Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Political influence in the GV Raja Awards given by the State Sports Council
cancel
camera_alt

അപർണ ബാലൻ

'കളിച്ചാലും ജയിച്ചാലും പോര, ഇവരുടെയൊക്കെ കണ്ണിൽപ്പെടാൻ ചില പ്രത്യേക സിദ്ധികൾ വേണമത്രെ.. ഇത്തവണയും അവാർഡുകൾ വേണ്ടപ്പെട്ടവർക്ക് വീതം വെച്ച് തൃപ്തിപ്പെട്ട കൗൺസിലിന്‍റെ കാര്യക്കാർക്ക് നല്ല നമസ്കാരം'- സങ്കടവും അമർഷവും മറച്ചുവെക്കാതെ അന്താരാഷ്ട്ര ഷട്ടിൽ ബാഡ്മിൻറൺ താരം അപർണ ബാലൻ ഫേസ്ബുക്കിൽ കുറിക്കുന്നു.

സംസ്ഥാന സ്പോർട്സ് കൗൺസിൽ നൽകുന്ന ജി.വി രാജ അവാർഡുകളിൽ ഇത്തവണ രാഷ്ട്രീയ സ്വാധീനവും സ്വജനപക്ഷപാതവും പ്രതിഫലിച്ചതായാണ് അപർണയുടെ വാക്കുകൾ വ്യക്തമാക്കുന്നത്. മാനദണ്ഡങ്ങൾ പരിഗണിക്കാതെ, ഇഷ്ടക്കാർക്ക് അവാർഡ് നൽകി കേരളത്തിലെ കായികപ്രതിഭകളെ നിരാശയിലേക്ക് തള്ളിവിടാൻ പണ്ടേ മിടുക്കരാണ് സ്പോർട്സ് കൗൺസിൽ.


കായികതാരങ്ങളെ തലപ്പത്തിരുത്തിയാൽ സംസ്ഥാനത്തെ കായികമേഖലയിൽ വൻമാറ്റങ്ങളുണ്ടാകുമെന്നത് വെറും തെറ്റിദ്ധാരണയാണെന്നും കാലം തെളിയിച്ചു. രാഷ്ട്രീയക്കാരേക്കാൾ വലിയ താൽപര്യമാണ് കായികതാരങ്ങളായ ഭരണാധികാരികളിൽ ചിലർക്ക്. സ്വന്തം അക്കാദമികൾക്കായി പണം അനുവദിക്കുന്ന കാര്യത്തിലൊക്കെയാകും ശ്രദ്ധ.

സ്വന്തം കായികഇനത്തിലുള്ളവരോട് അൽപം സ്നേഹവും കൂടും. ജി.വി രാജ അവാർഡുകൾ ശ്രദ്ധിച്ചാൽ ഇക്കാര്യം മനസിലാകും. ഏഷ്യൻതലത്തിൽ മികവ് നേടുന്ന അത്്ലറ്റിക്സ് അല്ലാത്ത ഇനങ്ങൾക്ക് അവാർഡ് നൽകാൻ മടിയാണ്. കളി നിർത്തി വീട്ടിൽ സ്വസ്ഥമായി ഇരിക്കുേമ്പാഴാകും ജി.വി രാജ അവാർഡ് എന്ന സന്തോഷ വാർത്ത താരങ്ങളെ തേടിയെത്തുന്നത്. ഇവർ ട്രാക്കിൽ സജീവമായ സമയത്ത് തന്നെ നൽകിയാൽ പോരെ എന്ന് ചോദിച്ചാൽ മറുപടിയില്ല. ശിപാർശകളും പാർട്ടികത്തുകളും ജി.വി രാജ അവാർഡിന്‍റെയും തിളക്കം െകടുത്തുകയാണ്.

കേരളത്തിന് ട്രാക്ക് തെറ്റുകയാണെന്ന് ചിലർ സമ്മതിക്കുന്നുണ്ട്. അഞ്ച് വർഷത്തിനിടെ എറണാകുളത്തെ രാമൻതുരുത്തിൽ 16 ഏക്കർ സ്വന്തമാക്കാനുള്ള ശ്രമം അൽപം ട്രാക്ക് തെറ്റിപ്പോയി. ഇല്ലെങ്കിൽ ചിലർക്ക് കോളടിച്ചേനേ.

