ടോക്യോ ആവർത്തിക്കാൻ ഇന്ത്യ
text_fieldsപാരിസ്: വലിയ നേട്ടങ്ങൾ കൊതിപ്പിച്ചവർ ഫൈനലിനരികെ വീണെങ്കിലും ഇനി മുന്നിൽ ടോക്യോ ഒളിമ്പിക്സിലെ വെങ്കലനേട്ടം. ഒളിമ്പിക് ഹോക്കി സെമിയിൽ ലോക ചാമ്പ്യന്മാരായ ജർമനിയോട് ഒപ്പത്തിനൊപ്പം നിന്ന് പൊരുതിയായിരുന്നു ഇന്ത്യ കീഴടങ്ങിയത്. ഇന്ന് വെങ്കല മെഡൽ പോരാട്ടത്തിൽ സ്പെയിനാണ് എതിരാളികൾ. മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷ് ഈ മത്സരത്തോടെ കളംവിടും.
കഴിഞ്ഞ ദിവസം തുടക്കം ഗംഭീരമാക്കിയായിരുന്നു ഇന്ത്യൻ പ്രകടനം. പലവട്ടം പെനാൽറ്റി കോർണറുകൾ സൃഷ്ടിച്ച ടീം ഏഴാം മിനിറ്റിൽ ഹർമൻപ്രീതിലൂടെ ലീഡ് പിടിക്കുകയും ചെയ്തു. എന്നാൽ, രണ്ടാം പകുതിയിൽ ഉജ്ജ്വലമായി തിരിച്ചുവന്ന ജർമനി നിമിഷങ്ങൾക്കിടെ രണ്ടുവട്ടം വല കുലുക്കി മുന്നിലെത്തി. പിന്നെയും ഗോൾമടക്കി ഇന്ത്യ തിരിച്ചടിച്ചെങ്കിലും നാലാം പാദത്തിൽ കടുത്ത സമ്മർദവും ആക്രമണവുമായി ജർമനി കളി പിടിക്കുകയായിരുന്നു. 10 പെനാൽറ്റി കോർണറുകളടക്കം നിരവധി അവസരങ്ങൾ പാഴാക്കിയാണ് ഇന്ത്യ അർഹിച്ച ഫൈനൽ നഷ്ടപ്പെടുത്തിയത്. അമിത് രോഹിദാസ് വിലക്കിനെ തുടർന്ന് പുറത്തിരുന്നത് പെനാൽറ്റി കോർണറുകൾ ലക്ഷ്യത്തിലെത്തിക്കുന്നതിൽ വില്ലനായി. എന്നാൽ, വെങ്കല പോരാട്ടത്തിൽ താരം തിരിച്ചെത്തുന്നത് നിർണായകമാകും.
1980ലായിരുന്നു ഇന്ത്യ അവസാനമായി ഒളിമ്പിക്സ് ഫൈനൽ കളിച്ചത്. മോസ്കോ ഗെയിംസിൽ ടീം സ്വർണം നേടുകയും ചെയ്തു. അതിനുമുമ്പ് 1960ലാണ് അവസാനമായി വെള്ളി മെഡൽ നേടിയത്. ഇന്ത്യക്കിന്ന് വെങ്കലം നേടാനായാൽ തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും മെഡൽ നേട്ടമെന്ന സന്തോഷം ഹോക്കി ടീമിന്റേതാകും. സ്പെയിനിനെതിരെ ഒളിമ്പിക്സിൽ ഇരുടീമുകളും 10 തവണ മുഖാമുഖം നിന്നതിൽ ഏഴും ജയിച്ചത് ഇന്ത്യയാണ്. സ്പെയിനാകട്ടെ, ഒറ്റത്തവണയാണ് ജയിച്ചത്. രണ്ടുതവണ കളി സമനിലയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.