വെല്‍ക്കം ബാക്ക് നെഹ്റാജി
text_fields1999 ഫെബ്രുവരിയില്‍ കൊളംബോ സിംഹള സ്പോര്‍ട്സ് ഗ്രൗണ്ടില്‍ ആശിഷ് നെഹ്റ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍, ഹാര്‍ദിക് പാണ്ഡ്യയും ജസ്പ്രിത് ബുംറയും അഞ്ചുവയസ്സുകാരായിരുന്നു. 13 വയസ്സുകാരനായ ആര്‍. അശ്വിനും 11കാരനായ രവീന്ദ്ര ജദേജയും നെഹ്റയണിഞ്ഞ നീലക്കുപ്പായം കിനാവുകണ്ട് പാടങ്ങളില്‍ റബര്‍ പന്തെറിഞ്ഞ് കളിച്ചുനടന്നവര്‍. വര്‍ഷം 17 കടന്നു. യുവരക്തങ്ങളുടെ ആവേശപ്പോരാട്ടമായ ട്വന്‍റി20 ലോകകപ്പിന് ഇന്ത്യയൊരുങ്ങുമ്പോള്‍ ‘മെന്‍ ഇന്‍ ബ്ളൂവിന്‍െറ’ പ്രതീക്ഷകള്‍ നെഞ്ചേറ്റുന്ന പാണ്ഡ്യക്കും ബുംറക്കും ജദേജക്കും അശ്വിനും ലീഡറായി നെഹ്റയുണ്ട്. കൊളംബോയില്‍ അരങ്ങേറിയ 20കാരന്‍െറ അതേ ആവേശവും വീര്യവുമായി വിക്കറ്റുകള്‍ കൊയ്തുകൂട്ടി, മുഴുനീളെ കൈവിരിച്ച് ക്രീസിനുചുറ്റും വട്ടമിട്ടു പറക്കുന്ന പഴയ നെഹ്റയായിതന്നെ.
ഇന്ത്യന്‍ മണ്ണില്‍ ട്വന്‍റി 20യുടെ വലിയ പൂരത്തിന് കൊടിയേറുമ്പോള്‍ ആരാധകരെയും കളിയാശാന്മാരെയും അമ്പരപ്പിക്കുന്നതും 36കാരനായ നെഹ്റയുടെ സാന്നിധ്യംതന്നെ. അഞ്ചുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് രാജ്യാന്തര ക്രിക്കറ്റിലേക്ക് നെഹ്റയുടെ തിരിച്ചുവരവ്. 2011 ലോകകപ്പ് സെമിഫൈനലില്‍ മൊഹാലിയില്‍ പാകിസ്താന്‍െറ രണ്ടു വിക്കറ്റുകള്‍ പിഴുതെറിഞ്ഞ് കൈവിരലിലെ മുറിവുമായി കൂടാരംകയറിയ ശേഷം നീലക്കുപ്പാത്തിലേക്കുള്ള വരവ്. ടെലിവിഷനില്‍ കണ്ണുമിഴിച്ചിരുന്ന് കളികണ്ട നാളില്‍നിന്നുമാറി, ഓണ്‍ലൈന്‍ ഹോട്സ്പോട്ടിലൂടെ തത്സമയ കാഴ്ചയും വാട്സ്ആപ്പും ട്രോളര്‍മാരും കൊലവിളികൂട്ടുന്നതുമായ കാലത്തേക്കുള്ള വരവ്.
