സ്വപ്നങ്ങളുടെ കാവൽക്കാരൻ കളമൊഴിഞ്ഞു; ഡ്രസിങ് റൂമിലും തകർത്താടി 'ശ്രീ' -വിഡിയോ
text_fieldsഇന്ത്യ-സ്പെയിൻ മത്സരം തുടങ്ങുന്നതിന് മുമ്പ് തന്റെ അന്തിമപോരാട്ടത്തെക്കുറിച്ച് വൈകാരിക കുറിപ്പ് എക്സിൽ പങ്കുവെച്ചിരുന്നു ശ്രീജേഷ്. ‘‘അവസാനമായി പോസ്റ്റുകൾക്കിടയിൽ നിൽക്കുമ്പോൾ എന്റെ ഹൃദയം അഭിമാനവും കടപ്പാടുംകൊണ്ട് വീർപ്പുമുട്ടുന്നു. സ്വപ്നങ്ങളുള്ള ചെറുപ്പക്കാരനിൽനിന്ന് ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കുന്നയാളിലേക്കുള്ള ഈ യാത്ര അസാധാരണമായ ഒന്നായിരുന്നു. ഇന്ന്, ഞാൻ ഇന്ത്യക്കുവേണ്ടി എന്റെ അവസാന മത്സരം കളിക്കുന്നു.
ഓരോ സേവും, ഓരോ ഡൈവും, കാണികളുടെ ഓരോ ആരവവും എന്നെന്നേക്കുമായി എന്റെ ആത്മാവിൽ പ്രതിധ്വനിക്കും. ഇന്ത്യ, എന്നിൽ വിശ്വസിച്ചതിന്, എന്നോടൊപ്പം നിന്നതിന് നന്ദി. ഇത് അവസാനമല്ല. എന്നാൽ, പ്രിയങ്കരമായ ഓർമകളുടെ തുടക്കം. എക്കാലവും സ്വപ്നങ്ങളുടെ കാവൽക്കാരൻ’’ എന്നായിരുന്നു ശ്രീയുടെ വാക്കുകൾ.
പതിറ്റാണ്ടുകളുടെ ഇടവേളക്ക് ശേഷം ഇന്ത്യക്ക് 2020 ടോക്യോ ഒളിമ്പിക്സിൽ വെങ്കലം ലഭിച്ചപ്പോൾ ഗോൾവലയിൽ ശ്രീജേഷ് മിന്നിയിരുന്നു. പാരിസിൽ തന്റെ വിടവാങ്ങൽ ഒളിമ്പിക്സിലും താരം മികവ് ആവർത്തിച്ചു. പലപ്പോഴും പരാജയ മുനമ്പിൽ നിൽക്കെ ശ്രീജേഷ് നടത്തിയ ഉഗ്രൻ സേവുകളും ഷൂട്ടൗട്ടിലെ തകർപ്പൻ പ്രകടനവും ഇന്ത്യക്ക് തുണയായി. ശ്രീജേഷിന് വേണ്ടി മെഡൽ നേടുമെന്ന വാക്ക് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് പാലിക്കുകയും ചെയ്തു.
വിജയ ശേഷം ഡ്രസ്സിങ് റൂമിലെത്തിയ ശ്രീജേഷിന്റെ സംഘത്തിന്റെ നൃത്തം ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.
10 ഗോൾ നേടിയ നായകൻ ഹർമൻപ്രീതാണ് ഇന്ത്യയുടെ പ്രധാന വിജയശിൽപി. ഡിഫൻഡറായ ഹർമൻ മിക്ക മത്സരങ്ങളിലും ലക്ഷ്യം കണ്ടു. വെങ്കല മത്സരത്തിലെ രണ്ട് ഗോളും നായകന്റെ സ്റ്റിക്കിൽ നിന്നായിരുന്നു. പെനാൽറ്റി കോർണർ സ്പെഷലിസ്റ്റാണ് ഹർമൻ. അദ്ദേഹത്തിന്റെ 10ൽ ഏഴ് ഗോളും പെനാൽറ്റി കോർണറിലായിരുന്നു. 2020 ടോക്യോ ഒളിമ്പിക്സിലും ഹർമൻ മികച്ചുനിന്നു. 2022ലെ ഏഷ്യൻ ഗെയിംസ് വിജയനായകനും ഹർമൻ തന്നെ.
പാരിസ് ഒളിമ്പിക്സ് പൂൾ ബിയിൽ ന്യൂസിലൻഡിനെ 3-2ന് തോൽപിച്ചാണ് ഇന്ത്യ തുടങ്ങിയത്. പിന്നാലെ അർജന്റീനയോട് 1-1 സമനില. അയർലൻഡിനെ 2-0ത്തിന് തോൽപിച്ച ടീം പക്ഷേ, ബെൽജിയത്തോട് 1-2ന് തോറ്റു. ആസ്ട്രേലിയക്കെതിരെ 3-2ന്റെ ചരിത്ര വിജയവും നേടി പൂളിലെ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടർ ഫൈനലിൽ. ബ്രിട്ടനെ ഷൂട്ടൗട്ടിൽ തോൽപിച്ച് സെമി ഫൈനലിലെത്തിയ ഇന്ത്യ 3-2ന് ജർമനിയോട് തോറ്റെങ്കിലും വെങ്കല പോരാട്ടത്തിൽ സ്പെയിനിനെ തകർത്ത് മെഡൽ നിലനിർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ ടീമിനെ അഭിനന്ദിച്ചു.
പി.ആർ. ശ്രീജേഷ്
♦ജനനം: 1988 മേയ് 8സ്വദേശം: കിഴക്കമ്പലം, എറണാകുളം
♦അരങ്ങേറ്റം: 2006 സൗത്ത് ഏഷ്യൻ ഗെയിംസ്
♦ക്യാപ്റ്റൻ: 2016 റയോ ഒളിമ്പിക്സ്
♦ക്ലബ്: മുംബൈ മജീഷ്യൻസ് (2013 -15), ഉത്തർപ്രദേശ് വിസാർഡ്സ് (2015 -17)
♦നേട്ടങ്ങൾ: 2024 പാരിസ് ഒളിമ്പിക്സ് വെങ്കലം
♦2020 ടോക്യോ ഒളിമ്പിക്സ് വെങ്കലം
♦2014ലും 22ലും ഏഷ്യൻ ഗെയിംസിൽ സ്വർണം
♦2016ലും 18ലും ചാമ്പ്യൻസ് ട്രോഫി വെള്ളി
♦2018 ഏഷ്യൻ ഗെയിംസ് വെങ്കലം
♦2015 ഹോക്കി വേൾഡ് ലീഗ് വെങ്കലം
♦മികച്ച ഗോൾകീപ്പർ (2010 ഏഷ്യ കപ്പ്, 2014 ചാമ്പ്യൻസ് ട്രോഫി)
പ്രധാന പുരസ്കാരങ്ങൾ
♦അർജുന (2013), പത്മശ്രീ (2017),♦ഖേൽ രത്ന (2021)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.