ശ്രീജേഷ് വരുംതലമുറകൾക്ക് പ്രചോദനമെന്ന് സഹതാരങ്ങൾ
text_fieldsന്യൂഡൽഹി: ഗോൾ പോസ്റ്റിലെ കാവൽക്കാരൻ പി.ആർ. ശ്രീജേഷ് ഹോക്കിയിലെ ഇതിഹാസവും വരുംതലമുറയിലെ കളിക്കാർക്ക് പ്രചോദനവുമാണെന്ന് സഹതാരങ്ങൾ. ഒളിമ്പിക്സ് വെങ്കലം നിലനിർത്തി തിരിച്ചെത്തിയ ടീം അംഗങ്ങൾക്കായി ഒരുക്കിയ അനുമോദന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇവർ. ശനിയാഴ്ച രാവിലെയാണ് ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും സംഘവും ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയത്. ഇവരെ സ്വീകരിക്കാൻ നിരവധിപേർ എത്തിയിരുന്നു. ഒളിമ്പിക്സ് സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന ശ്രീജേഷും മറ്റു ചില താരങ്ങളും പാരിസിൽ തുടരുകയാണ്.
‘‘ശ്രീജേഷ് മികച്ച വ്യക്തിയാണ്, ഇതിഹാസമാണ്. ഇന്ത്യ അദ്ദേഹത്തെ ‘വൻമതിൽ’ എന്ന് വിളിക്കുന്നു. അതിശയകരമാണ്. അദ്ദേഹം തന്റെ ഏറ്റവും മികച്ച ഹോക്കി കളിച്ചുവെന്ന് പറയാൻ കഴിയും. ഹോക്കി കളിച്ച് അദ്ദേഹം രാജ്യത്തിന് സംഭാവന നൽകി. ഗോൾകീപ്പറായി ശ്രീജേഷുണ്ടാക്കിയ നിലവാരം വരുംതലമുറക്ക് പ്രചോദനമാകും’’ -ഫോർവേഡ് ലളിത് ഉപാധ്യായ പറഞ്ഞു. ‘‘ശ്രീജേഷിനെക്കുറിച്ച് ഞാൻ ഒന്നും പറയേണ്ടതില്ല. രാജ്യം മുഴുവൻ അദ്ദേഹത്തെ പ്രശംസിക്കുന്നു. ഒരു ഇതിഹാസമാണ്. മികച്ച കളിക്കാരനാണ്.
അദ്ദേഹത്തോടൊപ്പം ഹോക്കി കളിക്കുന്നത് എനിക്ക് വളരെ രസമായിരുന്നു. ശ്രീജേഷ് ഹോക്കിക്കുവേണ്ടി നല്ല പ്രവർത്തനങ്ങൾ തുടരട്ടെ എന്ന് ആശംസിക്കുന്നു’’ -ഡിഫൻഡർ ജർമൻപ്രീത് സിങ്ങിന്റെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.