പാരിസിന് ഖത്തറിന്റെ സുരക്ഷാകവചം
text_fieldsദോഹ: ഖത്തറിൽനിന്ന് പാരിസിലെത്തുന്നവർക്ക് ഇപ്പോൾ അഭിമാനം പകരുന്നൊരു കാഴ്ചയുണ്ട്. ലോകം സംഗമിക്കുന്ന വിശ്വകായിക മാമാങ്കവേദിയിൽ ഫ്രഞ്ച് പൊലീസിനും സൈന്യത്തിനുമൊപ്പം സുരക്ഷാ ചുമതലയുമായി ഓടിനടക്കുന്ന ഖത്തറിന്റെ സ്വന്തം സുരക്ഷാ സേനാംഗങ്ങൾ.
വിമാനത്താവളത്തിൽനിന്ന് തുടങ്ങി സ്റ്റേഡിയങ്ങളിൽ, സ്റ്റേഡിയം പരിസരങ്ങളിൽ, റെയിൽവേ സ്റ്റേഷൻ, ഒളിമ്പിക് വില്ലേജ് തുടങ്ങി ആരാധകരും കായികതാരങ്ങളും വി.വി.ഐ.പികളുമെല്ലാം എത്തുന്ന എല്ലായിടങ്ങളിലും പഴുതടച്ച സുരക്ഷയൊരുക്കാൻ സജീവമാണ് ഖത്തർ ആഭ്യന്തര സുരക്ഷാ വിഭാഗമായ ‘ലഖ്വിയ’ സംഘം.
2022 ലോകകപ്പ് ഫുട്ബാളിലെ ലോകത്തെ ഏറ്റവും സുരക്ഷിതമായ കായികമാമാങ്കമാക്കി സംഘടിപ്പിച്ചതിന്റെ അനുഭവസമ്പത്ത് ഫ്രഞ്ച് സുരക്ഷാ വിഭാഗവുമായി പങ്കുവെക്കുകയാണ് ഖത്തർ സേനാംഗങ്ങൾ. രണ്ടാഴ്ച മുമ്പ് തന്നെ ലഖ്വിയ ടീം പാരിസിലെത്തിയിരുന്നു. മാസങ്ങളായി നടന്ന തയാറെടുപ്പും പരിശീലനങ്ങളും പൂർത്തിയാക്കിയാണ് ഖത്തർ സംഘം പാരിസിലെത്തിയത്.
ഇവിടെ ഫ്രഞ്ച് സുരക്ഷ ഉദ്യോഗസ്ഥരുമായി വിവിധ ഘട്ടങ്ങളിൽ ചർച്ച നടത്തിയാണ് സേന വിന്യാസവും ദൗത്യവും നിർവഹിക്കുന്നത്. വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം ലഭിച്ച 2000 സുരക്ഷ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
ഒപ്പം അത്യാധുനിക സായുധ വാഹനങ്ങളും പാരിസിലെത്തിച്ചിട്ടുണ്ട്. വ്യക്തിഗത സംരക്ഷണം, ട്രാക്കിങ്, സ്ഫോടകവസ്തു നിർമാർജനം, സൈബർ സുരക്ഷ, സുരക്ഷ പട്രോളിങ്, മൗണ്ടഡ് പട്രോളിങ്, ആന്റി-ഡ്രോൺ ടീമുകൾ തുടങ്ങി സുപ്രധാന മേഖലകളിലെല്ലാം ഖത്തറിന്റെ സാന്നിധ്യമുണ്ട്.
കഴിഞ്ഞ ദിവസം മത്സരങ്ങള്‍ നടക്കുന്ന വേദികളിലും നഗരത്തിലെ സുപ്രധാന ഇടങ്ങളിലും സംഘം പരിശോധന നടത്തി. പാരിസ് ദൗത്യത്തെ അംഗീകാരമായാണ് ഖത്തര്‍ കാണുന്നത്.
അറബ്, ഇസ്ലാമിക ലോകത്തിന്റെ പ്രതിനിധിയാണ് ഖത്തറെന്ന് സുരക്ഷ സേനക്കുള്ള ആശംസയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അൽഥാനി ഓര്‍മപ്പെടുത്തിയിരുന്നു.
അവസാനവട്ട പരിശോധനയുടെ ഭാഗമായി സെക്യൂരിറ്റി ഫോഴ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ നവാഫ് മജിദ് അൽ അലി പാരിസ് സുരക്ഷ കമാൻഡർ ലഫ്. ജനറൽ സേവ്യർ ഡസ്ബെറ്റുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷ ക്രമീകരണങ്ങൾ ഇരുവരും പരിശോധിക്കുകയും സംയുക്ത നീക്കങ്ങളുടെ ആസൂത്രണം നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.