സൈനിക സേവനത്തിനിടെ ഇടങ്കാൽ നഷ്ടമായി, 40-ാം വയസിൽ പാരാലിമ്പിക് മെഡൽ; തളരാത്ത പോരാട്ട വീര്യവുമായി ഹൊകാതോ
text_fieldsപാരിസിലെ പാരാലിമ്പിക്സ് വേദിയിൽ ഇന്ത്യക്കായി മറ്റൊരു മെഡൽ കൂടി നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ഹൊകാതോ ഹൊതോഷെ സെമ. പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ (എഫ് 57 വിഭാഗം) വെങ്കലമെഡൽ സ്വന്തമാക്കിയ നാൽപതുകാരനായ ഹൊകാതോ, നാഗലാൻഡിൽനിന്ന് പാരാലിമ്പിക് മെഡൽ നേടുന്ന ആദ്യ കായികതാരം കൂടിയാണ്. ഇറാന്‍റെ യാസിൻ ഖൊസ്രാവി (15.96) സ്വർണവും ബ്രസീലിന്‍റെ തിയാഗോ പൗളീനോ (15.06) വെള്ളിയും നേടിയപ്പോൾ, 14.56 മീറ്റർ ദൂരത്തേക്ക് ഷോട്ട്പുട്ട് എറിഞ്ഞാണ് ഹൊകാതോ വെങ്കല മെഡൽ എത്തിപ്പിടിച്ചത്.
നാഗലാൻഡിൽനിന്ന് പാരാലിമ്പിക് വേദിയിലേക്കുള്ള ഹൊകാതോയുടെ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. 1983 ഡിസംബറിൽ കർഷക കുടുംബത്തിലെ നാലു മക്കളിൽ രണ്ടാമനായാണ് ഹൊകാതോ ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ സൈന്യത്തിന്‍റെ പ്രത്യേക വിഭാഗത്തിൽ ചേരുക എന്നതായിരുന്നു ഹൊകാതോയുടെ സ്വപ്നം. കഠിനാധ്വാനം ചെയ്ത് 17-ാം വയസ്സിൽ സേനയിൽ പ്രവേശിച്ച ഹൊകാതോക്ക് വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. 2002 ഒക്ടോബറിൽ നുഴഞ്ഞുകയറ്റക്കാരെ തുരത്താനുള്ള ദൗത്യത്തിനിടെ കുഴിബോംബ് പൊട്ടി ഇടതുകാൽ നഷ്ടമായി. മുട്ടിനു താഴേക്ക് പൂർണമായും അറ്റുപോയതോടെ, സ്പെഷൽ ഫോഴ്സിൽ ചേരുകയെന്ന സ്വപ്നം പൊലിഞ്ഞു.
അപകടത്തിന്‍റെ ആഘാതത്തിൽനിന്ന് മോചനം നേടാൻ ഹോകാതോക്ക് ഏറെനാൾ വേണ്ടിവന്നു. എന്നാൽ ജീവതത്തിൽ തോറ്റുകൊടുക്കാൻ അദ്ദേഹം തയാറായിരുന്നില്ല. പാരാ അത്ലറ്റിക്സിലേക്ക് തിരിഞ്ഞ ഹൊകാതോ തന്‍റെ ഒരു കാലിന് ശേഷിയില്ലാത്തതും പേശികൾക്ക് ബലക്ഷയം വന്നതും വകവെക്കാതെ പുണെയിൽ ആർമി പാരാലിമ്പിക് നോഡിൽ എത്തിയാണ് പരിശീലനം നടത്തിയത്. വർഷങ്ങൾ നീണ്ട കഠിന പരിശീലത്തിനൊടുവിലാണ് ഹൊകാതോ രാജ്യാന്തര നിലവാരത്തിലേക്കുയർന്നത്.
2022ലെ ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കല മെഡൽ നേട്ടത്തോടെയാണ് ഹൊകാതോ രാജ്യാന്തര വേദിയിലേക്കുള്ള തന്‍റെ വരവറിയിച്ചത്. അതേവർഷം മൊറോക്കോ ഗ്രാൻഡ്പ്രിക്സിൽ വെള്ളി മെഡൽ ജേതാവായി. ഈ വർഷം നടന്ന ലോക ചാമ്പ്യൻഷിപിൽ നാലാം സ്ഥാനത്താണ് ഹൊകാതോ ഫിനിഷ് ചെയ്തത്. ഒടുവിൽ പാരാലാമ്പിക് മെഡൽ നേട്ടത്തോടെ അദ്ദഹം ലോകത്തോട് പറയുന്നത് മുമ്പും കേട്ടിട്ടുള്ള അതേ പഴമൊഴിയാണ് - ദൃഢനിശ്ചയവും സ്ഥിരോത്സാഹവുമുണ്ടെങ്കിൽ ആർക്കും ഉന്നത വിജയം നേടാം. വെല്ലുവിളികൾ നേരിടാനുള്ള മനോധൈര്യമാണ് വിജയത്തിന്‍റെ ആദ്യപടിയെന്നും ഹൊകാതോ കാണിച്ചുതരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.