പി.എഫ്.എ ‘െപ്ലയർ ഓഫ് ദ ഇയർ’ പുരസ്കാരം ഫിൽ ഫോഡന്; കോൾ പാൽമർ യുവതാരം
text_fieldsലണ്ടൻ: പ്രഫഷനൽ ഫുട്ബാളേഴ്സ് അസോസിയേഷന്റെ (പി.എഫ്.എ) കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് മിഡ്ഫീൽഡർ ഫിൽ ഫോഡന്. ചെൽസി വിംഗർ കോൾ പാൽമറാണ് മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടത്. 2009-10 സീസണിന് ശേഷം ആദ്യമായാണ് ഇരു വിഭാഗത്തിലും ഇംഗ്ലീഷ് താരങ്ങൾ ജേതാക്കളാകുന്നത്. വെയിൻ റൂണിയും ജെയിംസ് മിൽനറുമായിരുന്നു അന്ന് പുരസ്കാരം നേടിയത്.
കഴിഞ്ഞ സീസണിൽ ഫോഡൻ 35 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 19 ഗോളും എട്ട് അസിസ്റ്റും നേടിയിരുന്നു. തുടർച്ചയായ നാലാം തവണയും പ്രീമിയർ ലീഗിൽ സിറ്റിയെ ജേതാക്കളാക്കുന്നതിലും നിർണായക പങ്കുവഹിച്ചു. കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗ് െപ്ലയർ ഓഫ് ദ സീസൺ പുരസ്കാരവും ഫുട്ബാൾ റൈറ്റേഴ്സ് അസോസിയേഷന്റെ ഫുട്ബാളർ ഓഫ് ദ ഇയർ അവാർഡും ഫോഡനായിരുന്നു. ആറ് ലീഗ് കിരീടങ്ങൾ നേടിയ പ്രായം കുറഞ്ഞ താരമെന്ന നേട്ടവും 23കാരൻ സ്വന്തമാക്കിയിരുന്നു.
സിറ്റിയിലെ സഹതാരങ്ങളായ എർലിങ് ഹാലണ്ട്, റോഡ്രി, ചെൽസിയുടെ കോൾ പാൽമർ, ആഴ്സണലിന്റെ മാർട്ടിൻ ഒഡേഗാർഡ്, ആസ്റ്റൻ വില്ലയുടെ ഒലീ വാറ്റ്കിൻസ് എന്നിവരായിരുന്നു അന്തിമ പട്ടികയിലുണ്ടായിരുന്നത്. കഴിഞ്ഞ സീസണിൽ പുരസ്കാരം എർലിങ് ഹാലണ്ടിനായിരുന്നു.
മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട കോൾ പാൽമർ കഴിഞ്ഞ സീസണിൽ ചെൽസിക്കായി 34 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 22 ഗോൾ നേടിയിരുന്നു. ലീഗിലെ മികച്ച പ്രകടനം യൂറോ കപ്പിനുള്ള ഇംഗ്ലീഷ് ടീമിലും ഇടം നേടിക്കൊടുത്തിരുന്നു. ആഴ്സണലിന്റെ ബുകായോ സാക, മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ കോബി മൈനൂ, അലജാന്ദ്രോ ഗർണാച്ചോ, ക്രിസ്റ്റൽ പാലസിന്റെ മൈക്കൽ ഒലിസെ, ബ്രൈറ്റണിന്റെ ജോവോ പെഡ്രോ എന്നിവരാണ് യുവതാരത്തിനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്നത്.
വനിതകളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഖദീജ ഷോ മികച്ച താരത്തിനും യുനൈറ്റഡിന്റെ ഗ്രേസ് ക്ലിന്റൺ യുവതാരത്തിനുമുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കി. പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾക്കാണ് പി.എഫ്.എ പുരസ്കാരം നൽകുന്നത്.
കഴിഞ്ഞ സീസണിലെ മികച്ച താരങ്ങളുടെ ഇലവനെ പ്രഖ്യാപിച്ചപ്പോൾ ഒമ്പത് പേരും മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ താരങ്ങളാണ്. നിലവിലെ ചാമ്പ്യന്മാരായ സിറ്റിയിൽനിന്ന് നാലും ആഴ്സണലിൽനിന്ന് അഞ്ചും താരങ്ങളാണ് ടീമിലെത്തിയത്. സിറ്റിയിൽനിന്ന് കെയ്ൽ വാൽകർ, റോഡ്രി, എർലിങ് ഹാലണ്ട്, ഫിൽ ഫോഡൻ എന്നിവരും ഗണ്ണേഴ്സിൽനിന്ന് ഡേവിഡ് റായ, വില്യം സാലിബ, ഗബ്രിയേൽ, ഡക്ലാൻ റൈസ്, മാർട്ടിൻ ഒഡേഗാർഡ് എന്നിവരുമാണ് ഇടം നേടിയത്. ഇവർക്ക് പുറമെ ലിവർപൂൾ ഡിഫൻഡർ വിർജിൽ വാൻഡൈകും ആസ്റ്റൻ വില്ല ഫോർവേഡ് ഒലി വാറ്റ്കിൻസുമാണ് 11 അംഗ ടീമിൽ സ്ഥാനം പിടിച്ചത്.
ടീം: ഗോൾകീപ്പർ -ഡേവിഡ് റായ. ഡിഫൻഡർമാർ -വില്യം സാലിബ, വിർജിൽ വാൻഡൈക്, ഗബ്രിയേൽ, കെയ്ൽ വാൽകർ. മിഡ്ഫീൽഡർമാർ -റോഡ്രി, ഡെക്ലാൻ റൈസ്, മാർട്ടിൻ ഒഡേഗാർഡ്. ഫോർവേഡുമാർ -എർലിങ് ഹാലണ്ട്, ഫിൽ ഫോഡൻ, ഒലീ വാറ്റ്കിൻസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.