ആരാണ് മാഡം ഈ അപർണ ബാലൻ?

തുടക്കത്തിൽ പറഞ്ഞ അപർണ ബാലൻ കായികരംഗത്ത് പിന്നിൽ നിർത്തേണ്ട താരമാണെന്ന് കായികപ്രേമികളും അൽപം ലോകവിവരമുള്ളവരും പറയില്ല. അത്ലറ്റിക്സ് വാർത്തകൾ മാത്രം കാണുകയും കേൾക്കുകയും വാട്സാപ്പ്ഗ്രൂപ്പുകളിൽ ഫോർവേഡ് ചെയ്യുകയും പതിവാക്കിയവർക്ക് അപർണ ഷട്ടിലടിച്ച് നേടിയ മെഡലുകളെക്കുറിച്ച് ചിലപ്പോൾ ബോധ്യം കാണില്ല.

കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സാഫ് ഗെയിംസിൽ നാല് സ്വർണവും മൂന്ന് വെള്ളിയും വനിത ടീം ലോകചാമ്പ്യൻഷിപ്പായ യുബർ കപ്പിൽ വെങ്കലം അടക്കം 30ലേറെ മെഡലുകളുണ്ട് ഈ കോഴിക്കോട്ടുകാരിക്ക്. താൽപര്യമുള്ളവർക്ക് അവാർഡ് നൽകാനാണെങ്കിൽ എന്തിനാണ് അപേക്ഷ ക്ഷണിക്കുന്നതെന്ന് അപർണ ചോദിക്കുന്നു.


രാജ്യത്തിന് തന്നെ അഭിമാനമാണ് അപർണ ബാലൻ. സൈന നെഹ്​വാൾ അടക്കമുള്ള ലോകോത്തര താരങ്ങൾ പോലും ബഹുമാനിക്കുന്ന താരം. ഒരിക്കൽ അർജുന അവാർഡിന് അപർണയെ നിർദേശിച്ചത് പോലും സൈനയായിരുന്നു.ഒളിമ്പിക്സ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് മെഡലുകളൊക്കെ പരിഗണിച്ചിട്ടേ സാഫ് ഗെയിംസിലെ മെഡലുകൾ കണക്കാക്കൂ എന്നാണ് കൗൺസിൽ അധികാരികൾ പറഞ്ഞത്. എന്നാൽ, ഇത്തവണ വനിത വിഭാഗത്തിൽ അവാർഡ് നൽകിയത് 2016 ദക്ഷിണേഷ്യൻ ഗെയിംസിലെ രണ്ട് സ്വർണനേട്ടത്തിനാണ്. 'ആക്ടീവ് പ്ലയേഴ്സ്' ആയിരിക്കണമെന്ന മാനദണ്ഡവും ഇടക്കിടെ പറയും. അഞ്ച് വർഷം മുമ്പ് 'ആക്ടീവ്'ആയവർക്ക് അവാർഡും നൽകും.

മെഡൽ നേട്ടങ്ങളുടെ തട്ട് അപർണയുടേതാണ് എപ്പോഴും താഴ്ന്നിരിക്കുക. 2010ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയ താരമാണ്. അന്ന് മെഡൽ നേടിയ വി. ദിജു, സനേവ് തോമസ്, രൂപേഷ് കുമാർ എന്നിവരുടെ ഷോകെയ്സിൽ ജി.വി രാജ അവാർഡുണ്ട്. 350 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച, മെഡലുകൾ വാരിക്കൂട്ടിയ അപർണക്ക് ഗോഡ്ഫാദർമാരില്ലായിരുന്നു. മണിയടിക്കാനും അറിയില്ല. മണിയടി കൗൺസിൽ തലപ്പത്തെ ചിലർക്ക് വല്യ ഇഷ്ടമാണ്.

പുകഴ്ത്തിപറയാൻ പഠിക്കണം. കഴിഞ്ഞ വർഷം പ്രത്യേക പുരസ്കാരം നൽകി അപമാനിക്കാൻ ശ്രമിച്ചപ്പോൾ അപർണ വേണ്ടെന്ന് പറഞ്ഞു. അവാർഡ് നിർണയത്തിലെ ക്രമക്കേടുകൾക്കെതിരെ കോടതിയും കയറി. കേസ് നടന്നുകൊണ്ടിരിക്കുകയാണ്. അനീതിക്കെതിരെ പ്രതികരിച്ചവർക്ക് അവാർഡ് കൊടുക്കാൻ പാടില്ലല്ലോ. ഇത്തവണയും തഴഞ്ഞു.


