എല്ലാ പഞ്ചായത്തുകളിലും ഉടൻ കളിക്കളം ഒരുക്കും -മന്ത്രി
text_fieldsമാറഞ്ചേരി: ജനങ്ങളുടെ കായിക ക്ഷമത വർധിപ്പിക്കുന്നതിനായി എല്ലാ പഞ്ചായത്തിലും ഓരോ കളിക്കളം എന്ന ലക്ഷ്യം പൂർത്തീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. വെളിയങ്കോട്, മാറഞ്ചേരി സ്പോർട്സ് സ്റ്റേഡിയങ്ങളുടെ നിര്‍മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കളിക്കളങ്ങൾ ഇല്ലാത്ത 465 പഞ്ചായത്തുകളിലും ഉടൻ കളിക്കളങ്ങൾ ഒരുക്കും. ഇതിന്റെ ഭാഗമായി 112 പുതിയവ അനുവദിച്ചു. കായിക രംഗത്തെ പ്രവർത്തനം ഊർജിതപ്പെടുത്തുന്നതിനായി പഞ്ചായത്തുതല സ്പോർട്സ് കൗൺസിന്റെ രൂപവത്കരണം പൂർത്തിയായി. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളില്‍ കായികം പാഠ്യപദ്ധതിയുടെ ഭാഗമാകും.
അക്കാദമിക തലത്തില്‍ കായികം പ്രത്യേക ഇനമായി ആദ്യമായി ഉള്‍പ്പെടുത്തുകയാണ്. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവരും കായികക്ഷമത ഉള്ളവരായിരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കായികം അക്കാദമിക പാഠ്യപദ്ധതിയില്‍ ഉൾപ്പെടുത്തുന്നത്. കൂടുതൽ ആളുകളെ കളിക്കളത്തിലേക്ക് ആകർഷിക്കുന്നതിനുള്ള നടപടികൾ പഞ്ചായത്തുതല സ്പോർട്സ് കൗൺസിൽ ഏറ്റെടുത്തു നടപ്പാക്കണം. കളരി ഉൾപ്പെടെയുള്ള ആയോധന മുറകളിൽ പെൺകുട്ടികൾക്ക് പരിശീലനം നൽകുന്നതിനുള്ള പദ്ധതികളും ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
വെളിയങ്കോട്, മാറഞ്ചേരി സ്റ്റേഡിയം നിര്‍മാണം ഉദ്ഘാടനം ചെയ്തു
വെളിയങ്കോട്: മാറഞ്ചേരിയുടെയും വെളിയങ്കോടിന്റെയും കായിക സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി വെളിയങ്കോട് ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലും മാറഞ്ചേരി പഞ്ചായത്ത് മൈതാനത്തും നിർമിക്കുന്ന സ്റ്റേഡിയങ്ങളുടെ നിർമാണോദ്ഘാടനം കായിക, വഖഫ്, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് നിര്‍വഹിച്ചു. പി. നന്ദകുമാര്‍ എം.എല്‍.എ. അധ്യക്ഷനായി. സ്റ്റേഡിയത്തിന്റെ ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു.
ഫുട്ബാൾ കോര്‍ട്ട്, ഇന്‍ഡോര്‍ കോര്‍ട്ട്, ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട്, മഡ് ഫുട്ബാള്‍ കോര്‍ട്ട്, മള്‍ട്ടി പര്‍പ്പസ് കോര്‍ട്ട് ഡ്രൈനേജ് സിസ്റ്റം, ടോയ്ലറ്റ് ബ്ലോക്ക് എന്നീ സൗകര്യങ്ങളോടെയാണ് വെളിയങ്കോട് സ്റ്റേഡിയം നിര്‍മിക്കുന്നത്. മൂന്ന് കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. വെളിയങ്കോട് ഗവ. ഹയർ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടിയില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേല്‍ ഷംസു, വൈസ് പ്രസിഡന്റ് ഫൗസിയ, വടക്കേ പുറത്ത്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സെയ്ദ് പുഴങ്കര, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. അജയൻ, പഞ്ചായത്ത് അംഗങ്ങളായ പി. പ്രിയ, ഹുസൈൻ പാടത്തക്കായിൽ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി. അനിൽകുമാർ, പ്രധാനാധ്യാപകൻ അനിൽ കുമാർ, പി.ടി.എ. പ്രസിഡന്റ് നിഷിൽ മുഹമ്മദ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ കെ. ശശി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. തുടർന്ന് പൊന്നാനി ഉപജില്ല ശാസ്ത്രമേളയിലെ വിജയികൾക്കുള്ള ട്രോഫി മന്ത്രി വിതരണം ചെയ്തു.
മാറഞ്ചേരി: മാറഞ്ചേരി പഞ്ചായത്ത് മൈതാനത്ത് നടന്ന ചടങ്ങിൽ സ്റ്റേഡിയത്തിന്റെ ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത്, വൈസ് പ്രസിഡന്റ് അബ്ദുള്‍ അസീസ്, സ്ഥിരം സമിതി അധ്യക്ഷരായ ബല്‍ക്കീസ് തൈപറമ്പ് കളത്തില്‍, നിഷ വലിയ വീട്ടില്‍, ലീന മുഹമ്മദാലി, ബ്ലോക്ക് പഞ്ചായത്ത് അംഗം തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഫുട്ബാള്‍ ടര്‍ഫ്, ഓപ്പണ്‍ ജിം എന്നിവ ഉൾപ്പെടെ രണ്ടര കോടിയാണ് മാറഞ്ചേരിയിൽ സ്റ്റേഡിയത്തില്‍ നിര്‍മാണത്തിനായി വകയിരുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.