സ്വര്‍ണ‘ചക്ര’വര്‍ത്തിനി
text_fieldsഗുവാഹതിയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ സോനാപ്പൂരിലെ ദേശീയപാതക്കരികിലേക്ക് സ്വര്‍ണ ചക്രമുരുട്ടിയത്തെിയതിന്‍െറ ആഹ്ളാദത്തിലാണ് ലിഡിയ മോള്‍. വനിതകളുടെ 40 കിലോമീറ്റര്‍ സൈക്ളിങ്ങില്‍ ക്രൈറ്റീരിയം വിഭാഗത്തില്‍ സ്വന്തമാക്കിയ സ്വര്‍ണം ലിഡിയയുടെ കഠിനാധ്വാനത്തിന്‍െറ ഫലമാണ്. ഒപ്പം ചന്ദ്രന്‍ ചെട്ട്യാര്‍ എന്ന ദ്രോണാചാര്യരുടെ പരിശീലന മികവിന്‍െറയും. ഇന്ത്യക്ക് ശനിയാഴ്ചത്തെ ആദ്യ സ്വര്‍ണം ഈ താരത്തിന്‍െറ വകയായിരുന്നു. രാവിലെ എട്ടിന് മത്സരത്തിന് മണിമുഴങ്ങിയത് മുതല്‍ ലിഡിയ ലീഡിലായിരുന്നു. മറ്റൊരു മലയാളി താരമായ സയോണയും പിന്നാലെയുണ്ടായിരുന്നു. അഞ്ചു കിലോമീറ്റര്‍ വീതമുള്ള എട്ട് ലാപ്പുകളിലും ഈ കോട്ടയംകാരി തന്നെയായിരുന്നു മുന്നില്‍. സയോണ അവസാന ലാപ്പുവരെ മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും ഇടക്ക് ടയര്‍ പഞ്ചറായതിനാല്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ദക്ഷിണേഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെന്ന അഭിമാനനേട്ടം കൈവരിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലിഡിയ പറയുന്നു. സ്വര്‍ണം കോച്ചിന് സമര്‍പ്പിക്കാനാണ് ലിഡിയക്കിഷ്ടം.
കോട്ടയം ചെങ്ങളം മേനോംപറമ്പില്‍ സണ്ണിക്കുട്ടിയുടെയും ലിസിമോളുടെയും മകളായ ലിഡിയ 2008 മുതല്‍ ചന്ദ്രന്‍ ചെട്ട്യാരുടെ ശിഷ്യയാണ്. കോട്ടയം ബേക്കര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എട്ടാം ക്ളാസില്‍ പഠിക്കുമ്പോഴാണ് സൈക്ളിങ്ങിലേക്കത്തെിയത്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ചായ ചന്ദ്രന്‍ ചെട്ട്യാര്‍ കോട്ടയത്ത് നടത്തിയ ട്രയല്‍സിലാണ് ലിഡിയയെ കണ്ടത്തെിയത്. അതിനുമുമ്പ് സ്കൂള്‍ തലത്തില്‍ അത്ലറ്റിക്സില്‍ പങ്കെടുക്കാറുണ്ടായിരുന്നു.
നിരന്തരമായ പരിശീലനം ലിഡിയയെ ദേശീയനിലവാരമുള്ള താരമാക്കുകയായിരുന്നു. ഭാവിയുള്ള താരമാണിവളെന്ന് കോച്ചും സാക്ഷ്യപ്പെടുത്തുന്നു. സൈക്ളിങ്ങിന്‍െറ ഭാഷയില്‍ സ്പ്രിന്‍ററായ ലിഡിയ ദീര്‍ഘദൂര ഇനങ്ങളില്‍ പങ്കെടുക്കുന്നതും അപൂര്‍വമാണ്. കഴിഞ്ഞ വര്‍ഷം ദേശീയ ഗെയിംസില്‍ ട്രാക്കിനത്തില്‍ ഒരു സ്വര്‍ണവും രണ്ടു വെങ്കലവും നേടിയാണ് വരവറിയിച്ചത്.
2013ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ കിട്ടിയില്ല. ചെമ്പഴന്തി എസ്.എന്‍ കോളജില്‍ അവസാന വര്‍ഷ ബി.എസ്സി സൈക്കോളജി വിദ്യാര്‍ഥിനിയായ ലിഡിയ സര്‍ക്കാര്‍ ജോലി പ്രതീക്ഷിച്ചിരിപ്പാണ്. ദേശീയ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് ജോലി കിട്ടുമെന്ന വാഗ്ദാനത്തിലാണ് ഈ താരത്തിന്‍െറ പ്രതീക്ഷ. ഒരു മാസമായി ഗുവാഹതിയില്‍ പരിശീലനത്തിലായിരുന്നു. അതിനുമുമ്പ് അമൃത്സറിലായിരുന്നു മുന്നൊരുക്കങ്ങള്‍. ചന്ദ്രന്‍ ചെട്ട്യാര്‍ തന്നെയാണ് ഇന്ത്യന്‍ ടീം പരിശീലകന്‍. ഇന്ത്യന്‍ ക്യാമ്പില്‍ തുടരുന്ന ലിഡിയക്ക് റിയോ ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള ഒരവസരം കൂടിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.