തിരിച്ചുവരവിൽ മൈക്ക് ടൈസന് തോൽവി; 27കാരനു മുന്നിൽ അടിതെറ്റി
text_fieldsടെക്സസ്: ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരം മൈക്ക് ടൈസന് തോൽവി. യൂട്യൂബറും പ്രഫഷനൽ ബോക്സറുമായ ജേക്ക് പോളിനു മുന്നിലാണ് ടൈസന് അടിതെറ്റിയത്.
എട്ടു റൗണ്ടിലും യുവതാരത്തിനെതിരെ പൊരുതിനോക്കിയെങ്കിലും പ്രായത്തിന്‍റെ അവശതകൾ ടൈസനെ ബാധിച്ചെന്ന് വ്യക്തമാകുന്നതായിരുന്നു റിങ്ങിലെ പ്രകടനം. 58കാരനായ ടൈസനേക്കാൾ 31 വർഷം ചെറുപ്പമാണ് പോൾ. വിധികർത്താക്കൾ ഏകകണ്ഠമായാണ് പോളിനെ വിജയിയായി പ്രഖ്യാപിച്ചത്.
എൻ.എഫ്.എൽ ടീം ഡാലസ് കൗബോയ്സിന്റെ ഗ്രൗണ്ടായ എ.ടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 80-72, 79-73, 79-73 എന്ന സ്കോറിനായിരുന്നു ടൈസന്‍റെ തോൽവി. ആറു വർഷം മുമ്പ് പ്രഫഷനൽ ബോക്സിങ്ങിലേക്കു വന്ന പോളിന്റെ ആദ്യത്തെ ഹെവിവെയ്റ്റ് മത്സരമാണിത്. 2005ൽ ബോക്സിങ് റിങ്ങിൽനിന്നു വിരമിച്ച ടൈസൻ നാലുവർഷം മുമ്പാണ് അവസാനമായൊരു പ്രദർശന മത്സരത്തിനിറങ്ങിയത്.
കരഘോഷത്തോടെയാണ് ടൈസനെ റിങ്ങിലേക്ക് കാണികൾ വരവേറ്റത്. എന്നാൽ, ബോക്സിങ്ങിൽ താരം നിരാശപ്പെടുത്തി. യുവതാരം പോളിന് തന്‍റെ വേഗതയും ചലനവും ഉപയോഗിച്ച് ടൈസണെ അനായാസം ഇടിച്ചിടാനായി. ടൈസൺ നടത്തിയ 97 പഞ്ചുകളിൽ 18 എണ്ണത്തിൽ മാത്രമാണ് കൃത്യതയുണ്ടായിരുന്നത്. എന്നാൽ പോൾ 278ൽ 78ലും കൃത്യത വരുത്തി.
മത്സരത്തിൽ വിജയിയായ പോളിന് 300കോടിയിലേറെ രൂപയും മൈക്ക് ടൈസന് 200കോടിയിലേറെ രൂപയും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒ.ടി.ടി ഭീമന്മാരായ നെറ്റ്ഫ്ലിക്സാണ് മത്സരം തത്സമയം സംപ്രേക്ഷണം ചെയ്തത്. എന്നാൽ സംപ്രേക്ഷണത്തിൽ പലതവണ തടസ്സം നേരിട്ടെന്ന വ്യാപക പരാതികളുണ്ട്. അതിനിടെ മത്സരം മുൻകൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചാണ് അരങ്ങേറിയതെന്ന വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.