ഒളിമ്പിക്സിന് ഒമ്പതംഗ സംഘം; ശുഭാപ്തിവിശ്വാസത്തോടെ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: കായിക ലോകം ഒരുമിക്കുന്ന പാരിസ് ഒളിമ്പിക്സിൽ പുതിയ വേഗവും ദൂരവും കുറിച്ച് തങ്ങളുടെ സ്ഥാനവും അടയാളപ്പെടുത്താൻ ഒരുങ്ങി കുവൈത്തും. പാരിസ് ഒളിമ്പിക്സിൽ ആറ് മത്സരങ്ങളിലായി ഒമ്പത് കായികതാരങ്ങൾ കുവൈത്തിനായി കളത്തിലിങ്ങും. ഒമ്പത് അത്ലറ്റുകളിൽ നാല് പേരും വനിതകളാണ്.
അമ്പെയ്ത്ത്, ഫെൻസിങ്, നീന്തൽ, അത്ലറ്റിക്സ്, തുഴച്ചിൽ, കപ്പലോട്ടം എന്നിവയിലാണ് കുവൈത്ത് താരങ്ങൾ മികവ് തെളിയിക്കാനിറങ്ങുന്നത്. ഷൂട്ടിങ്ങിൽ ഖാലിദ് അൽ മുദാഫും മുഹമ്മദ് അൽ ദൈഹാനിയും കുവൈത്തിനെ പ്രതിനിധീകരിക്കും ഫെൻസിങ്ങിൽ യൂസഫ് അൽ ഷംലാൻ കുവൈത്തിന്റെ പ്രതീക്ഷയാണ്. അത്ലറ്റിക്സിൽ യാക്കൂബ് അൽ യോഹയും, അമൽ അൽ റൂമിയും ട്രാക്കിലിറങ്ങും.
നീന്തലിൽ മുഹമ്മദ് അൽ സുബൈദും, ലാറ ദഷ്തിയും തുഴച്ചിലിൽ സൗദ് അൽ ഫഖാനും, കപ്പലോട്ടത്തിൽ അൽഷറ അമിന ഷായും കുവൈത്തിന്റെ പ്രതീക്ഷകളുമായി പാരിസിലുണ്ട്. മികച്ച പ്രകടനത്തോടെ ലോക കായിക ഭൂപടത്തിൽ കുവൈത്ത് പതാകയും ഉയരുമെന്ന പ്രതീക്ഷയിലാണ് ഒളിമ്പിക് കമ്മിറ്റി.
അത്ലറ്റുകളുടെ കഴിവിലും ഉയർന്ന നേട്ടങ്ങൾ കൈവരിക്കാനുള്ള ശേഷിയിലും കുവൈത്ത് പ്രതിനിധി സംഘം ഡയറക്ടർ അലി അൽ മെറി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അത്ലറ്റുകൾക്ക് മികച്ച പരിശീലനവും ക്യാമ്പുകളും ഉൾപ്പെടെ സാങ്കേതികവും ശാരീരികവുമായ പിന്തുണ കുവൈത്ത് ഒളിമ്പിക്സ് കമ്മിറ്റി നൽകിയതായും വ്യക്തമാക്കി.
14 തവണ ഒളിമ്പിക്സിൽ പങ്കെടുത്ത കുവൈത്തിന് മൂന്ന് വെങ്കല മെഡലുകളാണ് സമ്പാദ്യം. 2020 ടോക്യോ ഒളിമ്പിക്സിലാണ് അവസാന മെഡൽ. ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.