ഒളിമ്പിക്സിൽ ഫോട്ടോഫിനിഷ്; ചൈനയെ പിന്തള്ളി യു.എസ്.എ ഒന്നാമത്, ഇന്ത്യ 71ാം സ്ഥാനത്ത്
text_fieldsപാരിസ്: ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ചൈനയുമായുള്ള ഇഞ്ചോടിഞ്ച് പോരിനൊടുവിൽ ഒന്നാം സ്ഥാനം നിലനിർത്തി യു.എസ്.എ. ഇരു രാജ്യങ്ങൾക്കും 40 സ്വർണം വീതമാണെങ്കിലും 44 വെള്ളിയും 42 വെങ്കലവുമടക്കം 126 മെഡൽ നേടിയ യു.എസ്.എ ഒന്നാം സ്ഥാനം പിടിക്കുകയായിരുന്നു. ചൈനക്ക് 27 വെള്ളിയും 24 വെങ്കലവുമടക്കം 91 മെഡലാണുള്ളത്. 20 സ്വർണവും 12 വെള്ളിയും 13 വെങ്കലവുമടക്കം 45 മെഡലുകളുമായി ജപ്പാൻ മൂന്നാം സ്ഥാനം നിലനിർത്തി. ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുമായി ഇന്ത്യ 71ാം സ്ഥാനത്താണ്. കഴിഞ്ഞ തവണ നീരജ് ചോപ്രയുടെ സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം 48ാം സ്ഥാനത്തായിരുന്നു ഇന്ത്യ ഫിനിഷ് ചെയ്തത്.
2020ലെ ടോക്യോ ഒളിമ്പിക്സിൽ 39 സ്വർണവും 41 വെള്ളിയും 33 വെങ്കലവുമടക്കം 113 മെഡലുമായി അമേരിക്ക തന്നെയായിരുന്നു ഒന്നാമത്. 38 സ്വർണവും 32 വെള്ളിയും 19 വെങ്കലവുമടക്കം 89 മെഡലുമായി തൊട്ടുപിന്നിൽ ചൈനയും നിലയുറപ്പിച്ചു. 27 സ്വർണമടക്കം 58 മെഡലുമായി ജപ്പാനായിരുന്നു മൂന്നാമത്.
ആറിലൊതുങ്ങി ഇന്ത്യ
ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ 2021ൽ നടന്ന ടോക്യോ ഒളിമ്പിക്സിൽ പുറത്തെടുത്തത്. കോവിഡ് പ്രതിസന്ധിയിൽ ഒരുവർഷം വൈകി അരങ്ങേറിയ ടോക്യോ ഗെയിംസിൽ നീരജ് ചോപ്ര പുരുഷ ജാവലിൻ ത്രോയിൽ നേടിയ സ്വർണം തലമുറകളെത്തന്നെ പ്രചോദിപ്പിക്കുന്നതായിരുന്നു. രണ്ട് സ്വർണവും നാല് വെങ്കലവുമടക്കം ഏഴ് മെഡലുകൾ അന്ന് ലഭിച്ചു. ഇത്തവണ പക്ഷേ നീരജിന്റെ വെള്ളിയും അഞ്ച് വെങ്കല മെഡലുകളുമാണ് സമ്പാദ്യം.
വനിത ബോക്സിങ് ഫൈനലിലെത്തി അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട്, ബാഡ്മിന്റണിലെ സാത്വിക് ചിരാഗ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം തുടങ്ങിയവരിൽ നിന്നെല്ലാം ഇന്ത്യ സ്വർണത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിരുന്നില്ല. എന്നാൽ, മെഡൽപ്പട്ടികയിൽപ്പോലും ഇവരുടെ പേര് വന്നില്ല. അഞ്ചിൽ മൂന്ന് വെങ്കലവും ലഭിച്ചത് ഷൂട്ടിങ്ങിലാണ്. വനിത 10 മീ. എയർ പിസ്റ്റളിൽ അക്കൗണ്ട് തുറന്ന മനു ഭാകർ, മിക്സഡിൽ സരബ്ജ്യോത് സിങ്ങിനൊപ്പവും വെങ്കലം നേടി. പുരുഷ 50 മീ. റൈഫിൾ 3 പൊസിഷനിൽ സ്വപ്നിൽ കുശാലെയും മെഡൽ സ്വന്തമാക്കി. ഹോക്കി ടീം വെങ്കലം നിലനിർത്തിയതിന് പിന്നാലെ അമൻ സെഹ്റാവത്ത് പുരുഷ 57 കിലോ ഫ്രീ സ്റ്റൈൽ ഗുസ്തിയിലും മൂന്നാം സ്ഥാനക്കാരനായി പട്ടിക തികച്ചു.
ഇന്ന് കൊടിയിറക്കം
ഇന്ന് രാത്രി ഇന്ത്യൻ സമയം 12.30 മുതൽ പ്രശസ്തമായ സ്റ്റേഡ് ഡി ഫ്രാൻസിലാണ് ഒളിമ്പിക്സ് സമാപന പരിപാടികൾ. ഒളിമ്പിക്സിൽ പങ്കെടുത്ത മുഴുവൻ രാജ്യങ്ങളിലെയും താരങ്ങൾ സ്റ്റേഡിയത്തിൽ അണിനിരക്കും. ഇതിഹാസ ഹോക്കി ഗോൾകീപ്പർ പി.ആർ. ശ്രീജേഷും ഷൂട്ടിങ്ങിൽ ഇരട്ട വെങ്കലം നേടിയ മനു ഭാകറുമാണ് ഇന്ത്യൻ പതാകയേന്തുക. ജൂലൈ 26നാണ് പാരിസ് ഒളിമ്പിക്സിന് ഔദ്യോഗികമായി തുടക്കമായത്. 206 രാജ്യങ്ങളിൽ നിന്നായി 10,714 താരങ്ങൾ മത്സരിക്കാനിറങ്ങി. 117 താരങ്ങളുമായാണ് ഇന്ത്യയെത്തിയത്. രണ്ട് മണിക്കൂറിലധികം നീളുന്ന ഇന്നത്തെ സമാപന പരിപാടിയിൽ ഒളിമ്പിക് പതാക അടുത്ത ഒളിമ്പിക്സിന് വേദിയാകുന്ന ലോസ് ആഞ്ജലസ് ഗെയിംസ് സംഘാടകർക്ക് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.