ഹാട്രിക് മെഡലിനരികെ! 25 മീറ്റർ സ്പോർട്സ് പിസ്റ്റളിൽ മനു ഭാകർ ഫൈനലിൽ
text_fieldsപാരിസ്: ഒളിമ്പിക്സിൽ ഹാട്രിക് മെഡലിനരികെ ഇന്ത്യയുടെ മനു ഭാകർ. ഇഷ്ട ഇനമായ വനിതകളുടെ 25 മീറ്റർ സ്പോർട്സ് പിസ്റ്റളിൽ മനു ഭാകർ രണ്ടാം സ്ഥാനത്തോടെ ഫൈനലിലെത്തി. പ്രിസിഷൻ, റാപ്പിഡ് റൗണ്ടുകളിൽ മികച്ച പ്രകടനം നടത്തിയ മനു 590 സ്കോറോടെയാണ് രണ്ടാമതായത്. ഇന്ന് ഉച്ചക്ക് ഇന്ത്യൻ സമയം ഒരു മണിക്കാണ് ഫൈനൽ. ഒളിമ്പിക് റെക്കോഡിനൊപ്പമെത്തിയ ഹംഗറിയുടെ വെറോണിക മേജർ 592 സ്കോർ ചെയ്ത് മനുവിന് മുന്നിലെത്തി. 10 മീറ്റർ എയർ പിസ്റ്റളിൽ സിംഗ്ൾസിലും മിക്സഡ് ടീമിനത്തിലും മനു പാരിസിൽ വെങ്കലം നേടിയിരുന്നു.
ഇന്നലെ 25 മീറ്റർ വിഭാഗത്തിൽ പ്രിസിഷൻ റൗണ്ടിൽ ആകെ 294 ആയിരുന്നു മനുവിന്റെ സ്കോർ. 97, 98, 99 എന്നിങ്ങനെ മനു തിളങ്ങിനിന്നു. റാപ്പിഡ് റൗണ്ടിൽ അത്യുജ്ജ്വലമായിരുന്നു മനുവിന്റെ ഉന്നം. ആദ്യ ഷോട്ട് പെർഫക്ടായിരുന്നു. സ്കോർ 100. രണ്ടും മൂന്നും ഷോട്ടിൽ 98 സ്കോർ വീതം. റാപ്പിഡ് റൗണ്ടിൽ 296 ആണ് ആകെ സ്കോർ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീമിനത്തിൽ വെങ്കലം നേടിയതിൽ നിരാശപ്പെടേണ്ടതില്ലെന്ന് മനു പറഞ്ഞിരുന്നു. ഇന്ന് അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ മനുവിന് മെഡൽ ഉറപ്പാണ്. വെള്ളിയോ സ്വർണമോ നേടുമെന്നാണ് ഇന്ത്യൻ ക്യാമ്പ് പ്രതീക്ഷിക്കുന്നത്.
ഇന്നലെ 25 മീറ്റർ എയർ പിസ്റ്റളിൽ മത്സരിച്ച ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് മെഡലിസ്റ്റ് ഇഷ സിങ് പുറത്തായി. 581 പോയന്റാണ് ഇഷ നേടിയത്. 18ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആകെ മത്സരിച്ച 40 പേരിൽനിന്ന് എട്ടു താരങ്ങളാണ് ഫൈനലിലെത്തുക.
ജൂഡോയിൽ തുലിക പുറത്ത്
പാരിസ്: ഒളിമ്പിക്സിൽ വനിതകളുടെ ജൂഡോയിൽ ഇന്ത്യയുടെ തുലിക മൻ പുറത്ത്. 78 കിലോഗ്രാമിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ലണ്ടൻ ഒളിമ്പിക്സ് സ്വർണ മെഡൽ ജേത്രി ക്യുബയുടെ ഇഡലിസ് ഓർടിസിനോടാണ് തുലിക് തോറ്റത്. 10-0നാണ് ഓർടിസ് ജയിച്ചത്.
28 സെക്കൻഡിനുള്ളിൽ മത്സരം അവസാനിച്ചു. പാരിസിൽ ഇന്ത്യയുടെ ഏക ജൂഡോ താരമാണ് തുലിക. 25കാരിയായ ഈ ഡൽഹിക്കാരി 2022ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയിരുന്നു. എതിരാളിയായിരുന്ന ഓർടിസ് ഒരു സ്വർണവും വെങ്കലവും രണ്ട് വെള്ളിയും ഒളിമ്പിക്സിൽ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.