ഇന്നും വിധി ഇല്ല; വിനേഷ് ഫോഗട്ടിന്‍റെ അപ്പീലിൽ കായിക കോടതി വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി
text_fieldsപാരിസ്: ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്‍റെ അപ്പീലിൽ വിധി പറയുന്നത് കായിക കോടതി മൂന്നാം തവണയും മാറ്റിവെച്ചു. വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയതായി കായിക കോടതി അറിയിച്ചു.
100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ ഫോഗട്ടിനെ ഒളിമ്പിക്സ് ഫൈനലിൽനിന്ന് അയോഗ്യയാക്കിയതിനെതിരെയാണ് രാജ്യാന്തര തർക്കപരിഹാര കോടതിയെ സമീപിച്ചത്. വിധി പറയാൻ ആസ്ട്രേലിയൻ ആർബിട്രേറ്റർക്ക് കൂടുതൽ സമയം അനുവദിക്കുകയായിരുന്നു. ഫൈനലിൽ എത്തിയശേഷമാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത് എന്നതിനാൽ വെള്ളി മെഡൽ പങ്കിടാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയത്. ഒളിമ്പിക്സ് ഗുസ്തി 50 കിലോഗ്രാം ഫൈനൽ മത്സരത്തിന്റെ അന്നാണു വിനേഷ് ഫോഗട്ടിന്റെ ശരീരം ഭാരം കൂടിയെന്നു കാണിച്ച് താരത്തെ അയോഗ്യയാക്കിയത്.
ഭാരം കുറക്കുന്നതിനായി താരം തലേന്ന് രാത്രി മുഴുവൻ കഠിനാധ്വാനം ചെയ്തെങ്കിലും ഫലം കണ്ടിരുന്നില്ല. തുടർന്ന് താരം രാജ്യാന്തര കായിക തർക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. അപ്പീലിൽ കഴിഞ്ഞ ദിവസം തന്നെ വാദം പൂർത്തിയായിരുന്നു. വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 9.30നാണ് ഇനി വിധി പറയുക. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ചൊവ്വാഴ്ച രാത്രി നടത്താനിരുന്ന വാർത്തസമ്മേളനവും മാറ്റിവെച്ചിട്ടുണ്ട്.
നേരത്തെ, ഐ.ഒ.സി പ്രസിഡന്‍റ് പി.ടി. ഉഷയും മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയും കായിക കോടതി വിധിക്കു പിന്നാലെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.