ദേശീയ ടീമിന് പുറത്തായിരുന്നെങ്കിലും രഞ്ജിയും ഐ.പി.എല്ലും ഉള്‍പ്പെടെയുള്ള പോരിടങ്ങളില്‍ പത്തരമാറ്റ് മികവോടെ നെഹ്റയുണ്ടായിരുന്നു. പക്ഷേ, 30 കടന്നവന്‍െറ പ്രകടനമൊന്നും ഇന്ത്യന്‍ ടീം സെലക്ടര്‍മാരുടെ കണ്ണില്‍ പിടിച്ചില്ല. പലമുഖങ്ങളും വന്നവേഗത്തില്‍ മടങ്ങുമ്പോഴും സ്ഥിരതയും പരിചയസമ്പത്തുമുള്ള നെഹ്റയെ തിരിച്ചുവിളിക്കാന്‍ ആര്‍ക്കും തോന്നിയില്ല. 2014 സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്സിന്‍െറ മഞ്ഞക്കുപ്പായത്തിലത്തെിയ ഡല്‍ഹിക്കാരന്‍ കഴിഞ്ഞ സീസണില്‍ ആളിക്കത്തിയപ്പോഴാണ് ഇന്ത്യന്‍ ക്രിക്കറ്റ് സെലക്ടര്‍മാരുടെ കണ്ണുകള്‍ തള്ളിയത്. ഒട്ടനവധി ജൂനിയര്‍ താരങ്ങള്‍ക്കിടയിലും നെഹ്റ സീസണിലെ വിക്കറ്റുവേട്ടക്കാരനായി. 16 കളിയില്‍ 22 പേരെ ഇരകളാക്കി നെഹ്റ നെഞ്ചുവിരിച്ച് വീണ്ടും ക്രീസുകളിലൂടെ വട്ടമിട്ടപ്പോള്‍ ആര്‍ക്കും അവഗണിക്കാന്‍ പറ്റില്ളെന്നായി. പക്ഷേ, ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ആഗ്രഹം പങ്കിട്ടപ്പോഴൊക്കെ പലരും പരിഹസിച്ചു. അവരില്‍ പഴയ ചില കൂട്ടുകാരുമുണ്ടായിരുന്നു. ഒടുവില്‍ രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചാലോ എന്ന ആലോചനയിലുമായി. ബൗളിങ് കോച്ചെന്ന മറ്റൊരു കരിയറിലേക്ക് കളംമാറുന്നതിന്‍െറ ആദ്യ പടിയായി ‘ആശിഷ് നെഹ്റ ക്രിക്കറ്റ് അക്കാദമിക്കും’ തുടക്കംകുറിച്ചു.
ഇതിനിടയിലാണ് പുനര്‍ജന്മംപോലെ ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റിയില്‍നിന്ന് വിളിയത്തെുന്നത്. ആസ്ട്രേലിയന്‍ പര്യടനത്തിനുള്ളട്വന്‍റി20 ടീമില്‍ യുവരാജ് സിങ്ങിനൊപ്പം തിരിച്ചുവരവ്. ടീം തെരഞ്ഞെടുപ്പുകാരുടെ തീരുമാനം തെറ്റിയില്ളെന്ന് തെളിയിക്കുന്നതായിരുന്ന പിന്നീട് കണ്ടത്. ഏറ്റവുമൊടുവില്‍ ബംഗ്ളാദേശില്‍ നടന്ന ഏഷ്യാകപ്പിലും 36കാരനായ നെഹ്റതന്നെയായിരുന്നു ഇന്ത്യയുടെ വജ്രായുധം. ആക്ഷനിലെ വൈവിധ്യവും ബൗളിങ്ങിലെ കൃത്യതയും ആയുധമാക്കുന്ന ജസ്പ്രീത് ബുംറക്കും ബാറ്റിലും ബൗളിങ്ങിലും പ്രതീക്ഷനല്‍കുന്ന ഹാര്‍ദിക് പാണ്ഡ്യക്കും നെഹ്റയാണ് നായകന്‍. ഏഷ്യാകപ്പില്‍ ഒട്ടുമിക്ക മത്സരങ്ങളിലും വിക്കറ്റുകള്‍ വീഴ്ത്തിയ നെഹ്റ അതേ പ്രകടനം ആവര്‍ത്തിച്ചാല്‍ കുട്ടിക്രിക്കറ്റില്‍ ധോണിയുടെ പട്ടാളം വീണ്ടുമൊരുക്കല്‍ കിരീടമണിയും.
