ഇന്ത്യ കാത്തിരിക്കുന്നു
text_fieldsന്യൂഡൽഹി: 117 അത്ലറ്റുകളുമായി വലിയ മെഡൽ പ്രതീക്ഷയിലാണ് ഇത്തവണ ഇന്ത്യൻ സംഘം ഒളിമ്പിക്സിനായി പാരിസിലേക്ക് വിമാനം കയറിയിരിക്കുന്നത്. 16 കായിക ഇനങ്ങളിലായി 70 പുരുഷന്മാരും 47 വനിതകളും അടങ്ങുന്ന സംഘം ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെ നീളുന്ന ഒളിമ്പിക്സിൽ വിവിധ ദിനങ്ങളിലായി മാറ്റുരക്കും. സമീപകാലത്ത് ടോക്യോ ഓളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലും കുറിച്ച വലിയ നേട്ടങ്ങൾക്കും മീതെ ഇത്തവണ മെഡലുകൾ ഇന്ത്യൻ പതാക വഹിക്കുന്നതാകുമെന്നാണ് കണക്കുകൂട്ടൽ.
ജൂലൈ 25ന് ശനിയാഴ്ച 10 മീറ്റർ എയർറൈഫിൾ വിഭാഗത്തിലാകും ഇന്ത്യക്ക് ആദ്യ മത്സരം. നീരജ് ചോപ്ര, നിഖാത് സരിൻ, മീരാബായി ചാനു, പി.വി. സിന്ധു തുടങ്ങി മെഡൽ പ്രതീക്ഷകളിലെ മുൻനിരക്കാരടക്കം ഇന്ത്യൻ ടീം പങ്കെടുക്കുന്ന കായിക ഇനങ്ങളും സമയവും. ആഗസ്റ്റ് രണ്ടുവരെ തീയതികളിലേത്.
സുവർണ സിന്ധുവോ ചരിത്ര ബിന്ദുവോ
ന്യൂഡൽഹി: കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിൽ യഥാക്രമം വെള്ളിയും വെങ്കലവും നേടി താൻ പാരിസിൽ സ്വർണത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ലെന്ന് ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു. ‘‘പാരിസിലെ മൂന്നാം മെഡൽ എന്നെ പ്രചോദിപ്പിക്കുന്നു. ആ സ്വർണത്തിന് വേണ്ടിത്തന്നെയാണ് ഞാൻ ഒരുങ്ങിയിരിക്കുന്നത്. എന്റെ 200 ശതമാനവും ഞാൻ സമർപ്പിക്കും’’ -ജിയോ സിനിമയുടെ ദ ഡ്രീമേഴ്സ് പരിപാടിയിൽ അവർ പറഞ്ഞു. മൂന്ന് ഒളിമ്പിക്സ് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമാവാനുള്ള തയാറെടുപ്പിലാണ് സിന്ധു. ബാഡ്മിന്റൺ വനിത സിംഗ്ൾസിൽ 2016ൽ വെള്ളിയും 2020ൽ വെങ്കലവുമായിരുന്നു നേട്ടം. ‘‘2016ലെയും 2020ലെയും യാത്രകൾ അതിമനോഹരമായിരുന്നു. അപാരമായ പരിശ്രമവും അവിസ്മരണീയ നിമിഷങ്ങളും നിറഞ്ഞതായിരുന്നു. പാരിസ് 2024ന് തയാറെടുക്കുമ്പോൾ ഇതൊരു പുതിയ തുടക്കമാണ്. എന്തായാലും എനിക്ക് എന്റെ നൂറു ശതമാനവും നൽകണം. എന്റെ മുൻ ഔട്ടിങ്ങുകളിൽനിന്ന് ധാരാളം അനുഭവങ്ങളുണ്ട്. പക്ഷേ, മെഡലുകളെക്കുറിച്ച് അമിതമായി ചിന്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. തുടർച്ചയായി മൂന്ന് മെഡലുകൾ നേടുന്നത് ഒരു തമാശയല്ല. കാരണം, എനിക്ക് രാജ്യത്തിന്റെ പ്രതീക്ഷ നിറവേറ്റാനും മൂന്നാം മെഡൽ നേടാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മനസ്സ് സ്വർണം നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് എനിക്ക് വളരെയധികം പ്രചോദനവും ആത്മവിശ്വാസവും നൽകുന്നു’’ -സിന്ധു കൂട്ടിച്ചേർത്തു.
