മെഡലുകൾക്കൊപ്പം അവർക്കെന്തു കിട്ടും?
text_fieldsപാരിസ്: മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമായി മത്സരം ഒളിമ്പിക്സിലാകുമ്പോൾ താരത്തിനൊപ്പം ഒരു രാജ്യവും കൂടിയാണ് ജയിക്കുന്നത്. അതിനാൽ തന്നെ സ്വർണവും വെള്ളിയും വെങ്കലവും നേടുന്ന താരങ്ങൾക്ക് മിക്ക രാജ്യങ്ങളും പണമായും മറ്റു വിലപിടിച്ച വസ്തുക്കളായും സമ്മാനങ്ങൾ വാരിക്കോരി നൽകും.
വ്യക്തിഗത ചാമ്പ്യൻഷിപ്പുകളും ലോകപോരാട്ടങ്ങളുമാകുമ്പോൾ സംഘാടകർ തന്നെ വലിയ തുക പ്രൈസ് മണിയായി നൽകുന്നിടത്ത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അങ്ങനെയൊന്നും നൽകിയില്ലെങ്കിലും താരങ്ങൾ നിരാശപ്പെടേണ്ടിവരില്ലെന്ന് സാരം. എന്നാൽ, മെഡൽ വേട്ടക്കാർ ഏതു രാജ്യക്കാരാണോ അതിനനുസരിച്ച് ലഭിക്കുന്ന തുകയിലും വ്യത്യാസമുണ്ടാവുക സ്വാഭാവികം.
ഏറ്റവും കൂടുതൽ മെഡലുകൾ വാരിക്കൂട്ടുന്ന അമേരിക്കയോ ചൈനയോ അല്ല, ഏറ്റവും ഉയർന്ന തുക സമ്മാനം നൽകുന്നത്. അത് മറ്റു പലരുമാണ്. ഏഷ്യൻ രാജ്യങ്ങളായ ഹോങ്കോങ്, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവയാണ് പട്ടികയിലെ മുൻനിരക്കാർ. യഥാക്രമം 768,000 ഡോളർ (ഏകദേശം 6.45 കോടി രൂപ), 384,000 ഡോളർ (ഏകദേശം 3.22 കോടി രൂപ), 192,000 ഡോളർ (ഏകദേശം 1.61 കോടി രൂപ) എന്നിങ്ങനെയാണ് സ്വർണം, വെള്ളി, വെങ്കല മെഡൽ ജേതാക്കൾക്ക് ഹോങ്കോങ് നൽകുന്നത്.
രണ്ടു സ്വർണവും രണ്ടു വെങ്കലവുമായിരുന്നു ഹോങ്കോങ് പാരിസ് ഒളിമ്പിക്സിൽ സ്വന്തമാക്കിയത്- 37ാം സ്ഥാനം. ഒരു വെങ്കലം മാത്രം നേടി ബഹുദൂരം പിറകിലുള്ള സിംഗപ്പൂരാണ് സമ്മാനത്തുകയിൽ രണ്ടാം സ്ഥാനത്ത്. 745,000 ഡോളർ (ഏകദേശം 6.25 കോടി രൂപ), 373,000 ഡോളർ (ഏകദേശം 3.13 കോടി രൂപ), 186,000 ഡോളർ (ഏകദേശം 1.56 കോടി രൂപ) എന്നിങ്ങനെയാണ് സിംഗപ്പൂരുകാർക്ക് സമ്മാനമായി രാജ്യം നൽകുക. മൂന്നാമതുള്ള ഇന്തോനേഷ്യ 300,000 (ഏകദേശം 2.51 കോടി രൂപ) ഡോളർ, 150,000 ഡോളർ (ഏകദേശം 1.25 കോടി രൂപ), 60,000 ഡോളർ (ഏകദേശം 50 ലക്ഷം രൂപ) എന്നിങ്ങനെയും നൽകുന്നു.
