ജിസ്ന തൊട്ടു, എല്ലാം പൊന്നായി
text_fields
കോഴിക്കോട്: ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലെ ചെഞ്ചായപ്പുതപ്പില്‍ പൊന്നിന്‍െറ പട്ടുവിരിയിച്ച ഉഷ സ്കൂളിലെ ജിസ്ന മാത്യുവിന് ട്രിപ്ള്‍ റെക്കോഡ് നേട്ടം. തൊട്ടതെല്ലാം പൊന്നാക്കുക എന്ന ചൊല്ല് ആ വേഗതാരകം കോഴിക്കോടിന്‍െറ മണ്ണില്‍ അന്വര്‍ഥമാക്കി. അന്താരാഷ്ട്ര ട്രാക്കിലെ കേരളത്തിന്‍െറ ഏറ്റവും പുതിയ സംഭാവനയായ ജിസ്ന റെക്കോഡ് പെയ്ത്തിനൊപ്പം നാലു പൊന്നിന്‍പതക്കങ്ങളണിഞ്ഞാണ് 59ാമത് സംസ്ഥാന മീറ്റിന്‍െറ താരമായത്. ഒപ്പം അതിവേഗക്കാരിയെന്ന അഭിമാനപ്പട്ടവും. സീനിയര്‍ പെണ്‍കുട്ടികളുടെ 100, 200, 400 മീറ്ററുകളിലാണ് ജിസ്ന പുതിയ സമയം കുറിച്ചത്. ദേശീയ റെക്കോഡുകള്‍ മാറി നില്‍ക്കുന്ന പ്രകടനമായിരുന്നു മൂന്നിലും. അവസാനദിനത്തില്‍ 4x400 റിലേയില്‍ കോഴിക്കോടിനെ വിജയഫിനിഷില്‍ സുരക്ഷിതമായത്തെിച്ചായിരുന്നു നാലാം സ്വര്‍ണം. കോഴിക്കോട് ബാലുശ്ശേരി പൂവമ്പായി എ.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനിയാണ് കണ്ണൂര്‍ ആലക്കോട് സ്വദേശിയായ ജിസ്ന.
400 മീറ്ററില്‍ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ വെള്ളി, ദോഹയില്‍ നടന്ന ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ പുതിയ ദേശീയ റെക്കോഡുമായി വെള്ളി തുടങ്ങിയ നേട്ടങ്ങള്‍ ഇതിനകം സ്വന്തം പേരില്‍ കുറിച്ച ജിസ്ന, ഒളിമ്പിക്സിലേക്കായി പി.ടി. ഉഷ കാത്തുവെച്ചിരിക്കുന്ന താരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.