കാലിക്കറ്റ് ഹീറോസാടാ..ഹീറോസ്; പ്രൈം വോളിയിൽ തൂഫാൻസിനെ തകർത്ത് കന്നിക്കിരീടം
text_fieldsചെന്നൈ: പ്രൈം വോളിബാള്‍ ലീഗ് മൂന്നാം സീസണിൽ കിരീടത്തിൽ മുത്തമിട്ട് കാലിക്കറ്റ് ഹീറോസ്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തിൽ ലീഗിലെ പുതുമുഖക്കാരായ ഡല്‍ഹി തൂഫാന്‍സിനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് അടിയറവു പറയിച്ചാണ് കാലിക്കറ്റ് ഹീറോസ് ഇതാദ്യമായി കപ്പുയർത്തിയത്. സ്കോർ: 15-13, 15-10, 13-15, 15-12. ജെറോം വിനീതിന്റെ നേതൃത്വത്തിലായിരുന്നു കപ്പിലേക്കുള്ള കാലിക്കറ്റിന്റെ പടയോട്ടം.
കാലിക്കറ്റിന്റെ ആക്രമണങ്ങളെ സമർഥമായി ചെറുത്ത് പ്രതീക്ഷയോടെയാണ് ഡൽഹി തുടങ്ങിയത്. ലസാർ ദോദിച്ചും സന്തോഷും അറ്റാക്കിങ്ങിൽ മിടുക്കുകാട്ടിയെങ്കിലും സർവിൽ വന്ന തുടർപിഴവുകൾ ഡൽഹിക്ക് വിനയായി. കാലിക്കറ്റ് നിരയിൽ വികാസ് മാൻ േബ്ലാക്കിങ്ങിൽ കരുത്ത് കാട്ടിയപ്പോൾ ജെറോം വിനീതും ഡിഫൻസിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. പെരോറ്റോയുടെ സൂപ്പർ സർവുകളിൽ ഡൽഹി പതറിയപ്പോൾ മത്സരത്തിന്റെ തുടക്കത്തിലേ കാലിക്കറ്റ് ലീഡെടുത്തു.
ആയുഷിനെയും അപോൻസയെയും മുൻനിർത്തി തൂഫാൻസ് ആക്രമണത്തിന് ഒരുമ്പെട്ടിറങ്ങിയപ്പോൾ ജെറോമിന്റെയും ചിരാഗിന്റെയും സ്മാഷുകളിലൂടെയായിരുന്നു കാലിക്കറ്റിന്റെ മറുപടി. ദോദിച്ചിന്റെ ഇടിവെട്ട് സ്മാഷുകൾക്ക് അതിനെ വെല്ലുന്ന മികവിൽ ഡാനിയൽ പ്രതിരോധം തീർത്തപ്പോൾ കാലിക്കറ്റിന് കാര്യങ്ങൾ എളുപ്പമായി. ഡൽഹിയുടെ പിഴവുകളും ചേർന്നതോടെ രണ്ടാം സെറ്റും അനായാസം വരുതിയിലായി.
മൂന്നാം സെറ്റിൽ ഡാനിയലിന്റെ പ്രതിരോധവും പെരോറ്റോയുടെ ആക്രമണവും കാലിക്കറ്റിന് തുണയായെങ്കിലും അവസാന ഘട്ടത്തിൽ അപോൻസയുടെയും മനോജിന്റെയും രണ്ട് നിർണായക േബ്ലാക്കുകളുടെ പിൻബലത്തിൽ തൂഫാൻസ് സെറ്റ് സ്വന്തമാക്കി. എന്നാൽ, നാലാം സെറ്റിൽ ജെറോമിന്റെ സ്മാഷുകൾ തൂഫാൻസിന്റെ കോർട്ടിൽ ഇടിമുഴക്കം സൃഷ്ടിച്ചതോടെ കാലിക്കറ്റ് കപ്പെടുത്ത് ടൂർണമെന്റിന്റെ ഹീറോകളായി.
മുന്‍ സീസണുകളില്‍നിന്ന് വ്യത്യസ്തമായി തുടക്കം മുതല്‍ വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു കാലിക്കറ്റ് ഹീറോസിന്റേത്. ലീഗ് റൗണ്ടില്‍ എട്ടു മത്സരങ്ങളില്‍നിന്ന് 12 പോയന്റുമായി ടേബിളില്‍ ഒന്നാമതെത്തിയ ടീം, രണ്ടു ബോണസ് പോയന്റുമായാണ് സൂപ്പര്‍ ഫൈവില്‍ പ്രവേശിച്ചത്. മുംബൈ മിറ്റിയോഴ്സിനും ബംഗളൂരു ടോർപിഡോസിനുമെതിരെ ജയിച്ച് വീണ്ടും പട്ടികയില്‍ ഒന്നാമതെത്തി ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഫൈനല്‍ പ്രവേശനം ഉറപ്പാക്കുകയായിരുന്നു.
ഡല്‍ഹി തൂഫാന്‍സ് 12 പോയന്റ് നേടി രണ്ടാം സ്ഥാനക്കാരായാണ് ലീഗ് റൗണ്ട് അവസാനിപ്പിച്ചത്. സൂപ്പര്‍ ഫൈവില്‍ ബംഗളൂരു ടോർപിഡോസിനെയും കാലിക്കറ്റ് ഹീറോസിനെയും പരാജയപ്പെടുത്തിയ അവര്‍ ലീഗ് റൗണ്ടിലെ ഒരു ബോണസ് പോയന്റിന്റെ ബലത്തില്‍ എലിമിനേറ്ററിന് യോഗ്യത നേടുകയായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ അഹ്മദാബാദിനെ പരാജയപ്പെടുത്തിയാണ് തൂഫാൻസ് കാലിക്കറ്റ് ഹീറോസിനെതിരെയുള്ള കലാശക്കളി ഉറപ്പിച്ചത്.
എട്ട് നഗര ഫ്രാഞ്ചൈസി ടീമുകള്‍ മത്സരിച്ച ഒന്നര മാസം നീണ്ട സീസണിനാണ് സമാപനമായത്. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്, അഹ്മദാബാദ് ഡിഫന്‍ഡേഴ്സ് ടീമുകളായിരുന്നു യഥാക്രമം ആദ്യ രണ്ടു സീസണുകളിലെ ചാമ്പ്യന്മാര്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.