നക്ഷത്രങ്ങൾ പാരിസിൽ
text_fieldsപാരിസ്: ലോകത്തിന് ആവേശമാവാനായി ഒരിക്കൽക്കൂടി കടന്നുവരികയാണ് മഹാകായികമേള. ഫുട്ബാൾ, റഗ്ബി മത്സരങ്ങൾ ഇന്നലെ പാരിസിലെ വിവിധ വേദികളിൽ ആരംഭിച്ചു. അമ്പെയ്ത്തുൾപ്പെടെ ഇന്ന് തുടങ്ങാനിരിക്കുന്നു. നാളെയാണ് ഔദ്യോഗിക ഉദ്ഘാടനം. സ്വർണപ്രകടനം ആവർത്തിക്കാനൊരുങ്ങുന്ന ജാവലിൻ ത്രോ താരം നീരജ് ചോപ്രയാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. മറ്റു രാജ്യങ്ങളിലെ ചില പ്രമുഖരിതാ.
അർമാൻഡ് ഡുപ്ലാന്റിസ് (പോൾ വോൾട്ട്)
ഒരു തവണ ലോക റെക്കോർഡ് തകർക്കുന്നത് ശ്രമകരമാണെന്നിരിക്കെ പോൾവോൾട്ടിൽ സ്വീഡിഷ് അത് ലറ്റ് അർമാൻഡ് ഡുപ്ലാന്റി ഇത് ചെയ്തത് പ്രാവശ്യമാണ്. 2020ൽ റെനൗഡ് ലാവില്ലെനിയുടെ 6.16 മീറ്റർ മാർക്ക് മറികടന്നായിരുന്നു തുടക്കം. ഏറ്റവുമൊടുവിൽ 2024 ഏപ്രിലിൽ നടന്ന സിയാമെൻ ഡയമണ്ട് ലീഗിൽ 6.24 മീ ചാടി. ടോക്യോയിൽ തന്റെ ആദ്യ ഒളിമ്പിക് സ്വർണം നേടുമ്പോൾ വയസ്സ് 21. 2022ലും 2023ലും ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി. രണ്ടാം ഒളിമ്പിക് സ്വർണവും മറ്റൊരു ലോകറെക്കോർഡുമാണ് ലക്ഷ്യം.
നോഹ ലൈൽസ് (സ്പ്രിന്റ്, റിലേ)
2023ലെ ലോക ചാമ്പ്യൻഷിപ്പ് ഫോം 100 മീറ്റർ, 200 മീറ്റർ, 4x100 മീറ്റർ റിലേ എന്നിവയിൽ ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ ഇറങ്ങുന്ന നോഹ ലൈൽസ് പാരിസിലെ ട്രാക്കിൽ നാല് സ്വർണ മെഡലുകളാണ് ലക്ഷ്യമിടുന്നത്. ജമൈക്കൻ ഇതിഹാസം ഉസൈൻ ബോൾട്ടിന് 2015 ൽ സാധ്യമായ നേട്ടം. ടോക്കിയോ ഒളിമ്പിക്സിൽ 200 മീറ്ററിൽ വെങ്കലം നേടിയതിന് ശേഷം 2022 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മൈക്കൽ ജോൺസന്റെ 19.32 എന്ന അമേരിക്കൻ 200 മീറ്റർ റെക്കോർഡ് 0.01 സെക്കൻഡിൽ തകർത്തു ലൈൽസ്. 200 മീറ്റർ പ്രിയപ്പെട്ട ഇനമായി തുടരുമ്പോൾ, 4x400 മീറ്റർ റിലേയിൽ കൂടി ഒളിമ്പിക് സ്വർണം ലൈൽസ് സ്വപ്നം കാണുന്നുണ്ട്.
കാറ്റി ലെഡെക്കി (നീന്തൽ)
അമേരിക്കയുടെ ദീർഘദൂര നീന്തൽ ഇതിഹാസമായ കാറ്റി ലെഡെക്കിക്ക് ഏഴ് ഒളിമ്പിക് സ്വർണവും 21 ലോക കിരീടങ്ങളുമായി ശ്രദ്ധേയമായ റെക്കോർഡുണ്ട്. 2012 ലണ്ടൻ ഗെയിംസിൽ 800 മീറ്റർ ഫ്രീസ്റ്റൈലിൽ ആദ്യ ഒളിമ്പിക് സ്വർണം നേടുമ്പോൾ 15 വയസ്സ്. അതിനുശേഷം ഒമ്പത് ഒളിമ്പിക് മെഡലുകൾ കൂടി സ്വന്തമാക്കി. ലോക ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വ്യക്തിഗത സ്വർണങ്ങൾ നേടിയ താരമാണ്. ഏറ്റവും കൂടുതൽ ഒളിമ്പിക് മെഡലുകൾ വനിതാ നീന്തൽ താരമെന്ന നേട്ടത്തിനായി ജെന്നി തോംസണിനൊപ്പമെത്താൻ (12) മറികടക്കാൻ രണ്ടെണ്ണം മാത്രം ആവശ്യം. ടോക്യോ ഒളിമ്പിക്സിലെ 800 മീറ്റർ, 1500 മീറ്റർ ഫ്രീസ്റ്റൈൽ ഇനങ്ങളിലെ വിജയം ആവർത്തിച്ചാൽ ഈ സ്വപ്നം അരികെയാണ്.
