ഒളിമ്പിക്സ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്താൻ മനു ഭാകറിനൊപ്പം ശ്രീജേഷും
text_fieldsപാരിസ്: ഒളിമ്പിക്സിന്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്താൻ മനുഭാകറിനൊപ്പം മലയാളിയും ഹോക്കിയിൽ വെങ്കലം നേടിയ ടീമിന്റെ ഗോൾകീപ്പറുമായ പി.ആർ ശ്രീജേഷും. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
അസോസിയേഷൻ നേതൃത്വത്തിനുള്ളിലെ വൈകാരികവും പ്രിയങ്കരവുമായ തെരഞ്ഞെടുപ്പായിരുന്നു ശ്രീജേഷിന്റേതെന്ന് പ്രസിഡന്റ് പി.ടി ഉഷ പറഞ്ഞു. ‘രണ്ട് പതിറ്റാണ്ടിലേറെയായി ശ്രീജേഷ് ഇന്ത്യൻ ഹോക്കിക്കും കായിക മേഖലക്കാകെയും പ്രശംസനീയമായ സേവനം നൽകിയിട്ടുണ്ട്. നീരജ് ചോപ്രയുമായി ഞാൻ സംസാരിച്ചു, സമാപന ചടങ്ങിൽ ശ്രീജേഷ് പതാകയേന്തുന്നതിൽ അവനും സമ്മതമായിരുന്നു. നിങ്ങൾ എന്നോട് ചോദിച്ചില്ലെങ്കിലും ഞാൻ അദ്ദേഹത്തിന്റെ പേര് നിർദേശിക്കുമായിരുന്നെന്നാണ് നീരജ് പറഞ്ഞത്. ശ്രീജേഷിനോടും ഇന്ത്യൻ കായികരംഗത്തിന് അദ്ദേഹം നൽകിയ സംഭാവനകളോടും നീരജിനുണ്ടായിരുന്ന അപാരമായ ആദരവിന്റെ പ്രതിഫലനമായിരുന്നു അത്’ -ഉഷ കൂട്ടിച്ചേർത്തു.
ഹോക്കി ടീമിന്റെ സെമിയിലേക്കുള്ള കുതിപ്പിൽ നിർണായക പങ്കുവഹിച്ചയാളായിരുന്നു ശ്രീജേഷ്. പതിറ്റാണ്ടുകളുടെ ഇടവേളക്ക് ശേഷം ഇന്ത്യക്ക് 2020 ടോക്യോ ഒളിമ്പിക്സിൽ വെങ്കലം ലഭിച്ചപ്പോഴും ഗോൾവലയിൽ ശ്രീജേഷ് മിന്നിയിരുന്നു. ഇത്തവണ എതിർ ടീമുകളുടെ ഗോളെന്നുറച്ച നിരവധി ശ്രമങ്ങളാണ് താരം വലയിൽ കയറാതെ കാത്തത്. ക്വാർട്ടറിൽ ബ്രിട്ടനെതിരായ ഷൂട്ടൗട്ടിൽ രക്ഷകനായതും ശ്രീജേഷായിരുന്നു. സെമിയിൽ ജർമനിയോട് തോറ്റെങ്കിലും വെങ്കല മെഡലിനായുള്ള മത്സരത്തിൽ സ്പെയിനിനെ വീഴ്ത്തിയതോടെ താരം മെഡൽ തിളക്കവുമായി അന്താരാഷ്ട്ര കരിയറിന് വിരാമമിടുകയും ചെയ്തു. ഇനി ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്‍റെ പരിശീലക വേഷത്തിലാകും എത്തുക.
സമാപന ചടങ്ങിൽ വനിതകളിലെ പതാകവാഹകയായി മനുഭാകറിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കായി ഒരു ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ വനിതയായി ചരിത്രം കുറിച്ചിരുന്നു മനു ഭാകർ. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിൽ സരബ്ജോത് സിങ്ങിനൊപ്പവുമാണ് മനു ഭാകർ വെങ്കലം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.