ഹോങ്കോങ് അടുത്തിടെയാണ് സമ്മാനത്തുക വർധിപ്പിച്ചത്. നാലാം സ്ഥാനത്തുള്ള ഇസ്രായേൽ, ആതിഥേയരായ ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും പാരിസ് ഒളിമ്പിക്സ് മുൻനിർത്തി സമ്മാനത്തുക ഉയർത്തിയിരുന്നു. ഏറ്റവും കൂടുതൽ സ്വർണം വാരിക്കൂട്ടിയ യു.എസ് പട്ടികയിൽ 10ാമതുണ്ടെങ്കിൽ ചൈന ഏറെ പിറകിലാണ്. ചില രാജ്യങ്ങൾ പണമായി നൽകുന്നതിനുപുറമെ മറ്റു സമ്മാനങ്ങളും നൽകുന്നുണ്ട്. മലേഷ്യയിൽ താരങ്ങൾക്ക് ‘വിദേശ നിർമിത കാർ’ ലഭിക്കുമ്പോൾ ദക്ഷിണ കൊറിയയിൽ താരങ്ങൾക്ക് ആജീവനാന്ത പെൻഷനാണ് വാഗ്ദാനം. വാഹനങ്ങളിൽ സൗജന്യയാത്ര വരെ നൽകുന്ന രാജ്യങ്ങളുണ്ട്. എന്നാൽ, ബ്രിട്ടൻ, നോർവേ പോലുള്ള രാജ്യങ്ങൾ നേരിട്ട് സമ്മാനത്തുക നൽകാറില്ല.
അമിത്തിന് നാല് കോടി; സ്വപ്നിലിനും കുശാൽ
ഇതുവരെ പ്രഖ്യാപിച്ച കണക്ക് നോക്കുമ്പോൾ വെങ്കലം നേടിയ ഹോക്കി ടീമിലെ ഡിഫൻഡർ അമിത് രോഹിദാസാണ് ഇന്ത്യയിൽ ഏറ്റവും വലിയ തുക സമ്മാനമായി സ്വീകരിക്കാനൊരുങ്ങുന്നത്. അമിത്തിന്റെ സംസ്ഥാനമായ ഒഡിഷ താരത്തിന് നാല് കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോക്കി ടീമിലെ മറ്റു സംസ്ഥാനക്കാരായ താരങ്ങൾക്ക് ഒഡിഷ 15 ലക്ഷം വീതവും നൽകും. ഹോക്കി ഇന്ത്യയുടെ വക 15 ലക്ഷവുമുണ്ട്. ഷൂട്ടിങ്ങിൽ വെങ്കലം സ്വപ്നിൽ കുശാലിന് അദ്ദേഹത്തിന്റെ സംസ്ഥാനമായ മഹാരാഷ്ട്ര ഒരു കോടി രൂപ പ്രഖ്യാപിച്ചു. ഷൂട്ടിങ്ങിൽ ഇരട്ട വെങ്കലം നേടിയ മനു ഭാകറിന് കേന്ദ്ര യുവജന-കായിക മന്ത്രാലയം 30 ലക്ഷം നൽകും. മനുവിനൊപ്പം മെഡൽ നേടിയ സരബ്ജോത് സിങ്ങിന് 22.5 ലക്ഷമാണ് സമ്മാനം. ജാവലിൻ ത്രോയിൽ വെള്ളി സ്വന്തമാക്കിയ നീരജ് ചോപ്രക്കും ഗുസ്തി വെങ്കല ജേതാവ് അമൻ സെഹ്റാവത്തിനും ഇതുവരെ തുകയൊന്നും പ്രഖ്യാപിച്ചിട്ടില്ല.
മെഡലിനൊപ്പം സമ്മാനവും; ഇത് പാരിസ് സ്പെഷൽ
പാരിസ്: ഒളിമ്പിക്സിൽ സ്വർണവും വെള്ളിയും വെങ്കലവുമായി മെഡൽ നേട്ടമാണ് ഓരോ താരത്തെയും ഒപ്പം രാജ്യത്തെയും ആവേശത്തിലാഴ്ത്തുന്നത്. ഇത്തവണ പാരിസിൽ പക്ഷേ, മെഡലുകൾ നൽകിയതിന് പിറകെ ഒരു സമ്മാനവും ഓരോ താരത്തിനും നൽകുന്നുണ്ട്. പതിവില്ലാത്ത ഈ ഉപഹാരം 40 സെന്റീമീറ്റർ നീളത്തിൽ ഒളിമ്പിക്സിന്റെ ഔദ്യോഗിക പോസ്റ്റർ ആണെന്നാണ് വിശദീകരണം. പ്രമുഖ ഡിസൈനർ ഉഗോ ഗാറ്റോണിയാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇവ രണ്ടും ഔദ്യോഗികമായി മെഡൽ വേദിയിൽ വിതരണം ചെയ്യുമ്പോൾ ശേഷം അവർ നേടിയ മെഡൽ അണിഞ്ഞ ഭാഗ്യചിഹ്നവും സമ്മാനിക്കും. ഇവയെല്ലാം നിർമിക്കുന്നത് ഫ്രഞ്ച് കമ്പനിയായ ല ഗ്വർചെ ഡി ബ്രറ്റാഗ്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.