മെഡലിനരികെ, എന്നിട്ടും അകലെ
ന്യൂഡൽഹി: ഒളിമ്പിക്സിലെ ഏറ്റവും വലിയ ദുഃഖമാണ് മെഡൽപോരിൽ നാലാമന്മാരായി പോകുകയെന്നത്. ഇതിന് ഏറ്റവും വലിയ സാക്ഷ്യമാണ് മലയാളിയുടെ അഭിമാന അത്ലറ്റ് പി.ടി. ഉഷ. സെക്കൻഡിന്റെ നൂറിലൊരംശത്തിന് കപ്പിനും ചുണ്ടിനുമിടയിൽ മെഡൽ കൈവിട്ടുപോയ ആ ഓർമകൾക്ക് നാല് പതിറ്റാണ്ട് ആകുകയാണ്. എന്നാൽ, മുമ്പും ശേഷവും സമാനമായി നിരവധി പേരുണ്ട് നാലാമന്മാരായി മെഡൽ നഷ്ടപ്പെട്ടവർ. 1956ൽ തുടങ്ങി 2020ലെ ടോക്യോ ഒളിമ്പിക്സിൽ വരെ പലവട്ടം അത് സംഭവിച്ചിട്ടുണ്ട്. ആ മെഡൽ നഷ്ടങ്ങളുടെ കഥകളിതാ.
1956 മെൽബൺ
ഫുട്ബാളിൽ പെരുമ തുടർന്ന കാലത്ത് ആതിഥേയരായ ആസ്ട്രേലിയയെ 4-2ന് പരാജയപ്പെടുത്തി ഇന്ത്യൻ സംഘം സെമിയിലെത്തുന്നു. ക്വാർട്ടറിൽ ഹാട്രിക് കുറിച്ച് നെവിൽ ഡിസൂസ ഈ മികവ് തൊടുന്ന ആദ്യ ഏഷ്യക്കാരനുമായി. സെമിയിൽ യൂഗോസ്ലാവ്യയായിരുന്നു എതിരാളികൾ. ആദ്യം ഗോളടിച്ച് നെവിൽ ഡിസൂസ വീണ്ടും പ്രതീക്ഷ നൽകിയെങ്കിലും തിരിച്ചുവന്ന യൂഗോസ്ലാവ്യൻ ടീം ഫൈനലിലേക്ക് ടിക്കറ്റെടുത്തു.മൂന്നാമന്മാർക്കായുള്ള മത്സരത്തിൽ ബൾഗേറിയക്ക് മുന്നിൽ എതിരില്ലാത്ത കാൽ ഡസൻ ഗോളുകൾക്ക് ടീം മുങ്ങിയതോടെ മെഡൽ നഷ്ടം.
1960 റോം
‘പറക്കും സിങ്’ എന്ന പേരിൽ അറിയപ്പെട്ട ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് മിൽഖ സിങ് 400 മീറ്ററിൽ സെക്കൻഡിന്റെ 10ലൊരു അംശത്തിന് നാലാമനായിപ്പോയതായിരുന്നു ഈ ഒളിമ്പിക്സിലെ വലിയ നഷ്ടം. സഹഓട്ടക്കാരെ നോക്കാൻ ഒരു നിമിഷം വേഗം കുറച്ചതായിരുന്നു താരത്തിന് വിനയായത്. അതിന്റെ വേദന ഏറെക്കാലം അദ്ദേഹം പങ്കുവെക്കുകയും ദീർഘനാൾ അത്ലറ്റിക്സ് വേദികളിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. പിറകെ 1962ലെ ഏഷ്യൻ ഗെയിംസിൽ രണ്ട് സ്വർണം നേടിയാണ് താരം ഇതിന് പകരം വീട്ടിയത്.
1980 മോസ്കോ
സോവ്യറ്റ് റഷ്യ നടത്തിയ അഫ്ഗാൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് നെതർലൻഡ്സ്, ആസ്ട്രേലിയ, ബ്രിട്ടൻ അടക്കം പ്രമുഖർ ഒളിമ്പിക്സ് ബഹിഷ്കരിച്ച ഒഴിവിൽ വനിത ഹോക്കിയിൽ ഒളിമ്പിക് മെഡൽ നേടാൻ ഇന്ത്യക്ക് സാധ്യതകളേറെയായിരുന്നു. എന്നാൽ, നിർണായക മത്സരത്തിൽ സോവ്യറ്റ് റഷ്യയോട് തോറ്റ് ഇന്ത്യൻ വനിതകൾ മെഡൽ പട്ടികയിൽനിന്ന് പുറത്തായി.
