ഗുഡ്ബൈ ബസ്
text_fieldsക്രൈസ്റ്റ്ചര്‍ച്ച്: അര്‍ഹിച്ച യാത്രയയപ്പല്ല ലഭിച്ചത് പക്ഷേ, ബ്രണ്ടന്‍ മക്കല്ലം എന്ന ‘ബസ്’ പരാതിപ്പെടുന്നില്ല. സന്തോഷവും സംതൃപ്തിയും മാത്രം, കഴിഞ്ഞ 14 വര്‍ഷങ്ങളില്‍ തന്‍െറ എല്ലാമായിരുന്ന കിവിപ്പട ലോകോത്തര നിരയായി വളര്‍ന്നതില്‍. അതിനായി തന്‍െറ കരുത്തും കഴിവും നിര്‍ലോഭം നല്‍കിയെന്ന വിശ്വാസവുമായി അന്താരാഷ്ട്ര ക്രിക്കറ്റിന്‍െറ പുല്‍മൈതാനങ്ങളില്‍നിന്ന് എന്നെന്നേക്കുമായി മക്കല്ലം നടന്നകന്നു. ഗാലറികള്‍ തേടിപ്പറക്കുന്ന കരുത്തുറ്റ ഷോട്ടുകളെപ്പോലെ ഏത് കൊലകൊമ്പന് മുന്നിലും തലയുയര്‍ത്തി നില്‍ക്കുന്ന ടീമായി ന്യൂസിലന്‍ഡിനെ മാറ്റിയതിന്‍െറ ക്രെഡിറ്റുമായാണ് 34കാരനായ മക്കല്ലം കളംവിടുന്നത്. കളിക്കാരനായും ക്യാപ്റ്റനായും ടീമിന്‍െറ വളര്‍ച്ചക്ക് ഊര്‍ജംപകര്‍ന്ന താരം, ടീമിലെ ഓരോ കളിക്കാരനില്‍നിന്നും മികവുറ്റ പ്രകടനങ്ങള്‍ കൊണ്ടുവരുന്നതില്‍ എന്നും പ്രചോദനമായിരുന്നു. തുടര്‍ച്ചയായ എട്ടു ജയവുമായി ഏകദിന ലോകകപ്പില്‍ ആദ്യ ഫൈനലിലേക്കും ലോക മൂന്നാം നമ്പര്‍ ടെസ്റ്റ് ടീമിലേക്കും ന്യൂസിലന്‍ഡ് വളര്‍ന്നു. 2012-13 സീസണില്‍ ന്യൂസിലന്‍ഡിന്‍െറ ക്യാപ്റ്റനായ താരം, കരിയറിന്‍െറ അവസാനഘട്ടങ്ങളിലാണ് കൂടുതല്‍ അപകടകാരിയായത്. സ്വയം റെക്കോഡുകള്‍ തീര്‍ക്കുന്നതിനൊപ്പം കൂട്ടുകാരെ റെക്കോഡുകളിലേക്ക് നയിച്ചു. ശ്രമിച്ചുനോക്കുന്നതില്‍നിന്ന് വിജയത്തിലേക്ക് പാതവെട്ടാനും കിവികളെ പഠിപ്പിച്ചത് പ്രിയപ്പെട്ട ബസ് തന്നെയാണ്. ഇക്കാലയളവില്‍ ആക്രമണോത്സുകത ബ്ളാക് ക്യാപ്സിന്‍െറ മുഖമുദ്രയായതിന് പിന്നിലും മറ്റൊന്നല്ല രഹസ്യം.അവസാന മത്സരത്തില്‍ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി (54 പന്തില്‍) സ്വന്തമാക്കി തന്‍െറ പ്രതിഭയോട് നീതിപുലര്‍ത്തിക്കൊണ്ടാണ് വിടപറയുന്നത് എന്നതുതന്നെയാണ് മക്കല്ലത്തിന്‍െറ മേന്മയും.
2002ല്‍ ആസ്ട്രേലിയക്കെതിരെ കളിച്ച ഏകദിനത്തിലൂടെയാണ് അന്താരാഷ്ട്ര തലത്തില്‍ മക്കല്ലം അരങ്ങേറിയത്. പിന്നെയും രണ്ടു വര്‍ഷം കഴിഞ്ഞ് 2004 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 260 ഏകദിനങ്ങള്‍ കളിച്ച താരം 6083 റണ്‍സും നേടി. 166 റണ്‍സ് ആണ് ഏകദിനത്തില്‍ ടോപ്സ്കോര്‍. ടെസ്റ്റില്‍ 101 മത്സരങ്ങളില്‍നിന്ന് 6453 റണ്‍സാണ് സമ്പാദ്യം. ഒരു ന്യൂസിലന്‍ഡ് താരത്തിന്‍െറ ആദ്യ ട്രിപ്പ്ള്‍ സെഞ്ച്വറിയായ ഇന്ത്യക്കെതിരെ നേടിയ 302 റണ്‍സ് ടെസ്റ്റിലെ ഉയര്‍ന്ന സ്കോര്‍. 71 ട്വന്‍റി20കളില്‍ രണ്ടു സെഞ്ച്വറികള്‍ അടിച്ചിട്ടുള്ള മക്കല്ലം, 2140 റണ്‍സിനും ഉടമയാണ്. 123 റണ്‍സാണ് കുട്ടിക്രിക്കറ്റിലെ ടോപ് സ്കോര്‍. ട്വന്‍റി20യില്‍ 1000 റണ്‍സ് തികച്ച ആദ്യ താരവുമാണ്. ടെസ്റ്റില്‍ ഏറ്റവുംകൂടുതല്‍ സിക്സ് (107) നേടിയ താരമായ മക്കല്ലം, ഏകദിനത്തില്‍ 200 സിക്സുകളും പറത്തിയിട്ടുണ്ട്. മികവുറ്റ വിക്കറ്റ് കീപ്പര്‍ കൂടിയായിരുന്ന താരം, ടെസ്റ്റില്‍ 198 ക്യാച്ചും 11 സ്റ്റംപിങ്ങും ഏകദിനത്തില്‍ 262 ക്യാച്ചും 15 സ്റ്റംപിങ്ങും ട്വന്‍റി20യില്‍ 36 ക്യാച്ചും എട്ട് സ്റ്റംപിങ്ങും നടത്തി. ഇനി ഐ.പി.എല്ലില്‍ ഗുജറാത്ത് ലയണ്‍സിന്‍െറ കുപ്പായത്തില്‍മാത്രം കാണാനാകുന്ന മക്കല്ലം തന്നെയാണ് അടുത്തമാസം നടക്കുന്ന ട്വന്‍റി20 ലോകകപ്പിന്‍െറ ഏറ്റവും വലിയ നഷ്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.