സാജനെ അറിയാമോ, കേരളത്തിന്‍റെ സാജനെ അറിയാമോ?

2015ലെ ദേശീയ ഗെയിംസ് ഇപ്പോഴത്തെ സ്പോർട്സ് കൗൺസിൽ ഏമാൻമാർക്ക് പരിചയമില്ലെങ്കിലും കായികപ്രേമികളുടെ മനസിലിപ്പോഴുമുണ്ട്. പിരപ്പൻകോട് അക്വാട്ടിക് കോംപ്ലക്സിൽ സ്വർണത്തിൽ കുളിച്ച സാജൻ പ്രകാശ് എന്ന ഇടുക്കിക്കാരനായിരുന്നു അന്ന് താരം. ആറ് സ്വർണവും മൂന്ന് വെള്ളിയുമടക്കം ഗെയിംസിലെ താരമായിരുന്നു സാജൻ എന്ന നീന്തൽ പ്രതിഭ.


ദേശീയ ഗെയിംസ് നേട്ടമൊന്നും ജി.വി രാജ അവാർഡിന് കാര്യമായി പരിഗണിക്കാത്തതിനാൽ ഇതെല്ലാം ഇവിടെ പറയണോ എന്ന് ചോദിക്കരുത്. സാജൻ എന്ന പ്രതിഭയുടെ തുടക്കമായിരുന്നു അത്. പിന്നീട് 2016ലെ റിയോ ഒളിമ്പിക്സിൽ വരെ സാജൻ പങ്കെടുത്തു. ഒളിമ്പിക്സിൽ പങ്കെടുത്താൽ ജി.വി രാജ അവാർഡ് െകാടുക്കണമെന്നിെല്ലന്ന് കൗൺസിലിലെ വിദഗ്ധർ വിതണ്ഡവാദമുയർത്തും. ശരി. പക്ഷേ, മാനദണ്ഡങ്ങളനുസരിച്ച് സാജൻ അവാർഡിന് അതീവ അർഹനാണ്.2017ൽ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ നൂറു മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ വെള്ളിമെഡൽ ജേതാവാണ്. അത്‌ലറ്റിക്‌സിൽ റിലേയിൽ വെള്ളി കിട്ടിയ അത്‌ലറ്റിനാണ് ഇത്തവണ അവാർഡിന് ഭാഗ്യമുണ്ടായത്. നേട്ടങ്ങളുടെ കണക്ക് നോക്കി മാർക്ക് അടിസ്ഥാനത്തിലല്ലേ അവാർഡ് നിശ്ചയിക്കേണ്ടതെന്ന് സാജന്‍റെ അമ്മയും മുൻ ദേശീയ അത്‌ലറ്റുമായ ഷാൻറി മോൾ ചോദിക്കുന്നു. നേട്ടങ്ങളുെട വൻപട്ടിക തന്നെയാണ് സാജനുള്ളത്. പുസ്തരൂപത്തിലാക്കിയാണ് ജി.വി രാജ അവാർഡ് കമ്മറ്റിക്ക് അയച്ചുകൊടുത്തത് (മികച്ച സ്പോർട്സ് ഗ്രന്ഥത്തിനുള്ള പുരസ്കാരത്തിന് പരിഗണിക്കാമായിരുന്നു).

ഒന്നോ, രണ്ടോ വരിയിൽ തീരുന്ന നേട്ടമല്ലത്. ഒരു സമയത്ത് എട്ട് േദശീയ റെക്കോഡുകൾ ഈ താരത്തിന്‍റെ പേരിലായിരുന്നു. ഇപ്പോഴും അഞ്ച്റെക്കോഡുകൾ സ്വന്തമായുണ്ട്. 2016ൽ ഗുവാഹത്തിയിൽ നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ നാല് സ്വർണവും മൂന്ന് വെള്ളിയും സരുസജായ് സ്പോർട്സ് കോംപ്ലക്സിലെ നീന്തൽക്കുളത്തിൽ നിന്ന് സാജൻ മുങ്ങിയെടുത്തിരുന്നു.


