പ്രൈം വോളി; കാലിക്കറ്റ് ഹീറോസ് ചെന്നൈ ബ്ലിറ്റ്സിനെ നേരിടും
text_fieldsകൊച്ചി: പ്രൈം വോളിബാള്‍ ലീഗിന്റെ രണ്ടാം സീസണ് അവസാന പാദ മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച കൊച്ചിയിൽ തുടക്കം. വൈകീട്ട് ഏഴിന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് ചെന്നൈ ബ്ലിറ്റ്സിനെ നേരിടും. ഫെബ്രുവരി 26ന് രണ്ട് മത്സരങ്ങള്‍ അരങ്ങേറും. രാത്രി 9.30നായിരിക്കും രണ്ടാം മത്സരം. റൗണ്ട് റോബിന് ലീഗ് റൗണ്ടില്‍ എട്ടു മത്സരങ്ങള്‍ വീതമാണ് ഓരോ ടീമിനുമുള്ളത്.
ആദ്യ നാലുസ്ഥാനക്കാരാണ് സെമി ഫൈനലില്‍ ഇടംപിടിക്കുക. മാര്‍ച്ച് രണ്ടിന് റൗണ്ട് റോബിന് ലീഗ് മത്സരങ്ങള്‍ അവസാനിക്കും. മൂന്ന്,നാല് തീയതികളിലാണ് സെമി. അഞ്ചിന് ഫൈനലും.
ഫെബ്രുവരി നാലിന് ആരംഭിച്ച ടൂര്‍ണമെന്റില്‍ ബംഗളൂരുവിലും ഹൈദരാബാദിലുമായി ഇതുവരെ 20 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് കളിയിൽ നാലു ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയന്റുള്ള അഹ്മദാബാദ് ഡിഫന്‍ഡേഴ്സാണ് പട്ടികയില്‍ ഒന്നാമത്. അഞ്ചില്‍ നാലുകളി ജയിച്ച കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് ആണ് എട്ടു പോയന്റുമായി രണ്ടാമത്.
എട്ട് പോയന്റ് തന്നെയുള്ള ഹൈദരാബാദ് ബ്ലാക്ക് ഹോക്സാണ് മൂന്നാം സ്ഥാനത്ത്. നാലു മത്സരത്തിൽനിന്ന് ആറ് പോയന്റ് നേടിയ കാലിക്കറ്റ് ഹീറോസാണ് നാലാമത്. ബംഗളൂരു ടോര്‍പ്പിഡോസ് (6), മുംബൈ മിറ്റിയോര്‍സ് (3), ചെന്നൈ ബ്ലിറ്റ്സ് (2), കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് (0) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ പോയന്റ് നില. സ്വന്തം തട്ടകത്തിലെങ്കിലും നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്.
അഞ്ച് സെറ്റ് പൂര്‍ണമായും കളിക്കേണ്ട ലീഗില്‍ മുഴുവന്‍ സെറ്റും നേടുന്ന ടീമിന് ഒരു പോയന്റ് ബോണസായി ലഭിക്കും. ജയിക്കുന്ന ടീമിന് രണ്ടു പോയന്റാണ് ലഭിക്കുക.
നിലവിൽ മുംബൈ മിറ്റിയോര്‍സ്, അഹ്മദാബാദ് ഡിഫന്‍ഡേഴ്സ് ടീമുകള്‍ക്ക് മാത്രമാണ് ബോണസ് പോയന്റ് നേടാനായത്. ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്താൽ കാണികള്‍ക്ക് ഗ്രൗണ്ടിലെത്തി മത്സരം വീക്ഷിക്കാം.
ആത്മവിശ്വാസത്തിൽ ടീമുകൾ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ മത്സരങ്ങൾ അവസാനിക്കുന്നതിനൊപ്പം തന്നെ പ്രൈം വോളിബാളെത്തിയ ആവേശത്തിലാണ് കൊച്ചി. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന ഏറ്റവും മികച്ച വോളിബാള്‍ ഇതാണെന്നും കാണികളില്‍ നിന്ന് ലഭിച്ച പ്രതികരണം അതിന് തെളിവാണെന്നും കൊച്ചിയിലെ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ലീഗ് സി.ഇ.ഒ ജോയ് ഭട്ടാചാര്യ പറഞ്ഞു.
സീസണില്‍ പ്രൈം വോളിബാള്‍ ലീഗിനോട്, പ്രത്യേകിച്ച് കോഴിക്കോട് ടീമിന് ആരാധകര്‍ നല്കുന്ന വലിയ പിന്തുണ കണ്ടെന്ന് കാലിക്കറ്റ് ഹീറോസ് സഹ ഉടമ പി.ടി. സഫീര്‍ പറഞ്ഞു. കേരളത്തിലെ ആരാധകരില്‍നിന്ന് സമാനമായ പിന്തുണയുണ്ടാവുമെന്ന് ആത്മവിശ്വാസമുണ്ടെന്നും സഫീര്‍ പറഞ്ഞു. ഇന്ത്യ മികച്ച വോളിബാള്‍ രാജ്യങ്ങളില്‍ ഒന്നാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ഉടമ തോമസ് മുത്തൂറ്റ് പറഞ്ഞു.
സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കളിക്കാന്‍ ടീം ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് കാലിക്കറ്റ് ഹീറോസ് അറ്റാക്കര്‍ അശ്വിന്‍രാജ് പറഞ്ഞു. ബ്ലിറ്റ്സിനെതിരെ മികച്ച മത്സരം പുറത്തെടുക്കുമെന്നും അശ്വിന് കൂട്ടിച്ചേര്‍ത്തു.
കാലിക്കറ്റ് ശക്തമായ ടീമാണെങ്കിലും തിരിച്ചടി നല്കാന് തങ്ങള്‍ പ്രാപ്തരാണെന്നും ബ്ലിറ്റ്സ് ബ്ലോക്കര്‍ ജി.എസ്. അഖിന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.