1984 ലോസ് ആഞ്ജലസ്
മിൽഖ സിങ്ങിന്റെ നീറുന്ന അനുഭവം അതിലേറെ തീവ്രതയോടെ ഓർമപ്പെടുത്തിയായിരുന്നു ‘പയ്യോളി എക്സ്പ്രസ്’ ലോസ് ആഞ്ജലസിൽ നാലാമതായത്. 400 മീറ്റർ ഹർഡ്ൽസിൽ സെക്കൻഡിന്റെ 100ലൊരു അംശത്തിനായിരുന്നു റുമാനിയൻ താരം ക്രിസ്റ്റീന കോജോകാരുവിന് പിറകിൽ നാലാമതായത്. മെഡൽ പോയെങ്കിലും അതിലേറെ ആവേശത്തോടെയാണ് പി.ടി ഉഷയുടെ പ്രകടനം ഇന്ത്യ വരവേറ്റത്.
2004 ഏതൻസ്
രണ്ടു പതിറ്റാണ്ടിന്റെ ഇടവേളക്കുശേഷം വീണ്ടും നാലാമന്മാരെന്ന ശാപം ഇന്ത്യയെ തേടിയെത്തിയ ഒളിമ്പിക്സായിരുന്നു ഇത്. ലിയാണ്ടർ പയസ്- മഹേഷ് ഭൂപതി കൂട്ടുകെട്ട് മെഡലുറപ്പിച്ചിടത്തുനിന്ന് കൈവിട്ടുപോയത് ക്രൊയേഷ്യയുടെ മരിയോ ആൻസിച്- ഇവാൻ ലുബിസിച് സഖ്യത്തിന് മുന്നിലായിരുന്നു. 6-7 6-4 14-16 നാണ് അന്ന് ടീം തോൽവി സമ്മതിച്ചത്. അതേ ഗെയിംസിൽ കുഞ്ചാറാണി ഭാരോദ്വഹനത്തിൽ നാലാമതാകുകയും ചെയ്തു.
2012 ലണ്ടൻ
ജോയ്ദീപ് കർമാകർ ആയിരുന്നു ഇവിടെ മെഡൽ പട്ടികക്ക് തൊട്ടുതാഴെയായി പോയത്. 50 മീറ്റർ റൈഫിൾ ഇനത്തിൽ വെങ്കല മെഡൽ ജേതാവിനെക്കാൾ 1.9 പോയന്റ് ആയിരുന്നു താരം പിറകിൽ. 2016 റയോ ഡി ജനീറോ ജിംനാസ്റ്റിക്സിൽ ആദ്യമായി ഇന്ത്യൻ സാന്നിധ്യം കണ്ട ഒളിമ്പിക്സിൽ ദീപ കർമാകർ വനിതകളുടെ വോൾട്ട് വിഭാഗത്തിൽ 15.066 സ്കോറോടെ അവർ നാലാമതായി. 0.150 പോയന്റിന്റെ വ്യത്യാസത്തിലായിരുന്നു കിരീട നഷ്ടം. അതേ ഒളിമ്പിക്സിൽ അഭിനവ് ബിന്ദ്രക്കും സമാനമായിരുന്നു വിധി. ഷൂട്ടിങ്ങിൽ ഏറ്റവും മികച്ച പ്രകടനവുമായി മെഡലിനരികെയെത്തിയെങ്കിലും താരം നിർഭാഗ്യത്തിന് പിറകിലായി.
2020 ടോക്യോ
വനിത ഹോക്കിയിൽ 1980ൽ സംഭവിച്ച അതേ ദുര്യോഗം ടോക്യോയിലും ഈയിനത്തിൽ ആവർത്തിച്ചു. മൂന്നുവട്ടം ഒളിമ്പിക് ചാമ്പ്യന്മാരായ ആസ്ട്രേലിയയെ മറിച്ചിട്ട് സെമിയിലെത്തിയ ഇന്ത്യ പക്ഷേ, അവസാന നാലിൽ അർജന്റീനക്ക് മുന്നിൽ ഒരു ഗോളിന് തോറ്റു. വെങ്കല മെഡൽ പോരാട്ടത്തിൽ ബ്രിട്ടനോടും തോൽവി സമ്മതിച്ചു. ഗോൾഫർ അദിതി അശോകിനും സമാനമായ വിധിയായിരുന്നു.
