വിനേഷ് ഫോഗട്ടിന്‍റെ അപ്പീലിൽ ഇന്ന് വിധിയില്ല; അന്തിമ തീരുമാനം ഞായറാഴ്ച വൈകിട്ട്
text_fieldsപാരിസ്: ഒളിമ്പിക്സ് ഫൈനൽ മത്സരത്തിനു മുമ്പ് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന്‍റെ അപ്പീലിൽ ഇന്ന് വിധി പറയില്ല. വിധി പറയുന്നത് ഞായറാഴ്ച വൈകിട്ടത്തേക്ക് മാറ്റിവെക്കാനാണ് രാജ്യാന്തര കായിക കോടതിയുടെ തീരുമാനം. വനിതാ ഗുസ്തിയുടെ ഫൈനലിനു മുമ്പ് അയോഗ്യയാക്കപ്പെട്ടതിനെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വാദം പൂർത്തിയായിരുന്നു.
ഫൈനലിന് ഇറങ്ങേണ്ട ദിവസം രാവിലെ നടത്തിയ ഭാരപരിശോധനയിൽ 100 ഗ്രാം കൂടിപ്പോയെന്നു ചൂണ്ടിക്കാട്ടിയാണ് അധികൃതർ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ഇതിനെതിരെയാണ് താരം അപ്പീൽ നൽകിയത്. ഗുസ്തി മത്സരങ്ങൾ നടക്കുന്ന വേദിയിൽനിന്ന് താരങ്ങൾ താമസിക്കുന്ന ഒളിമ്പിക് വില്ലേജിലേക്കുള്ള ദൂരം ഉൾപ്പെടെയുള്ള വിഷയങ്ങൾ വിനേഷ് ഫോഗട്ടിനായി ഹാജരായ മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെ കോടതിക്കു മുന്നിൽ നിരത്തി.മത്സരങ്ങൾക്കിടയിലുള്ള തീരെ ചെറിയ ഇടവേളകളും ഭാരപരിശോധനയിൽ പരാജയപ്പെടാനുള്ള കാരണമായി എടുത്തുകാട്ടി.
ഞായറാഴ്ച ഒളിമ്പിക്സ് സമാപിക്കാനിരിക്കെ, അതിനു മുന്നോടിയായി വിധി വരുമെന്നായിരുന്നു നേരത്തെ കോടതി അറിയിച്ചത്. ആദ്യ ദിവസം തുടർച്ചയായി മൂന്ന് എതിരാളികളെ തോൽപ്പിച്ച് ഫൈനലിലെത്തിയ വിനേഷ് ഫോഗട്ട്, തനിക്ക് സംയുക്ത വെള്ളിമെഡലിന് അവകാശം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. മൂന്നു മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിൽ, എല്ലാ കക്ഷികളുടെയും വാദങ്ങൾ ആർബിട്രേറ്റർ അന്നാബെൽ ബെന്നെറ്റ് കേട്ടു. ആദ്യം സ്വന്തം വാദങ്ങൾ വിശദമായി രേഖാമൂലം സമർപ്പിച്ച കക്ഷികൾ, പിന്നീട് ആർബിട്രേറ്ററിനു മുന്നിൽ നേരിട്ടും വാദമുഖങ്ങൾ നിരത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.