'പ്രതാപ്....നിങ്ങളെപ്പോഴാണ് എന്നെ പോകാൻ അനുവദിക്കുക?'...സചിനോട് അന്ന് പ്രതാപ് പോത്തൻ പറഞ്ഞ മറുപടി ഇങ്ങനെ..
text_fieldsചെന്നൈ: ക്രിക്കറ്റിൽ ഉയരങ്ങൾ താണ്ടാൻ കഠിനാധ്വാനിയായിരിക്കുമ്പോഴും അഭിനയത്തിന്റെ കാര്യത്തിൽ മഹാമടിയനാണ് സചിൻ ടെണ്ടുൽക്കറെന്ന് അദ്ദേഹത്തോടൊപ്പം പരസ്യചിത്രത്തിനുവേണ്ടി പ്രവർത്തിച്ച അനുഭവം പങ്കുവെച്ച് പ്രതാപ് പോത്തൻ തമാശരൂപേണ മുമ്പ് പറഞ്ഞിരുന്നു. സചിനുമായി അടുത്ത ബന്ധവും അതുവഴി അദ്ദേഹം പുലർത്തിയിരുന്നു.
ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സചിന്‍ ടെണ്ടുൽകർ, ബ്രയാന്‍ ലാറ, സ്റ്റീവ് വോ എന്നിവരെവെച്ച് എം.ആര്‍.എഫിനുവേണ്ടി ചെയ്ത പരസ്യമാണ് ആ മേഖലയിൽ പ്രതാപ് പോത്തന്റെ മിടുക്കിന് അടിവരയിട്ടത്. ഗ്രീൻ ആപ്പിൾ എന്ന പേരിൽ അദ്ദേഹം സ്ഥാപിച്ച പരസ്യ ഏജൻയാണ് ആ പരസ്യങ്ങളൊക്കെ രൂപകൽപന ചെയ്തത്. ഇന്ത്യൻ പ്രീമിയർ ലീഗ് ടൂര്‍ണമെന്റിനിടെ ആ പരസ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ക്രിക്കറ്റിലെ മൂന്ന് മഹാരഥന്മാര്‍ക്കൊപ്പം ജോലിചെയ്യാന്‍ സാധിച്ചത് നല്ലൊരു അനുഭവമായിരുന്നുവെന്ന് പിന്നീട് ഒരു മാസികക്ക് നൽകിയ അഭിമുഖത്തിൽ പ്രതാപ് പോത്തൻ പറഞ്ഞു. ലോകം ഏറെ ആരാധിക്കുന്ന ക്രിക്കറ്ററാണ് സചിന്‍. കളിയിൽ മുന്നോട്ടുള്ള വഴികൾ വെട്ടിത്തുറക്കുന്നതിനായി ഒരു മടിയുമില്ലാതെ നെറ്റ്സിൽ നിരന്തര പരിശീലനത്തിലേർപ്പെടുന്ന സചിനെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍, അഭിനയത്തില്‍ ഈ താൽപര്യവും കഠിനാധ്വാനവുമൊന്നുമില്ലെന്ന് പ്രതാപ് പോത്തൻ അന്ന് പറഞ്ഞിരുന്നു.
'അഭിനയത്തിന്റെ കാര്യത്തിൽ മഹാമടിയനാണ് അദ്ദേഹം. ലൊക്കേഷനില്‍ വരുമ്പോള്‍ തന്നെ ചോദിക്കുന്നത് 'പ്രതാപ്....നിങ്ങളെപ്പോഴാണ് എന്നെ പോകാൻ അനുവദിക്കുക?' എന്നാകും. 'വന്നതല്ലേയുള്ളൂ, കുറച്ചുനേരം ക്ഷമിക്കൂ' എന്ന് ഞാൻ മറുപടിയും നൽകും. ലാറയും സ്റ്റീവ് വോയും നേരെ മറിച്ചായിരുന്നു. പക്ഷേ, മനസ്സിന്റെ ശുദ്ധതയും വിനയവുമൊക്കെ സചിനിൽ വളരെ കൂടുതലാണ്. ലോകം ആരാധിക്കുന്ന ആളാണെന്ന ഭാവമൊന്നുമില്ല. ആരുമായി സംസാരിക്കുമ്പോഴും അയാളും തന്റെ ലെവലിലുള്ള ആളാണെന്ന പരിഗണനയോടെയാണ് അദ്ദേഹം സംസാരിക്കുകയും ഇടപഴകുകയും ചെയ്യുക. സചിനെപ്പോലെയാണ് എ.ആര്‍. റഹ്മാനെന്നും പ്രതാപ് പോത്തൻ അന്ന് പറഞ്ഞു. നടനും സംവിധായകനുമായ പ്രതാപ് പോത്തനെ വെള്ളിയാഴ്ചയാണ് ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.