തീയതി >> ഇനം >> തുടങ്ങുന്ന ഇന്ത്യൻ സമയം
ജൂലൈ 25 - അമ്പെയ്ത്ത് 1.00 pm മുതൽ
ജൂലൈ 27 - ബാഡ്മിന്റൺ (ഗ്രൂപ് ഘട്ടം) 12.50 pm മുതൽ
തുഴച്ചിൽ 12.50 pm മുതൽ
ഷൂട്ടിങ് 12.50 pm മുതൽ
ബോക്സിങ് 7.00pm മുതൽ
ഹോക്കി (ഇന്ത്യ Vs ന്യൂസിലൻഡ്) 9.00 pm
ടേബ്ൾ ടെന്നിസ് 6.30pm മുതൽ
ടെന്നിസ് 03.00 pm മുതൽ
ജൂലൈ 28 - അമ്പെയ്ത്ത് (ടീം മെഡൽ മത്സരങ്ങൾ) 1.00 pm
ബാഡ്മിന്റൺ 12.00 മുതൽ
ബോക്സിങ് 14:46 pm മുതൽ
തുഴച്ചിൽ 1.06pm മുതൽ
ഷൂട്ടിങ് (മെഡൽ മത്സരങ്ങൾ) 1.06pm മുതൽ
നീന്തൽ 2.30 pm മുതൽ
ടേബ്ൾ ടെന്നിസ് 1.30pm മുതൽ
ടെന്നിസ് 3.30pm മുതൽ
ജൂലൈ 29 - അമ്പെയ്ത്ത് (മെഡൽ മത്സരങ്ങൾ) 1.00pm
ബാഡ്മിന്റൺ 1.00pm മുതൽ
ഹോക്കി (ഇന്ത്യ Vs അർജന്റീന 4.15pm മുതൽ
തുഴച്ചിൽ 1.00pm മുതൽ
ഷൂട്ടിങ് 12.45pm മുതൽ
ടേബ്ൾ ടെന്നിസ് 1.30pm മുതൽ ടെന്നിസ്
ജൂലൈ 30 - നീന്തൽ 00.52 pm
അമ്പെയ്ത്ത് 1.30pm മുതൽ
ബാഡ്മിന്റൺ 12.00 മുതൽ
ബോക്സിങ് 2.30 pm മുതൽ
കുതിരയോട്ടം 2.30pm മുതൽ
ഹോക്കി (ഇന്ത്യ Vs അയർലൻഡ്) 4.45pm മുതൽ
തുഴച്ചിൽ 1.40 pm മുതൽ
ഷൂട്ടിങ് (മെഡൽ മത്സരങ്ങൾ) 1.00pm മുതൽ
ടേബ്ൾ ടെന്നിസ് 1.00pm മുതൽ
ടെന്നിസ് 1.30 pm മുതൽ
ജൂലൈ 31 - അമ്പെയ്ത്ത് 1.30pm
ബാഡ്മിന്റൺ 12.50pm മുതൽ
ബോക്സിങ് 1.02pm മുതൽ
കുതിരയോട്ടം 1.30 pm മുതൽ
തുഴച്ചിൽ 1.24 pm മുതൽ
ഷൂട്ടിങ് (മെഡൽ മത്സരങ്ങൾ) 1.24pm മുതൽ
ടേബ്ൾ ടെന്നിസ് 1.30pm മുതൽ
ടെന്നിസ് 3.30pm മുതൽ
ആഗസ്റ്റ് 01 - അമ്പെയ്ത്ത് 1.00pm
അത്ലറ്റിക്സ് 11pm മുതൽ
ബാഡ്മിന്റൺ 12.00 മുതൽ
ബോക്സിങ് 2.30pm മുതൽ
ഗോൾഫ് 12.30 pm മുതൽ
ഹോക്കി (ഇന്ത്യ Vs ബെൽജിയം) 1.30pm മുതൽ
തുഴച്ചിൽ 1.30 pm മുതൽ
സെയ്ലിങ് 1.30pm മുതൽ
ഷൂട്ടിങ് 1.00pm മുതൽ
ടേബ്ൾ ടെന്നിസ് 1.30pm മുതൽ
ടെന്നിസ് 1.00pm മുതൽ
ആഗസ്റ്റ് 02 - അമ്പെയ്ത്ത് 1.00pm
അത്ലറ്റിക്സ് 9.40pm
ബാഡ്മിന്റൺ (സെമി ഫൈനൽ) 12.00
ബോക്സിങ് 7.00pm
ഗോൾഫ് 12.30pm
ഹോക്കി (ഇന്ത്യ Vs ആസ്ട്രേലിയ) 4.45pm
ജൂഡോ (മെഡൽ മത്സരങ്ങൾ) 1.30pm
തുഴച്ചിൽ (മെഡൽ മത്സരങ്ങൾ) 1.00pm
സെയ്ലിങ് 3.30pm
ഷൂട്ടിങ് 12.30 pm
ടേബ്ൾ ടെന്നിസ് (സെമി ഫൈനൽ) 1.30 pm
ടെന്നിസ് 1.30pm
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.