ഒളിമ്പിക് വേദിയിൽ ചരിത്രം പറയാൻ ഖത്തർ
text_fieldsദോഹ: വെള്ളിയാഴ്ച പാരിസിൽ കൊടിയേറുന്ന ലോകകായിക മാമാങ്കവുമായി കൈകോർത്ത് ഖത്തർ മ്യൂസിയവും. ഒളിമ്പിക്സുമായി ബന്ധപ്പെട്ട കായിക പ്രദർശനവും വിവിധ പരിപാടികളുമായി ഖത്തർ മ്യൂസിയവും ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയവും പാരിസിൽ സജീവമാകും. ജൂലൈ 24ന് തുടങ്ങി സെപ്റ്റംബർ എട്ടുവരെയാണ് ഒളിമ്പിക്സിന്റെ ഭാഗമായി വിവിധ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
ഒളിമ്പിക്സ് ഓർമകളുടെയും, ലോകകായിക ചരിത്രങ്ങളുടെയും അപൂർവ ശേഖരമായ ദോഹയിൽ കായിക പ്രേമികളെ ആകർഷിക്കുന്ന ഒളിമ്പിക്സ് മ്യൂസിയം നേതൃത്വത്തിലാണ് ചൊവ്വാഴ്ച മുതൽ പാരിസിൽ പ്രദർശനങ്ങൾക്ക് വേദിയൊരുങ്ങുന്നത്. 2020ലെ ഖത്തർ-ഫ്രാൻസ് സാംസ്കാരിക വർഷത്തിന്റെ പൈതൃകത്തുടർച്ച എന്ന നിലയിൽ കൂടിയാണ് ലോകകായിക മേളയിൽ ഖത്തർ മ്യൂസിയം പാരിസിലെത്തുന്നത്.
പതിറ്റാണ്ടുകളായി ഖത്തറും ഫ്രാൻസും തമ്മിൽ തുടരുന്ന സാംസ്കാരിക സൗഹൃദത്തിന്റെ കൂടി ഭാഗമാണ് പാരിസ് ഒളിമ്പിക്സിലെ പങ്കാളിത്തമെന്ന് ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനി പറഞ്ഞു.
‘ഇ സ്പോർട്സ്, എ ഗെയിം ചേഞ്ചർ’ എന്ന തലക്കെട്ടിൽ ജൂലൈ 24 മുതൽ സെപ്റ്റംബർ എട്ടുവരെയാണ് ഖത്തർ മ്യൂസിയം നേതൃത്വത്തിലെ ഒരു ഒളിമ്പിക് പ്രദർശനം. ഖത്തർ മ്യൂസിയവും ത്രീ ടു വൺ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയവും ചേർന്ന് സംഘടിപ്പിക്കുന്ന പ്രദർശനം, പരമ്പരാഗത കായിക ലോകം ഇലക്ട്രോണിക് കായിക ഇനങ്ങളിലേക്കുള്ള രൂപാന്തരം വരെ വരച്ചിടുന്നതാവും.
സ്പോർട്സിന്റെ വിവിധ പരിണാമ ഘട്ടങ്ങൾ വിശകലനം ചെയ്യുന്ന വേറിട്ട പ്രദർശനമാണ് ഖത്തർ മ്യൂസിയം ഒരുക്കുന്നത്. ഒരു നൂറ്റാണ്ട് മുമ്പ് ശ്രദ്ധനേടിയ ഇലക്ട്രോണിക് പിൻബാൾ മെഷീനിൽനിന്നും സ്മാർട്ട് ടെക്നോളജിയിൽ വമ്പൻ താരങ്ങൾ പിറവിയെടുക്കുന്ന ഇ-സ്പോർട്സിനെ വിശദീകരിക്കുന്നു. ഈ പ്രദർശനം 2025ൽ ദോഹയിലെത്തുമെന്നും ഖത്തർ മ്യൂസിയം അറിയിച്ചു. ഖത്തർ മ്യൂസിയം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ക്രിസ്റ്റ്യൻ വാകറാണ് ക്യൂറേറ്റർ.
ഒളിമ്പിസം; മോർദാൻ എ ഡ്രീം എന്ന ശീർഷകത്തിൽ ജൂലൈ 31 മുതൽ ആഗസ്റ്റ് 25 വരെ പാരിസിലെ റാഫ്ൾസ് പാരിസ് ഹോട്ടലിലാണ് മറ്റൊരു പ്രദർശനം. 1984 മുതലുള്ള ഖത്തറിന്റെ ഒളിമ്പിക്സ് പങ്കാളിത്തം സംബന്ധിച്ച ചരിത്രമാണ് ഇതിവൃത്തം. ഇതോടനുബന്ധിച്ച് ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്ന പിയറി ഡി കുബർട്ടിന്റെ കുറിപ്പുകളുടെ അറബിക് സമാഹാരം പ്രകാശനം ചെയ്യും.
ഒളിമ്പിക്സിനുള്ള ഖത്തറിന്റെ സമ്മാനമെന്ന നിലയിലാണ് പിയറി ഡി കുബർട്ടിന്റെ പുസ്തകം അറബിയിലെത്തുന്നത്. 1960 റോം ഒളിമ്പിക്സിൽ ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി അണിഞ്ഞ ഗ്ലൗ, 1964 ഒളിമ്പിക്സിന്റെ ദീപശിഖ, 1984 മുതൽ 2020 വരെ ഒളിമ്പിക്സുകളിൽ ഖത്തറിന്റെ ചരിത്രയാത്ര, മുഅതസ് ബർഷിമിന്റെ മെഡലുകൾ തുടങ്ങി വൈവിധ്യമാർന്ന പ്രദർശനങ്ങൾ ഉൾക്കൊള്ളുന്നതാണ് ഒളിമ്പിക് വേദിയിലെ ഖത്തറിന്റെ സാന്നിധ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.