ഒടുവിൽ ബ്രിട്ടൻ കോെൻറക്കായി കൈയടിക്കുന്നു
text_fieldsലണ്ടൻ: ഇംഗ്ലീഷുകാരുടെ രാജപാരമ്പര്യത്തിെൻറ അടയാളമാണ് വിംബ്ൾഡൺ. പച്ചപ്പുൽ കോർട്ട്, തൂവെള്ള കുപ്പായത്തിൽ താരങ്ങൾ, ഗാലറിയിലെ കാണികളുടെ ഇരിപ്പിനും വേഷത്തിനുംവരെ അച്ചടക്കം. പക്ഷേ, സ്വന്തം കളിമുറ്റത്ത് നാട്ടുകാർ പച്ചപിടിക്കുന്നില്ലെന്നത് അവരുടെ സ്വകാര്യ വേദനയായിരുന്നു. പുരുഷ സിംഗ്ൾസിൽ ആൻഡി മറെ മൂന്നു വർഷം മുമ്പ് കിരീടമണിഞ്ഞതോടെ അത് പകുതി മാറി. 1977ൽ വനിത താരം വെർജിന വെയ്ഡ് കിരീടമണിഞ്ഞശേഷം വിംബ്ൾഡണിലെ ആദ്യ ബ്രിട്ടീഷ് മുത്തമായി 2013ൽ മറെയുടേത്. പക്ഷേ, വനിതകളിൽ ചരിത്രം തിരുത്താൻ ‘ലേഡി മറെ’ക്കായി വീണ്ടും കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ വെർജിന വെയ്ഡിെൻറ വിംബ്ൾഡൺ കിരീടനേട്ടത്തിെൻറ 40ാം വാർഷികത്തിൽ സെൻറർകോർട്ടിൽ ഒരു പുതുപ്പിറവി. യൊഹാന കോെൻറയെന്ന 26കാരി. വെയ്ഡിനുശേഷം വിംബ്ൾഡണിെൻറ സെമിയിൽ കടക്കുന്ന ആദ്യ ബ്രിട്ടീഷുകാരിയായ യൊഹാന കിരീടമണിഞ്ഞാൽ മറ്റൊരു ചരിത്രമാവും. വനിത സിംഗ്ൾസ് ക്വാർട്ടറിൽ ഫ്രഞ്ച് ഒാപൺ ഫൈനലിസ്റ്റ് സിമോണ ഹാലെപിനെ 6-7, 7-6, 6-4 സ്കോറിന് വീഴ്ത്തിയ ഇവർ സെമിയിൽ ഇന്ന് വീനസ് വില്യംസിനെ നേരിടും. ഇനി ഒാരോ കുതിപ്പും ചരിത്രമാണ്. തന്നെ നോവിച്ചവർക്കുള്ള ചുട്ടമറുപടി.
വിമർശനങ്ങളെ തോൽപിച്ച മുത്തച്ഛെൻറ മകൾ
ഹംഗറിക്കാരായ മാതാപിതാക്കളുടെ മകളായി ആസ്ട്രേലിയയിൽ ജനനം. 14ാം വയസ്സിൽ ബ്രിട്ടനിലേക്ക് കുടിയേറ്റം. ജൊഹാന കോെൻറയുടെ ബ്രിട്ടീഷ് വിലാസം വംശീയവാദികളായ ഇംഗ്ലീഷുകാർക്ക് അത്ര രസിച്ചിരുന്നില്ല. 2012ൽ ബ്രിട്ടീഷ് പൗരത്വം നേടി ടെന്നിസ് കോർട്ടിൽ അവർ കളിച്ചുതിമിർക്കുേമ്പാൾ ദേശീയ ഗാനമറിയാത്തവൾ എന്നു പരിഹസിക്കുന്ന തിരക്കിലായിരുന്നു നാട്ടുകാർ. റിയോ ഒളിമ്പിക്സ് ക്വാർട്ടർ ഫൈനലിലും 2016 ആസ്േട്രലിയൻ ഒാപൺ സെമിയിലുമെത്തിയിട്ടും റാങ്കിങ്ങിൽ ആദ്യ പത്തിനുള്ളിൽ ഇടംപിടിച്ചിട്ടും കോെൻറയെ വംശവെറിയന്മാർ വേട്ടയാടി. കുഞ്ഞുനാളിൽ തുടങ്ങിയ പരിഹാസം അവളെ തളർത്തിയില്ല. ഹംഗറിയുടെ ഫുട്ബാൾ ഇതിഹാസം ഫെറങ്ക് പുഷ്കാസിനൊപ്പം ദേശീയ ടീമിൽ പന്തുതട്ടിയ തമാസ് കെർസെസിെൻറ പേരമകളുടെ പോരാട്ടവീര്യത്തിന് വിമർശനങ്ങൾ മൂർച്ചകൂട്ടിയേ ഉള്ളൂ. കളിക്കാരനും കോച്ചുമായി പേരെടുത്ത മുത്തച്ഛനെ കണ്ടിട്ടില്ലെങ്കിലും കേട്ടറിഞ്ഞ കഥകൾ എന്നും പ്രചോദനമായിരുന്നുവെന്ന് കോെൻറ പറയുന്നു. 1991ൽ കോെൻറ ജനിക്കുന്നതിനും രണ്ടു വർഷം മുമ്പ് തമാസ് കെർസസ് ഒാർമയായിരുന്നു.
കൗമാരനാളിൽ സമപ്രായക്കാരുടെ വംശവെറി ഭയന്ന് കോെൻറയെ ബ്രിട്ടനിലെ ടെന്നിസ് അക്കാദമികളിലേക്കയക്കാൻ ഭയപ്പെട്ട അമ്മ തെൻറ മകൾ ഇന്ന് ബ്രിട്ടെൻറ അഭിമാനമാണെന്ന് പറയുേമ്പാൾ ആ വാക്കുകളിലും ഒരു മധുരപ്രതികാരമുണ്ട്. കുടുംബസമേതം സ്പെയിനിലേക്ക് മാറിയാണ് ഇവർ കോെൻറക്ക് മികച്ച പരിശീലനസൗകര്യമൊരുക്കിയത്. ചൊവ്വാഴ്ച രാത്രി വിംബ്ൾഡൻ സെൻറർകോർട്ടിൽ ഹാലെപിനെ നേരിടുേമ്പാൾ കോെൻറക്കായി കൈയടിക്കാൻ വെർജിന വെയ്ഡ് എത്തിയിരുന്നു. റോയൽ ബോക്സിലിരുന്ന് കളികണ്ട അവർ കോെൻറ വീനസിനെയും വീഴ്ത്തുമെന്ന ഉറപ്പുമായാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.