ബ്രാവോ മാജിക്
text_fieldsകസാൻ: റിക്കാർഡോ ക്വാറസ്മ, ജോ മൗട്ടിന്യോ, നാനി എന്നിവർക്ക് കളിപരിചയം ഏറെയുണ്ടെന്ന കാര്യത്തിൽ പോർചുഗൽ കോച്ചിന് സംശയമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, പോസ്റ്റിനു മുന്നിലുണ്ടായിരുന്നത് െപനാൽറ്റി സ്പെഷലിസ്റ്റായ േക്ലാഡിയോ ബ്രാവോയാണെന്ന കാര്യം കിക്കെടുത്തവർ മറന്നുപോയിരുന്നു. കോൺഫെഡറേഷൻസ് കപ്പിെൻറ ആദ്യ സെമിൈഫനൽ മത്സരം ഷൂട്ടൗട്ട് വരെ നീണ്ടപ്പോൾ, പറങ്കിപ്പടയുടെ മൂന്നു കിക്കുകളും വലയിൽ കടക്കാതെ തട്ടിയകറ്റി നായകൻ ബ്രാവോ ചിലിയെ ഫൈനലിലേക്ക് നയിച്ച് ചരിത്രം കുറിച്ചു. 2015 കോപ അമേരിക്കയിലും 2016 കോപ അമേരിക്ക ശതവാർഷിക ചാമ്പ്യൻഷിപ്പിലും അർജൻറീനയുടെ പ്രതീക്ഷകളെ തച്ചുടച്ചത് ഷൂട്ടൗട്ടിലെ ബ്രാവോയുടെ പ്രകടനം തന്നെയായിരുന്നു. ഇതോടെ ക്ലോഡിയോ ബ്രാവോയെന്ന ഗോൾ പോസ്റ്റ് കാവൽക്കാരൻ വിലമതിക്കാനാവാത്ത ഒന്നാണെന്ന് ഒരിക്കൽകൂടി തെളിയിച്ചു. ചിലിയുടെ അർദുറോ വിദാൽ, കാർലസ് അരേൻഗസ്, അലക്സി സാഞ്ചസ് എന്നിവർ ഉന്നം പിഴക്കാതെ പന്ത് വലയിലെത്തിച്ചു. അഞ്ചാം അവസരം കാത്തിരുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്, പക്ഷേ, കിക്കിനുള്ള ഭാഗ്യമുണ്ടായിരുന്നില്ല.
പോരാട്ടം ഇഞ്ചോടിഞ്ച്
കന്നി കിരീടം ലക്ഷ്യംവെച്ച് സെമിപോരാട്ടത്തിനിറങ്ങിയ ചിലിയും പോർചുഗലും മത്സരം ജയിക്കാൻ ഒരേയൊരു തന്ത്രം മാത്രമായിരുന്നു കൈയിൽ കരുതിയിരുന്നത്. ഇടതടവില്ലാതെ ആക്രമിക്കുക. ആദ്യ പത്തുമിനിറ്റിൽ ഇരു ടീമുകൾക്കും സുവർണാവസരങ്ങളേറെ ലഭിച്ചു. വേഗവും മനോഹരവുമായ പാസിലൂടെ പോർചുഗൽ പോസ്റ്റിനരികിൽ ഭീതിവിതച്ചുെകാണ്ടിരുന്നപ്പോൾ, പറങ്കിപ്പടയുടെ തിരിച്ചടി ലോങ് പാസിലൂടെ ഇരു വിങ്ങുകളും കേന്ദ്രീകരിച്ചായിരുന്നു.
ആറാം മിനിറ്റിൽതന്നെ ചിലി മുന്നിലെത്തേണ്ടതായിരുന്നു. സാഞ്ചസിെൻറ അപകടകരമായ ക്രോസ് പോസ്റ്റിലേക്ക് തിരിച്ചുവിടാൻ വർഗാസ് ശ്രമിച്ചെങ്കിലും പോർചുഗീസ് ഗോളി റൂയ് പാട്രിഷ്യോ രക്ഷകനായി. ഇതിന് പോർചുഗൽ എഴാം മിനിറ്റിൽതന്നെ തിരിച്ചടി നൽകി. റൊണാൾഡോ ഇടുതുവിങ്ങിൽനിന്ന് ആന്ദ്രേ സിൽവയെ ലക്ഷ്യമാക്കി നൽകിയ നീളൻ പാസ് ഗോളിമാത്രം മുമ്പിലുണ്ടായിരിക്കെ വലയിലാക്കാൻ താരത്തിന് പിഴച്ചു. പിന്നീട് ഇരു ടീമിെൻറയും കോച്ചുമാർ ഇരു പകുതിയിലും തന്ത്രങ്ങൾ പലതും പഴറ്റിനോക്കിയെങ്കിലും പന്ത് വലമാത്രം കുലുക്കിയില്ല.
ആവേശത്തിെൻറ അധികസമയം
എക്സ്ട്രാടൈമിൽ നാലാം സബ്സ്റ്റിറ്റ്യൂഷൻ അനുവദിച്ചുകൊണ്ടുള്ള ഫിഫയുടെ തീരുമാനം പോർച്ചുഗൽ കോച്ച് മുതലെടുത്തു. അധികസമയത്തെ ആദ്യ പകുതി ചിലിയൊന്ന് പതുങ്ങിയാണ് കളിച്ചത്. എന്നാൽ, പതുങ്ങിയത് കുതിക്കാനാണെന്ന് രണ്ടാം പകുതിയിൽ പോർചുഗലിന് ബോധ്യമായി. വിദാൽ-വർഗാസ്-സാഞ്ചസ് സഖ്യം ഏതുനിമിഷവും ഗോളടിക്കുമെന്നനിലയിൽ ആർത്തിരമ്പി. 119ാം മിനിറ്റിൽ വിദാലിെൻറ ബുള്ളറ്റ് ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചത് മാർട്ടിൻ റോഡ്രിഗസിെൻറ മുന്നിലേക്കായിരുന്നു. റീബൗണ്ട് ബോൾ റോഡ്രിഗസ് പോസ്റ്റിലേക്കടിച്ചെങ്കിലും വീണ്ടും ബാറിൽതട്ടി തിരിച്ചുവന്നു. ചിലിയുടെ നിർഭാഗ്യത്തിെൻറ അങ്ങേയറ്റം.
എന്നാൽ, അർഹിച്ച ജയം ചിലിയെ തേടിയെത്തിയത് ബ്രാവോയിലൂടെയായിരുന്നു. കളി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ ചിലിയുടെ ക്യാപ്റ്റൻ ബ്രാവോ ഗ്ലൗവണിഞ്ഞ് ആകാശേത്തക്ക് നോക്കി. ചിലിക്കായി ആദ്യ കിക്കെടുത്ത വിദാൽ പന്ത് വലയിലെത്തിച്ചു. എന്നാൽ, ക്വാറസ്മയുടെ കിക്കിന് ബ്രാവോയുടെ മുന്നിൽ പിഴച്ചു. പിന്നാലെ മൗട്ടിന്യോയും നാനിയും ബ്രാവോയുടെ മികവിനുമുന്നിൽ തലകുനിച്ചപ്പോൾ, അവസാന കിക്കെടുക്കാൻ തയാറായിനിന്ന ക്രിസ്റ്റ്യാനോ നോക്കിനിൽക്കെ ചിലി ഫൈനലിലേക്ക് മാർച്ചുചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.