സിമോൺ ബൈൽസ് (ജിംനാസ്റ്റിക്സ്)
2016 റയോ ഒളിമ്പിക്സിൽ അരങ്ങേറ്റം കുറിച്ച യു.എസ് വനിത ജിംനാസ്റ്റിക് താരം സിമോൺ ബൈൽസ് നാല് സ്വർണ മെഡലുകളും (ടീം, ഓൾറൗണ്ട്, വോൾട്ട്, ഫ്ലോർ എക്സർസൈസ്) ബാലൻസ് ബീമിൽ വെങ്കലവും ഇതിനകം നേടി. ഏറ്റവും അടുത്ത എതിരാളിയായ അലി റെയ്സ്മാനേക്കാൾ 2.100 പോയന്റിന്റെ ലീഡും. മാനസികാരോഗ്യം ചൂണ്ടിക്കാട്ടി ബൈൽസ് ടോക്യോ ഒളിമ്പിക്സിലെ മത്സരങ്ങളിൽ നിന്ന് പിന്മാറി. 2023 ലെ ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ തിരിച്ചെത്തി. കൊഹി ഉചിമുറയ്ക്ക് ശേഷം ആറ് തവണ ഓൾറൗണ്ട് കിരീടം നേടിയ ഏക ജിംനാസ്റ്റായും മാറി. ഒളിമ്പിക്സിലെയും ലോക ചാമ്പ്യൻഷിപ്പിലെയും എക്കാലത്തെയും മികച്ച ജിംനാസ്റ്റായ വിറ്റാലി ഷെർബോയെയും മറികടന്നു.
മാ ലോങ് (ടേബ്ൾ ടെന്നിസ്)
"ദി ഡ്രാഗൺ" എന്ന് വിളിപ്പേരുള്ള ചൈനീസ് താരം മാ ലോങ് എക്കാലത്തെയും മികച്ച ടേബ്ൾ ടെന്നിസ് കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഒളിമ്പിക്സിൽ രണ്ട് സിംഗിൾസ് സ്വർണം നേടിയ ആദ്യ പുരുഷ താരമാണ്. 14 തവണ ലോക ചാമ്പ്യനായി. ഇപ്പോൾ ടീം സ്വർണത്തിന് പുറമെ റയോയിലും ടോക്യോയിലും തുടർച്ചയായി പുരുഷ സിംഗിൾസ് കിരീടങ്ങൾ സ്വന്തമാക്കി. പാരിസിലെ ടീം ഇവന്റിൽ ആറാം ഒളിമ്പിക് സ്വർണ മെഡലിനായി ഒരുങ്ങുകയാണ് ലോങ്.
സിഡ്നി മക്ലാഫ്ലിൻ ലെവ്റോൺ (400 മീ. ഹർഡ്ൽസ്)
2016ലെ റയോ ഗെയിംസിൽ യു.എസിനായി സിഡ്നി മക്ലാഫ്ലിൻ ലെവ്റോൺ 400 മീ. ഹർഡ്സിൽ ഇറങ്ങിയത് 16 വയസ്സിൽ. അന്ന് നേട്ടമുണ്ടായില്ലെങ്കിലും 2019 ലോക ചാമ്പ്യൻഷിപ്പിൽ ദലീല മുഹമ്മദിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി. 2021ലെ ടോക്യോ ഒളിമ്പിക്സിൽ ദലീലയെ കീഴടക്കി 51.46 എന്ന ലോക റെക്കോർഡ് സ്ഥാപിച്ച് സ്വർണം നേടി. അതിനുശേഷം ആധിപത്യം തുടർന്നു സ്വന്തം റെക്കോർഡുകൾ തകർത്തു. അടുത്തിടെ ഒളിമ്പിക് ട്രയൽസിൽ 50.65 എന്ന പുതിയ ലോക റെക്കോർഡും നേടി.