1999 ഫെബ്രുവരിയില്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ നീലക്കുപ്പായത്തില്‍ അരങ്ങേറിയ ഇടങ്കൈയന്‍ പേസര്‍ രണ്ടു വര്‍ഷത്തിനകം ഏകദിനത്തിലും ഇടംനേടി. പന്തില്‍ വേഗവും ലൈനും ലെങ്ത്തും നിലനിര്‍ത്തുമ്പോഴും വലിയ കുപ്പായത്തിനുള്ളില്‍ അലസമായ ശരീരഭാഷയുമായി നടന്ന നെഹ്റക്ക് ഇന്ത്യയുടെ മുന്‍നിര പേസര്‍മാരുടെ പട്ടികയില്‍ സ്ഥാനം നല്‍കാന്‍ തലപ്പത്തുള്ളവര്‍ മടിയായിരുന്നു. ടീമില്‍ വന്നും പോയുമിരുന്ന കാലം. ഇതിനിടയില്‍ 2003 ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ ഇംഗ്ളണ്ടിനെതിരായ മത്സരത്തിലെ പ്രകടനം വിമര്‍ശകരുടെ വയടപ്പിച്ചു. 10 ഓവറില്‍ 23 റണ്‍സ് വഴങ്ങി ആറു വിക്കറ്റുകള്‍. അവഗണിച്ചവരെല്ലാം തെറ്റുതിരുത്തി, ജവഗല്‍ ശ്രീനാഥ്, സഹീര്‍ഖാന്‍ എന്നിവര്‍ക്കൊപ്പം നെഹ്റക്കും ടീമില്‍ സ്ഥിരപ്രതിഷ്ഠ ലഭിക്കാന്‍ ഈ പ്രകടനം കാരണമായി. പക്ഷേ, പരിക്ക് വില്ലന്‍െറ വേഷമണിഞ്ഞപ്പോള്‍ നെഹ്റ പിന്നെയും കളത്തിനകത്തും പുറത്തുമിരുന്നു. അങ്ങനെയൊരു യാത്രയായിരുന്നു 2011 മാര്‍ച്ചിലേത്. പൂര്‍വാധികം ശക്തിയോടെയുള്ള ഈ വരവിനെ കുറിച്ച് നെഹ്റക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ടീമിലെ ഏറ്റവും മുതിര്‍ന്ന കളിക്കാരനെന്ന നിലയില്‍ സഹതാരങ്ങള്‍ക്കും ഈ സാന്നിധ്യം ആവേശമാവും. നിര്‍ണായകഘട്ടത്തില്‍ ബൗളിങ് ഡിവിഷനില്‍ തീരുമാനങ്ങളെടുക്കാന്‍ കെല്‍പുള്ളതാരവും സഹതാരങ്ങള്‍ക്ക് ഉപദേശങ്ങള്‍ നല്‍കാന്‍ കഴിയുന്ന ഒരാളുമായി.
നീലക്കുപ്പയത്തിലേക്കുള്ള തിരിച്ചുവരവില്‍ നെഹ്റതന്നെ ഇക്കാര്യം വിശദമാക്കുകയും ചെയ്തു. ‘പരിചയം കാശുകൊടുത്ത് വാങ്ങാനാവില്ല. അരങ്ങേറിയിട്ട് 17 വര്‍ഷം കഴിഞ്ഞു. ഇതിനിടയില്‍ കുറെ പ്രതിബന്ധങ്ങളെയും മറികടന്നു. ഒട്ടനവധി പരിക്കുകള്‍, 12 ശസ്ത്രക്രിയകള്‍. എന്നിട്ടും പേസ് ബൗളിങ്ങില്‍ തുടരുന്നു.
ഇതെല്ലാം ഇന്ത്യയില്‍ അപൂര്‍വം ചിലര്‍ക്കുമാത്രം ലഭിച്ച അനുഭവങ്ങളാണ്. ഇതൊക്കെ പുതു താരങ്ങളുമായി പങ്കുവെക്കുന്നതുതന്നെ അവര്‍ക്ക് മികച്ച പാഠങ്ങളാവും’ -ഒരു ബൗളര്‍ മാത്രമല്ല, ടീമിലെ ഒരു പാഠപുസ്തകം കൂടിയാവുകയാണ് ആശിഷ് ധവാന്‍സിങ് നെഹ്റ. അര്‍ഹതപ്പെട്ട തിരിച്ചുവരവുമായി നെഹ്റ ലോകകപ്പിനുശേഷം വിടപറഞ്ഞാല്‍, ക്രിക്കറ്റ് ലോകം ഈ മീഡിയം പേസറെ ഓര്‍ക്കുക 36ാം വയസ്സില്‍ അഞ്ചുവര്‍ഷത്തെ ഇടവേളയില്‍ ഫീനിക്സ് പക്ഷിയെപ്പോലെ ഉദിച്ചുയര്‍ന്ന താരമെന്ന നിലയിലായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.