കോർഡനെ കടന്ന് ലക്ഷ്യ; ഗ്വാട്ടമാല താരത്തെ വീഴ്ത്തിയത് നേരിട്ടുള്ള സെറ്റുകളിൽ
text_fieldsപാരിസ്: വലിയ പോരാട്ടങ്ങൾ മുന്നിൽനിൽക്കെ ആദ്യ അങ്കം നേരിട്ടുള്ള സെറ്റുകളിൽ കടന്ന് ഇന്ത്യയുടെ മുൻനിര താരം ലക്ഷ്യ സെൻ. ഗ്വാട്ടമാലയുടെ കെവിൻ കോർഡനെയാണ് 42 മിനിറ്റ് മാത്രമെടുത്ത മത്സരത്തിൽ ലക്ഷ്യ വീഴ്ത്തിയത്.
പാരിസിൽ ഒളിമ്പിക് അരങ്ങേറ്റം കുറിച്ച ലക്ഷ്യ എതിരാളിയെ നിലംതൊടാൻ അനുവദിക്കാതെയാണ് ആദ്യ സെറ്റിലെ ജയം. ആദ്യ മൂന്ന് പോയന്റും അനായാസം സ്വന്തമാക്കിയ താരം ലീഡ് 9-1ലെത്തിച്ചപ്പോൾ കളിയുടെ ഗതി വ്യക്തമായിരുന്നു. ഇടവേള കഴിഞ്ഞും നിയന്ത്രണം തുടർന്ന് 21-8ന് സെറ്റ് സ്വന്തമാക്കി. അടുത്ത സെറ്റിൽ പക്ഷേ, ലക്ഷ്യയുടെ വഴിയെ ആയിരുന്നില്ല കാര്യങ്ങൾ. തുടക്കം മുതൽ ഇരട്ടി വീര്യവുമായി കളിച്ച എതിരാളി ആദ്യ പോയന്റ് പിടിച്ചു. രണ്ടിൽ നിൽക്കെ ഒരുവട്ടം തിരിച്ചടിച്ചെങ്കിലും 4-1ന് കോർഡൻ മുന്നിലായതോടെ ലക്ഷ്യക്ക് ചെറുതായി പിഴക്കുന്നപോലെ തോന്നി.
ശക്തമായ ആക്രമണവുമായി നിരന്തരം കോർട്ട് നിറഞ്ഞാടിയ ഗ്വാട്ടമാല താരം 11-6ന് ഇടവേളക്ക് മുന്നിൽനിന്നു. അത് ഉയർന്ന് 13-7ഉം 15-10ഉം ആയി സ്കോർ കുതിച്ചപ്പോൾ ലക്ഷ്യക്ക് സെറ്റ് കൈവിടുമെന്ന ആധി ഉണർന്നു. അഞ്ചു പോയന്റ് ലീഡ് പിന്നീടും തുടർന്ന കോർഡൻ 20-16ലെത്തിയതോടെ കളി നിർണായകമായ അടുത്ത സെറ്റിലേക്കെന്നായി ഗാലറിയുടെ കാത്തിരിപ്പ്. എന്നാൽ, മറന്നതെല്ലാം തിരിച്ചുപിടിച്ച ലക്ഷ്യ, സെറ്റ് പിടിക്കാൻ ഒറ്റ പോയന്റ് അകലത്തിലായ എതിരാളിക്കുമേൽ സമഗ്രാധിപത്യം കാട്ടി തിരിച്ചുവരവ് ഗംഭീരമാക്കി തുടർച്ചയായി ആറു പോയന്റ് അടിച്ചെടുത്ത് സെറ്റും ഗെയിമും പിടിക്കുകയായിരുന്നു.
2022 കോമൺവെൽത്ത് ഗെയിംസിലും 2021 ലോകചാമ്പ്യൻഷിപ്പിലും മെഡൽ ജേതാവായ ലക്ഷ്യക്ക് അടുത്ത റൗണ്ടിൽ ബെൽജിയം താരം ജൂലിയൻ കരാഗിയാകും ഗ്രൂപ്പിൽ എതിരാളി.
ജയിച്ച് തുടങ്ങി സാത്വിക്-ചിരാഗ് സഖ്യം
പാരിസ്: കൊണ്ടും കൊടുത്തും ഒപ്പംനിന്ന പോരാട്ടത്തിൽ കളി ജയിച്ച് ഇന്ത്യയുടെ സുവർണ ജോടികളായ സാത്വികും ചിരാഗും. ഏകപക്ഷീയമായ മത്സരത്തിൽ ഫ്രഞ്ച് സഖ്യമായ കോർവി- ലബാർ എന്നിവർക്കെതിരെയായിരുന്നു ലോക ഒന്നാം നമ്പറുകാരുടെ ഉജ്ജ്വല ജയം. തുടക്കത്തിൽ പോർമുഖം തുറന്ന് എതിരാളികൾ ഒപ്പം നിന്നപ്പോൾ ഇന്ത്യൻ സഖ്യത്തിന് ഓരോ പോയന്റും വിലപ്പെട്ടതായി. എന്നിട്ടും മുന്നിൽനിന്ന് 21-16ന് ആദ്യ സെറ്റ് പിടിച്ചു. എന്നാൽ, അടുത്ത സെറ്റിൽ സാത്വിക്- ചിരാഗ് കൂട്ടുകെട്ട് സമ്പൂർണ ആധിപത്യം കാട്ടി. എതിരാളികളുടെ ദൗർബല്യമറിഞ്ഞുള്ള കളികളുമായി ഇരുവരും നിറഞ്ഞുനിന്നപ്പോൾ ജയത്തിലേക്ക് യാത്ര എളുപ്പമായി. ഒരുഘട്ടത്തിലും പിടിച്ചുനിൽക്കാനാകാതെ പാടുപെട്ട ഫ്രഞ്ച് സംഘത്തെ ഏഴ് പോയന്റ് അകലെ ടീം മടക്കി. സ്കോർ 21-16, 21-14.
ടോക്യോ ഒളിമ്പിക്സിൽ ക്വാർട്ടർ കാണാതെ മടങ്ങിയ ഇരുവരും സമീപകാലത്ത് ലോക ബാഡ്മിന്റണിലെ ഏറ്റവും തിളക്കമുള്ള താരനിരയാണ്. ലോക ചാമ്പ്യൻഷിപ്, ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ് തുടങ്ങിയവയിലെല്ലാം അടുത്തിടെ മെഡലുകൾ സ്വന്തമാക്കിയ ഇവർ ഇന്ത്യക്കായി തോമസ് കപ്പ് നേടുന്നതിലും മുന്നിൽനിന്നു. ഗ്രൂപ് സിയിലുള്ള സംഘത്തിന് തുടക്കം എളുപ്പമാകുമെങ്കിലും ഫജർ അൽഫിയൻ-മുഹമ്മദ് റിയാൻ അർഡിയാന്റോ കൂട്ടുകെട്ടാണ് ആരംഭഘട്ടത്തിൽ ഏറ്റവും കടുത്ത ഭീഷണി ഉയർത്തുക. ചൈനീസ് ജോടിയായ ലിയാങ് വെയ്കെങ്- വാങ് ചാങ് എന്നിവരും ദക്ഷിണ കൊറിയയുടെ കാങ് മിൻ ഹ്യൂക്- സ്യോ സൂങ് ജെയ് എന്നിവരുമടങ്ങുന്ന വമ്പന്മാരും മുന്നിലുണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.