വിക്ടർ അക്സെൽസെൻ (ബാഡ്മിന്റൺ)
2016 റയോ ഒളിമ്പിക്സിലായിരുന്നു ഡെന്മാർക് ബാഡ്മിന്റൺ താരം വിക്ടർ അക്സൽസന്റെ ഒളിമ്പിക് അരങ്ങേറ്റം. രണ്ട് തവണ ഒളിമ്പിക് ചാമ്പ്യനായ ലിൻ ഡാനെ പരാജയപ്പെടുത്തി പുരുഷ സിംഗിൾസിൽ അന്ന് വെങ്കലം നേടി. പിന്നെ ടോക്യോ ഒളിമ്പിക്സിൽ പുരുഷ സിംഗിൾസ് സ്വർണം. അക്സൽസന് മുന്നിൽ നിലവിലെ ചാമ്പ്യൻ ചൈനയിൽ നിന്നുള്ള ചെൻ ലോങ് മുട്ടുമടക്കി. നിലവിൽ ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള അക്സൽസെൻ റാങ്കിങ് മെച്ചപ്പെടുത്താനും സ്വർണപ്രകടനം ആവർത്തിക്കാനുമാണ് പാരിസിലെത്തിയിരിക്കുന്നത്.
റാഫേൽ നദാൽ (ടെന്നിസ്)
സ്പാനിഷ് ടെന്നിസ് ഇതിഹാസം റാഫേൽ നദാലിന്റെ അവസാന ഒളിമ്പിക്സായിരിക്കും പാരിസിലെത്. 2004 ഏതൻസ് ഗെയിംസിലാണ് അദ്ദേഹം യാത്ര ആരംഭിച്ചത്. അന്ന് ഡബ്ൾസിൽ ടോമി റോബ്രെഡോയ്ക്കൊപ്പം മത്സരിച്ചു. 2008ലെ ബെയ്ജിങ് ഒളിമ്പിക്സ് പുരുഷ സിംഗിൾസ് ഫൈനലിൽ ചിലിയുടെ ഫെർണാണ്ടോ ഗോൺസാലസിനെ പരാജയപ്പെടുത്തി സ്വർണം നേടി. കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് 2012 ലണ്ടൻ ഗെയിംസ് നദാലിന് നഷ്ടമായെങ്കിലും റിയോ 2016 ൽ മടങ്ങിയെത്തി. കൈത്തണ്ടയിലെ പരിക്കിനെ മറികടന്ന് മാർക്ക് ലോപ്പസിനൊപ്പം ഡബിൾസിൽ സ്വർണം നേടി. ആരോഗ്യപരമായ കാരണങ്ങളാൽ ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് വിട്ടുനിന്നു. യുവതാരം കാർലോസ് അൽകാരസുമായി ചേർന്ന് പാരീസിൽ മൂന്നാം ഒളിമ്പിക് സ്വർണം ഉറപ്പാക്കാനാണ് നദാൽ ലക്ഷ്യമിടുന്നത്.
കിം വൂജിൻ (അമ്പെയ്ത്ത്)
2016 റയോ ഒളിമ്പിക്സിൽ പുരുഷ വ്യക്തിഗത അമ്പെയ്ത്ത് ഇനത്തിലെ റാങ്കിങ് റൗണ്ടിൽ 720ൽ 700 പോയിൻ്റ് നേടി ലോക റെക്കോർഡ് സ്ഥാപിച്ചാണ് കൊറിയക്കാരൻ കിം വൂജിൻ വാർത്തകളിൽ ഇടം നേടിയത്. പുതിയ 72 ആരോ റാങ്കിങ് റൗണ്ട് ഫോർമാറ്റിന് കീഴിൽ ഈ സ്കോർ നേടുന്ന ആദ്യത്തെ അമ്പെയ്ത്ത് താരമായി. എന്നിരുന്നാലും, റയോയിൽ ഇന്തോനേഷ്യയുടെ റിയാവു ഈഗ അഗതയോട് രണ്ടാം റൗണ്ടിൽ ഞെട്ടിക്കുന്ന തോൽവിയാണ് വുജിൻ നേരിട്ടത്. പക്ഷെ കു ബോഞ്ചൻ, ലീ സ്യൂങ്യുൺ എന്നിവരോടൊപ്പം പുരുഷ ടീം സ്വർണം നേടി. ഓ ജിൻ ഹൈക്ക്, കിം ജെ ഡിയോക്ക് എന്നിവരോടൊപ്പം ടോക്യോയിലും സ്വർണപ്രകടനം ആവർത്തിച്ചു. വുജിൻ തന്റെ മൂന്നാം ഒളിമ്പിക് ടീം സ്വർണവും ആദ്യ വ്യക്തിഗത മെഡലുമാണ് പാരിസിലെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.