ദർ ദാഹിയയും പറഞ്ഞു. ഓരോ മണിക്കൂറിലും ഭാരപരിശോധന നടത്തി തൂക്കം കുറക്കാൻ പ്രത്യേക മുൻകരുതൽ സ്വീകരിച്ചു. ഗുസ്തിയിലെ ഇന്ത്യക്ക് കിട്ടിയ ഏക മെഡിലായി അമൻ സെഹ്റാവത്തിന്റേത്. ഭാരം തിരിച്ചടിയാകാതാതിരിക്കാന് അമന് 10 മണിക്കൂര്‍ പരിശ്രമിച്ച് 4.6 കിലോ ഭാരം കുറച്ചാണ് കലാശപ്പോരാട്ടത്തിനിറങ്ങിയത്. 2008 മുതല്‍ ഗോദയില്‍ കൊയ്ത നേട്ടങ്ങളുടെ തുടര്‍ച്ചയായി ഈ 21കാരന്റെ മെഡല്‍.
സെമിഫൈനൽ കഴിഞ്ഞശേഷം അമന്റെ ശരീരഭാരം 61.5 കിലോഗ്രാം ആയിരുന്നു. 4.50 കിലോ കൂടുതൽ. തുടർന്ന് തീവ്രപരിശ്രമത്തിലൂടെ മെഡൽ പോരാട്ടത്തിന് മുമ്പ് കുറച്ചത് 4.6 കിലോഗ്രാമാണ്. ഒന്നര മണിക്കൂർ നീണ്ട മാറ്റ് സെഷൻ, പരിശീലകർക്കൊപ്പം സ്റ്റാൻഡിങ് ഗുസ്തി, ആവിക്കുളി, ട്രെഡ്മിൽ ഓട്ടം, മറ്റു വ്യായാമമുറകൾ എന്നീ മാർഗങ്ങൾ ഭാരം കുറയാനായി ചെയ്തു. എന്നിട്ടും 900 ഗ്രാം അധികമായിരുന്നു. തുടർന്ന് ജോഗിങ്ങിലൂടെയും റണ്ണിങ് സെഷനിലൂടെയുമാണ് തൂക്കം നിശ്ചിത അളവിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.