അന്താരാഷ്ട്ര നേട്ടമായി ഇതൊന്നും പരിഗണിക്കാതെയാണ് സ്പോർട്സ് കൗൺസിലിന്‍റെ കടുത്ത അവഗണന. വീട്ടിലിരിക്കുന്നവർക്ക് അവാർഡ് െകാടുക്കുന്നവർ ഒന്നറിയണം. തനിക്ക് ജി.വി രാജ അവാർഡ് കിട്ടാത്തതിന്‍റെ പരിഭവവും സങ്കടവും സാജനില്ല. രാജ്യത്തിനായി വീണ്ടും മെഡൽനേടാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം. ഒളിമ്പിക്സ് യോഗ്യത ലക്ഷ്യമിട്ട് ഹോളണ്ടിലെ ആംസ്റ്റർഡാമിൽ സർക്യൂട്ട് മീറ്റിൽ പങ്കെടുക്കാൻ പോയിരിക്കുകയാണ് സാജൻ. നീന്തൽക്കുളത്തിനകത്ത് നിങ്ങൾക്ക് ഈ ചെറുപ്പക്കാരനെ തോൽപ്പിക്കാനാവില്ല. പുറത്തുള്ള കളികളിൽ കൗൺസിലിലെ താപ്പാനകൾ ജയിച്ചേക്കാം.

ദേശീയ ഗെയിംസിന്‍റെ മികവിന്‍റെ അടിസ്ഥാനത്തിൽ കേരള പൊലീസിൽ ഇൻസ്പെക്ടറായി ജോലി ലഭിച്ച സാജന് മാത്രം സ്ഥാനക്കയറ്റം നൽകിയിട്ടില്ല. കൂടെയുള്ളവർക്ക് അടുത്ത പദവി നൽകി. അവരിൽ പലരും കായികതാരമെന്ന മേലങ്കി അഴിച്ചുവെച്ചവരുമാണ്. ദുബൈയിലും തായ്ലൻഡിലും മറ്റുമായി പരിശീലനം നടത്തുന്ന സാജന് വേണ്ടി നല്ല വാക് പറയാൻ പോലും ആരുമുണ്ടായില്ല.


അധ്വാനിച്ചും കടംവാങ്ങിയും പരിശീലനത്തിനായി പണം ചെലവിടുന്ന ഒരമ്മ മാത്രമാണ് സാജന് പിന്നിലുള്ളത്. ഇത്തരം അമ്മമാരുടെ കണ്ണീരാണ് കായികരംഗത്ത് ബാക്കിയാകുന്നത്.

മന്ത്രി അറിഞ്ഞിരുന്നോ ഈ അവാർഡ് പ്രഖ്യാപനം?

പിണറായി വിജയൻ സർക്കാറിലെ അതിപ്രതാപവാനായ മന്ത്രിയാണ് ഇ.പി ജയരാജൻ. കായിക വകുപ്പിൽ നിരവധി പരിഷ്കാരങ്ങൾ െകാണ്ടുവന്ന ഈ മന്ത്രിക്ക് പോലും സ്പോർട്സ് കൗൺസിലിൽ നിയന്ത്രണമില്ലാതായെന്നാണ് തിരുവനന്തപുരത്ത് നിന്നുള്ള അടുക്കള രഹസ്യം. സാധാരണയായി, ജി.വി രാജ അവാർഡ് ആർക്കൊക്കെയാണെന്ന് മന്ത്രിമാർ നേരത്തേ അറിയും. ഇത്തവണ ഇ.പി അറിഞ്ഞില്ലെന്നാണ് പറയുന്നത്.


അവാർഡുകൾ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം പോലും വിവരമറിയുന്നത്. താൻ അറിഞ്ഞില്ലെന്ന് മറ്റുള്ളവർ അറിഞ്ഞാലുള്ള നാണക്കേട് ഓർത്ത് ഇ.പി മിണ്ടിയില്ല. കൗൺസിലിലെ കറക്കുകമ്പനിക്കാർ എല്ലാം തീരുമാനിക്കുേമ്പാൾ മന്ത്രി പോലും കീഴടങ്ങേണ്ടതാണ് സമകാലിക കായിക കേരളത്തിന്‍റെ അവസ്ഥ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsGV Raja AwardsState Sports Councilsajan prakashaparna balanPolitics
News Summary - Political influence in the GV Raja Awards given by the State Sports Council
Next Story