അഭിമാനമായി വീണ്ടുമൊരു മാലിക്
text_fieldsറിയോ: ഒളിമ്പിക്സില്‍ മെഡലണിഞ്ഞ ഗുസ്തിക്കാരി സാക്ഷി മാലികിനു പിന്നാലെ കായിക ഇന്ത്യയുടെ അഭിമാനമാവുകയാണ് മറ്റൊരു ഹരിയാനക്കാരി ദീപ മാലിക്. റിയോയില്‍ ഇന്ത്യക്കായി വെള്ളി എറിഞ്ഞിട്ട ദീപാ മാലിക് പാരാലിമ്പിക്സിലെ ആദ്യ പെണ്‍ മെഡല്‍ നേട്ടക്കാരിയുമാണ്. അരക്കെട്ടിനു കീഴെ തളര്‍ന്നുപോയ ദീപ വനിതകളുടെ ‘എഫ്.53’ വിഭാഗം ഷോട്ട്പുട്ടില്‍ 4.61 മീറ്റര്‍ എറിഞ്ഞാണ് മെഡലണിഞ്ഞത്. പാരാലിമ്പിക്സ് മെഡല്‍ നേടുന്ന ഏറ്റവും മുതിര്‍ന്ന അത്ലറ്റെന്ന ബഹുമതിയും ഈ 45കാരിക്കായി. ബഹ്റൈന്‍െറ ഫാത്തിമ നെദാം സ്വര്‍ണവും (4.67മീ), ഗ്രീസിന്‍െറ ദിമിത്ര കൊറികിഡ (4.28) വെങ്കലവും നേടി. റിയോ പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി. നേരത്തെ പുരുഷ ഹൈജംപില്‍ മാരിയപ്പന്‍ തങ്കവേലു സ്വര്‍ണവും വരുണ്‍ ഭാട്ടിയ വെങ്കലവും നേടിയിരുന്നു.
17 വര്‍ഷം മുമ്പ് തളര്‍ന്നു പോയതാണ് ദീപ മാലികിന്‍െറ ജീവിതം. പിന്നെ വീല്‍ചെയറിലായി. പക്ഷേ, ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് പുതുജീവിതം കെട്ടിപ്പടുത്ത് വിജയിച്ച ദീപ കായികതാരത്തിനൊപ്പം ആയിരങ്ങള്‍ക്ക് ആത്്മവിശ്വാസം പകര്‍ന്നുനല്‍കുന്ന പ്രഭാഷകയുമാണ്. 28ാം വയസ്സില്‍ നട്ടെല്ലിന് ബാധിച്ച ട്യൂമറാണ് ദീപ മാലികിന്‍െറ ജീവിതഗതി മാറ്റിമറിച്ചത്. തളര്‍ന്നുപോയ ഇവര്‍ക്ക് പിന്നീട് നടക്കാന്‍ പറ്റാതായി. നിരന്തര ചികിത്സയും തുടര്‍ച്ചയായ ശസ്ത്രക്രിയകളുമായി ട്യൂമറിനെ തോല്‍പിച്ചപ്പോഴേക്കും അരക്കെട്ടിനു കീഴെ തളര്‍ന്നുപോയി. വീല്‍ചെയറില്‍ രണ്ടാം ജന്മം തുടങ്ങുകയായിരുന്നു അവര്‍. ആത്മവിശ്വാസവും പിന്തുണയുമായി ഇന്ത്യന്‍ ആര്‍മിയില്‍ കേണലായ ഭര്‍ത്താവ് ബിക്രം സിങ് മാലികും മക്കളായ ദേവികയും അംബികയും ഒപ്പംനിന്നു.
‘ജീവിതം മടുപ്പിക്കുന്നതായിരുന്നു അന്നത്തെ അവസ്ഥ. പക്ഷേ, കുടുബത്തിന്‍െറ സ്നേഹവും പിന്തുണയും താങ്ങായി. നമ്മുടെ പോരായ്മകള്‍ ഉറ്റവര്‍ അംഗീകരിച്ച് പിന്തുണച്ചാല്‍ ഏത് ഉയരവും എത്തിപ്പിടിക്കാമെന്നതിന്‍െറ തെളിവാണ് എന്‍െറ ജീവിതം. വീണ്ടും ഞാന്‍ എല്ലാം പഠിച്ചു തുടങ്ങി. കിടക്കയില്‍നിന്ന് എണീറ്റിരിക്കാമെന്നായി. പിന്നെ ജോലികള്‍ സ്വന്തമായി ചെയ്തു തുടങ്ങി. ഒടുവില്‍ ഇവിടം വരെയത്തെി’ -റിയോയില്‍ മെഡല്‍ ഏറ്റുവാങ്ങിയ ശേഷം ദീപ തന്‍െറ ജീവിത വിജയത്തെകുറിച്ച് പറഞ്ഞതിങ്ങനെ.
ജോഹാവലാഞ്ച് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്‍െറ ആദ്യ ശ്രമത്തില്‍ 4.26 മീറ്റര്‍ എറിഞ്ഞ ദീപക്ക് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. രണ്ടാം ശ്രമത്തില്‍ 4.49 മീ, മൂന്നില്‍ 4.41ഉം എത്തി. ആറാം ശ്രമത്തില്‍ 4.61 മീ എറിഞ്ഞ് കരിയറിലെ ഏറ്റവും മികച്ച ദൂരം നേടിയ ദീപ വെള്ളി മെഡലും ഉറപ്പിച്ചു.
‘ഈ മെഡല്‍ രാജ്യത്തെ ഭിന്നശേഷിക്കാരായ വനിതകള്‍ക്ക് സമര്‍പ്പിക്കുന്നു. എന്‍െറ നേട്ടം അവര്‍ക്ക് പ്രചോദനമാവും’ -ദീപ പറഞ്ഞു.
നീന്തലില്‍ തുടങ്ങി ഷോട്ട്പുട്ടിലെ ഒളിമ്പിക്സ് മെഡല്‍ ജേതാവായി മാറിയ ദീപ മാലിക്, ജാവലിന്‍ ത്രോയിലെ ഏഷ്യന്‍ റെക്കോഡിന് ഉടമകൂടിയാണ്. 2011 ലോകചാമ്പ്യന്‍ഷിപ്പില്‍ ഷോട്ട്പുട്ടിലും ഡിസ്കസിലും വെള്ളിയും നേടി.
സാഹസികതയെ ഇഷ്ടപ്പെടുന്ന ദീപയുടെ ചരിത്ര പുസ്തകത്തില്‍ മറ്റൊരു റെക്കോഡ് കൂടിയുണ്ട്. ഡല്‍ഹിയില്‍നിന്ന് ജമ്മു-കശ്മീരിലെ ലേയിലേക്കും തിരിച്ചും 3000 കിലോമീറ്റര്‍ കാര്‍ ഓടിച്ച് യാത്രചെയ്താണ് ഇവര്‍ പൂര്‍ണ ആരോഗ്യവാന്മാരെയും ഞെട്ടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.