Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightആർ. പ്രഗ് നാനന്ദ...

ആർ. പ്രഗ് നാനന്ദ ചെസബിൾ മാസ്റ്റേഴ്സ് ഫൈനലിൽ; രാജാക്കന്മാരെ വീഴ്ത്തി കിരീടത്തിലേക്ക്

text_fields
bookmark_border
pragnanandha
cancel
Listen to this Article

ന്യൂഡൽഹി: കറുപ്പും വെളുപ്പും കരുക്കൾ നിരത്തിവെച്ച ബോർഡിനു മുന്നിൽ രണ്ടുപേരുടെ ബുദ്ധിയും കഴിവും അറിവും പ്രാപ്തിയും പരീക്ഷിക്കപ്പെടുന്ന ചെസ് കളിയിൽ ലോകത്തിന് അത്ഭുതമാവുന്നു ഇന്ത്യയിൽനിന്നുള്ള 16കാരൻ.

മെൽറ്റ് വാട്ടർ ചാമ്പ്യൻസ് ചെസ് ടൂർ ചെസബിൾ മാസ്റ്റേഴ്സ് ഓൺലൈൻ ടൂർണമെന്റ് ഫൈനലിലേക്കുള്ള വഴിയിൽ ചെന്നൈ സ്വദേശിയായ പ്രഗ്നാനന്ദ രമേശ്ബാബുവിന് മുന്നിൽ അടിയറവ് പറഞ്ഞവരിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസൻ വരെയുണ്ട്. നെതർലൻഡ്സിന്റെ അനിഷ് ഗിരിയെ സെമി ഫൈനലിൽ തോൽപ്പിച്ചാണ് ഈ ടൂർണമെന്റിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരനായത്.

റാപ്പിഡ് ഗെയിം 2-2 സമനിലയിൽ അവസാനിച്ചപ്പോൾ ബ്ലിറ്റ്സ് ടൈ ബ്രേക്കറിൽ (1.5-0.5) പ്രഗ്നാനന്ദ ജേതാവായി. ഫൈനലിൽ ചൈന‍യുടെ ലോക രണ്ടാം നമ്പർ താരം ഡിങ് ലിറേനാണ് എതിരാളി. രണ്ട് സെറ്റുകളടങ്ങിയ ദ്വിദിന കലാശപ്പോരാട്ടം ബുധനാഴ്ച ആരംഭിച്ചു. സെമിയിൽ കാൾസനെ 2.5-1.5 തോൽപ്പിച്ചാണ് ഡിങ് ലിറേൻ ഫൈനൽ ടിക്കറ്റെടുത്തത്.

ബാങ്ക് ഉദ്യോഗസ്ഥനായ രമേശ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായി 2005 ആഗസ്റ്റ് 10ന് ചെന്നൈയിൽ ജനിച്ച പ്രഗ്നാനന്ദ ഇന്റർനാഷനൽ മാസ്റ്റർ ആർ. വൈശാലിയുടെ ഇളയ സഹേദരനാണ്. മുൻ ലോകചാമ്പ്യൻ വിശ്വനാഥൻ ആനന്ദിന്‍റെ അക്കാദമിയിലൂടെയായിരുന്നു തുടക്കം. ചേച്ചിയുടെ പ്രേരണയിലും പ്രോത്സാഹനത്തിലും നന്നേ ചെറുപ്പത്തിൽ കരുക്കൾ നീക്കിത്തുടങ്ങിയ പ്രഗ്നാനന്ദ, അണ്ടർ എട്ട് ലോക യൂത്ത് ചാമ്പ്യനായി ഏഴാം വയസ്സിൽത്തന്നെ ഫിഡേ മാസ്റ്റർ പദവിയിലെത്തി.

2015ൽ അണ്ടർ 10 കിരീടവും. 2016ൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റർനാഷനൽ മാസ്റ്ററാകുമ്പോൾ പ്രായം 10 വയസ്സും 10 മാസവും 19 ദിവസവും. പിറ്റേവർഷം ആദ്യ ഗ്രാൻഡ്മാസ്റ്റർ നോം ലഭിച്ചു. 2018ല്‍ ഇറ്റലിയില്‍ നടന്ന ഗ്രഡിൻ ഓപ്പണ്‍ ടൂര്‍ണമെന്റ് എട്ടാം റൗണ്ടില്‍ ലൂക്ക മോറോണിയെ തോല്‍പ്പിച്ച് മൂന്നാമത്തെയും അവസാനത്തെയും നോമുമായി ഗ്രാൻഡ് പദവിയിലെത്തുമ്പോൾ 12 വയസ്സും 10 മാസവും 13 ദിവസവും. ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്ററായിരുന്നു അന്ന്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രഗ്നനാന്ദ, നോർവേക്കാരനായ ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ ആദ്യമായി വീഴ്ത്തുന്നത്. എയര്‍തിങ്സ് മാസ്റ്റേഴ്സിൽ ആയിരുന്നു ജയം. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ നേടിയെത്തിയ കാള്‍സനെ കറുത്ത കരുക്കളുമായി പ്രഗ്നാനന്ദ 39 നീക്കങ്ങളില്‍ അടിയറവ് പറയിച്ചു. അങ്ങനെ, ഗ്രാന്‍ഡ്മാസ്റ്റര്‍മാരായ വിശ്വനാഥന്‍ ആനന്ദിനും ഹരികൃഷ്ണനും ശേഷം കാഴ്സണെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി.

ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുൾപ്പെടെ അന്ന് പ്രഗ്നാനന്ദയെ പ്രശംസിച്ചിരുന്നു. ഇപ്പോൾ നടക്കുന്ന ചെസബിൾ മാസ്റ്റേഴ്സ് ഓൺലൈൻ ടൂർണമന്റിലും കഴിഞ്ഞ ദിവസം കാൾസനെ മലർത്തിയടിച്ചു ഈ മിടുക്കൻ. കളി സമനിലയിലേക്ക് നീളവെ കാൾസന്റെ പിഴവ് മുതലെടുക്കുകയായിരുന്നു. ചൈനയുടെ വെയ് യീയെ 2.5-1.5നാണ് പ്രഗ്നാനന്ദ ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ചത്. 11ാം ക്ലാസ് പരീക്ഷയുടെ തിരക്കിലുമാണ് താരമിപ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chessPragnananda
News Summary - Pragnananda in the final of the Chessable Masters
Next Story