പാരിസിൽ ഇന്ത്യക്ക് ആദ്യ മെഡൽ; വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാക്കറിന് വെങ്കലം
text_fieldsപാരിസ്: ലോക കായിക മാമാങ്കവേദിയിൽ വെങ്കലപ്പതക്കത്തിലേക്ക് വെടിയുതിർത്ത് ഇന്ത്യക്ക് അഭിമാന താരമായി മനു ഭാകർ. പാരിസ് ഒളിമ്പിക്സിൽ വനിതകളുടെ ഷൂട്ടിങ്ങിൽ 10 മീറ്റർ എയർപിസ്റ്റളിൽ വെങ്കലം സ്വന്തമാക്കി ഹരിയാനയിൽ നിന്നുള്ള ഈ 22കാരി ചരിത്രമെഴുതി.
ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് മനു. ആദ്യമായാണ് ഇന്ത്യൻ വനിത ഈയിനത്തിൽ മെഡൽ നേടുന്നത്. 2021ൽ ടോക്യോയിൽ പിസ്റ്റൾ തകരാറിലായതിനാൽ മനുവിന്റെ പ്രകടനം തീർത്തും നിരാശജനകമായിരുന്നു. അന്ന് കണ്ണീരണിഞ്ഞാണ് മടങ്ങിയത്. 2012ലാണ് ഒടുവിൽ ഇന്ത്യ ഷൂട്ടിങ്ങിൽ മെഡൽ നേടിയത്.
221.7 സ്കോറോടെയാണ് മനു ഭാകറുടെ വെങ്കല നേട്ടം. ദക്ഷിണ കൊറിയയുടെ ജിൻ യെ ഓ സ്വർണം നേടി ( 243.2). കൊറിയയുടെ തന്നെ കിം യെജി 241.3 സ്കോറുമായി വെള്ളിയും സ്വന്തമാക്കി. എട്ട് താരങ്ങളാണ് വനിതകളുടെ എയർപിസ്റ്റളിൽ മത്സരിക്കാനുണ്ടായിരുന്നത്. കാണികളുടെ ‘ഇന്ത്യ’, ‘ഇന്ത്യ’ വിളികൾക്കിടെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മനു തോക്കെടുത്തത്. ആദ്യ കോമ്പറ്റീഷൻ സ്റ്റേജിൽ 50.4 സ്കോറോടെ രണ്ടാം സ്ഥാനത്തായിരുന്നു. കൊറിയയുടെ ഒ യെ ജിൻ ആയിരുന്നു ഒന്നാമത്. രണ്ടാം ഘടത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു മനു ഭാകർ. ആദ്യ എലിമിനേഷനിൽ ഇന്ത്യൻ താരം രണ്ടാം സ്ഥാനത്തേക്കുയർന്നു. രണ്ടും മൂന്നും നാലും എലിമിനേഷനിൽ മനു മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. അഞ്ചാം എലിമിനേഷനിൽ വെങ്കലം ഉറപ്പാക്കി. നേരിയ വ്യത്യാസത്തിലാണ് സ്വർണത്തിനുള്ള എലിമിനേഷൻ മനുവിന് നഷ്ടമായത്. 0.1പോയന്റിനാണ് സ്വർണത്തിനുള്ള പോരാട്ടം നഷ്ടമായത്.
ടോക്യോയിലെ മെഡൽ നഷ്ടത്തിനുശേഷം വളരെ നിരാശയിലായിരുന്നെന്നും മെഡൽ നേട്ടത്തിൽ എത്രമാത്രം സന്തോഷമുണ്ടെന്ന് വിവരിക്കാനാവില്ലെന്നും മനു ഭാകർ മത്സരശേഷം പറഞ്ഞു. എല്ലാ ഊർജവും ഉപയോഗിച്ചാണ് താൻ പോരാടിയത്. വെങ്കലം നേടാനായതിൽ നന്ദിയുണ്ട്. താൻ ഭഗവത് ഗീത വായിക്കുകയും ആഗ്രഹിച്ചത് നേടാൻ ശ്രമിക്കുകയും ചെയ്തു. മറ്റെല്ലാം ദൈവത്തിന് വിട്ടുവെന്നും മനു പറഞ്ഞു. ഇന്ത്യക്ക് കൂടുതൽ മെഡൽ നേടാൻ കഴിയുമെന്ന് മനു പറഞ്ഞു. ചരിത്രമെഡലാണ് മനു നേടിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്നതും മനുവിന്റെ നേട്ടത്തിലെ പ്രത്യേകതയാണെന്ന് മോദി പറഞ്ഞു. മനു രാജ്യത്തിന് അഭിമാനമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.
ഹരിയാനയിലെ ജജ്ജാറിൽ ജനിച്ച മനു ഭാകർ 2017ൽ ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഒമ്പത് സ്വർണം വാരിയാണ് രാജ്യത്തിന്റെ ശ്രദ്ധ നേടുന്നത്. ലോകചാമ്പ്യൻഷിപ്പുകളിലടക്കം ജേത്രിയായിരുന്നു ഇന്ത്യയുടെ ഈ അഭിമാന താരം. ഇന്ത്യയുടെ രമിത ജിൻഡാൽ വനിതകളുടെയും അർജുൻ ബാബുത പുരുഷന്മാരുടെയും 10 മീറ്റർ എയർ റൈഫിളിൽ ഫൈനലിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.