കോഹ് ലി ബി.സി.സി.ഐ ക്രിക്കറ്റർ ഓഫ് ദി ഇയർ
text_fieldsമുംബൈ: 2015ലെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റർക്കുള്ള ബി.സി.സി.ഐ പുരസ്കാരം ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ് ലിക്ക്. മികച്ച വനിതാ ക്രിക്കറ്റർക്കുള്ള എം.എ ചിദംബരം അവാർഡിനായി മിഥാലി രാജിനെ തെരഞ്ഞെടുത്തു. മുൻ വിക്കറ്റ് കീപ്പർ സയ്യിദ് കിർമാനിക്ക് സമഗ്ര സംഭാവനക്കുള്ള കേണൽ സി.കെ നായിഡു ട്രോഫി നൽകും.
27കാരനായ വിരാട് കോഹ് ലി എം.എസ് ധോണിയിൽ നിന്നാണ് ടെസ്റ്റ് ക്യാപ്റ്റൻ പദവി ഏറ്റെടുത്തത്. ആസ്ട്രേലിയൻ പര്യടനത്തിനിടെയായിരുന്നു ധോണി തൻെറ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. തുടർന്ന് വിരാടിന് നായകസ്ഥാനം ഏറ്റെടുക്കേണ്ടിവരികയായിരുന്നു. കോഹ് ലിക്കു കീഴിൽ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തുന്നത്.
22 വർഷത്തിനുശേഷം ശ്രീലങ്കൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര നേടുന്നത് കോഹ് ലിയുടെ കീഴിലാണ്. ഒമ്പത് വർഷമായി വിദേശ മണ്ണിൽ പരമ്പര അടിയറവ് പറഞ്ഞിട്ടില്ലെന്ന ദക്ഷിണാഫ്രിക്കയുടെ റെക്കോർഡും ഇന്ത്യ തകർത്തു. ഈയിടെ അവസാനിച്ച ടെസ്റ്റ് പരമ്പരയിലാണ് ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോൽപ്പിച്ചത്.
അവാർഡിന് പരിഗണിച്ച കാലയളവിൽ കോഹ് ലി 15 ടെസ്റ്റ് ഇന്നിങ്സുകളിൽ നിന്ന് 42.67 ശരാശരിയിൽ 640 റൺസ് നേടി. 20 മത്സരങ്ങളിൽ നിന്ന് 36.65 ശരാശരിയിൽ 623 റൺസാണ് ഏകദിനത്തിലെ സമ്പാദ്യം. ഏകദിന ക്രിക്കറ്റിൽ 5,000 റൺസ് പൂർത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും വനിതാ ക്രിക്കറ്ററാണ് മിഥാലി രാജ്.
കർണാടക ക്രിക്കറ്റ് അസോസിയേഷനാണ് മികച്ച ക്രിക്കറ്റ് അസോസിയേഷൻ. ഈ സീസണിൽ രഞ്ജി ട്രോഫി, ഇറാനി കപ്പ്, വിജയ് ഹസാരെ ട്രോഫി എന്നിവ നേടിയതാണ് കർണാടകയെ അവാർഡിന് അർഹരാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.